Breaking NewsKERALANEWSTop News

56 വയസ്സുള്ള ഫാ. റോബിൻ വടക്കാഞ്ചേരി ആവശ്യപ്പെടുന്നത് 21കാരിയായ തന്റെ ഇരയെ വിവാഹം കഴിക്കണമെന്ന്; സഭയും രൂപതയും മാന്യതയുണ്ടെങ്കിൽ ചെയ്യേണ്ടത് ആ പെൺകുട്ടിക്ക് മാന്യമായി ജീവിക്കാൻ അവസരമൊരുക്കുകയാണ്; രൂക്ഷ വിമർശനമുയർത്തി സിസ്റ്റർ ലൂസി കളപ്പുര

തെറ്റുകൾ ചെയ്ത ശേഷമാണ് പല വൈദികരും ആൾത്താരയിൽ നിന്ന് പ്രസംഗിക്കുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിലാണ് സിസ്റ്റർ ലൂസി കത്തോലിക്കാ സഭക്കും വൈദികർക്കുമെതിരെ ആഞ്ഞടിച്ചത്. കൊട്ടിയൂർ പീഡന കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണമെന്ന ഫാദർ റോബിൻ വടക്കാഞ്ചേരിയുടെ ഹർജി സംബന്ധിച്ച ചർച്ചയിലായിരുന്നു സിസ്റ്റർ ലൂസിയുടെ വിമർശനം. സഭയും ഇടവകയും ഫാദർ റോബിൻ വടക്കാഞ്ചേരിയെ സംരക്ഷിക്കുന്ന നിലപാട് ശരിയല്ലെന്നും അവർ പറഞ്ഞു.

പല വൈദികരും തെറ്റുകൾ ചെയ്ത ശേഷമാണ് ആൾത്താരയിൽ നിന്ന് പ്രസംഗിക്കുന്നത്. അവർ തന്നെ വിശ്വാസികളെ കൊണ്ട് കുമ്പസാരിപ്പിക്കുന്നു എന്നും സിസ്റ്റർ ലൂസി പറഞ്ഞു. തെറ്റുകളെ മൂടിവയ്ക്കരുത്. ശക്തമായ ഇടപെടലുണ്ടാവണം. കൊട്ടിയൂർ കേസിൽ ഡിഎൻഎ ടെസ്റ്റ് നടത്തിയില്ലായിരുന്നു എങ്കിൽ റോബിൻ പിടിക്കപ്പെടില്ല. മറ്റുള്ള പലരും ഇത്തരത്തിൽ രക്ഷപ്പെടുന്നുണ്ട്. ഡിഎൻഎ ടെസ്റ്റ് നടന്നില്ലെങ്കിൽ ആ കുട്ടി പ്രസവിച്ചത് പോലും ആരും അറിയില്ലായിരുന്നു.

21 വയസ് മാത്രമാണ് ഇരയായ പെൺകുട്ടിയ്ക്ക് ഇപ്പോഴുള്ളത്. ആ പെൺകുട്ടിയെ ആണ് 56 വയസ്സുള്ള പ്രതി റോബിൻ വിവാഹം കഴിക്കണമെന്ന് പറയുന്നത്. പതിനാറ് വയസ്സിലാണ് ആ കുട്ടിയ്ക്ക് എതിരായ അതിക്രമം ഉണ്ടായത്. അതേ ഇരയെയാണ് ഇപ്പോൾ വിവാഹം ചെയ്യാൻ അനുമതി തേടുന്നത്. എന്നാൽ ഇരയായ പെൺകുട്ടിയ്ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് വേണ്ടത്. മാന്യതയുണ്ടെങ്കിൽ അതാണ് കത്തോലിക്ക സഭയും മാനന്തവാടി രൂപതയുമെല്ലാം ചെയ്യേണ്ടിയിരുന്നത്. നീതി ബോധമുണ്ടെങ്കിൽ ആ പെൺകുട്ടിയുടെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്നു കൊണ്ട് ചെയ്യേണ്ടത് അതാണ്. അല്ലാതെ ആ പെൺകുട്ടിയെയും കുടുംബത്തെയും കെണിയിൽപെടുത്തുക അല്ല വേണ്ടതെന്നും സിസ്റ്റർ ലൂസി ചൂണ്ടിക്കാട്ടി. റോബിന്റെ സ്വത്ത് മുഴുവൻ ആ കുട്ടിയ്ക്ക് ലഭിക്കുന്ന നിലയുണ്ടാവണമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കുന്നു.

കൊട്ടിയൂർ പീഡനക്കേസിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിൻ വടക്കുംചേരിയും കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജി നൽകി. നേരത്തേ, പെൺകുട്ടിയും സമാന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്നാണ് റോബിൻ വടക്കുംചേരിയുടെ ആവശ്യം. ജസ്റ്റിസ് വിനീത് സരൺ അധ്യക്ഷനായ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും. വിവാഹം കഴിക്കാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന റോബിൻ വടക്കുംചേരിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയും റോബിൻ വടക്കുംചേരിയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയെ റോബിൻ പീഡിപ്പിക്കുകയായിരുന്നു. 2017 ലാണ് റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കു‍ഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു. കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംചേരി അടക്കമുള്ളവർക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചിരുന്നതാണ്. കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിച്ചതാണ്. കൊട്ടിയൂർ പീഡന കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ ഫാ. ജോസഫ് തേരകവും, സിസ്റ്റർ ബെറ്റിയും നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.

വൈദികൻ റോബിൻ ഉൾപ്പടെയുള്ളവർക്കെതിരെ ഉയരുന്ന ആരോപണം അതീവ ഗൗരവമായി പരിശോധിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ കേസിലെ വിചാരണ സ്റ്റേ ചെയ്യാനാകില്ല. അതേസമയം, വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ഹർജിക്കാരുടെ ഭാഗം പരിശോധിക്കാൻ കോടതി തീരുമാനിച്ചിരുന്നു. കേസിലെ മുഖ്യ പ്രതിയായ ഫാ. റോബിനെ സഹായിക്കാൻ രേഖകളിൽ തിരിമറി നടത്തിയതാണ് ഫാ. തേരകത്തിനെതിരെയുള്ള കുറ്റം. പീഡനത്തിനിരയായ പെൺകുട്ടിയെ ശിശുക്ഷേമ സമിതിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രായം 16 വയസ്സ് എന്നത് 18 വയസ്സാക്കി ഫാ. ജോസഫ് തേരകം എഴുതിച്ചേർത്തു. ഇത് നിസ്സാര കുറ്റമല്ലെന്ന് കോടതി നിരീക്ഷിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close