ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ സംഭവിച്ച വിമാനാപകടത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ച് എഎഐബി. പൈലറ്റ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിക്കാത്തതാണ് കഴിഞ്ഞ വർഷം കോഴിക്കോട് എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിന് കാരണമായത്. അപകടകരമായ ഒരു ഘടകമെന്ന നിലയിൽ വ്യവസ്ഥാപരമായ പരാജയങ്ങളുടെ പങ്ക് കണ്ടില്ലെന്നു നടിക്കാനാവില്ലെന്ന് AAIB അന്വേഷണ റിപ്പോർട്ട്.
2020 ഓഗസ്റ്റ് 7 നാണ് അപകടം നടന്നത്. അപകടം സംഭവിച്ച വിമാനത്തിൽ ഉണ്ടായിരുന്നത് 190 പേരായിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മഴയ്ക്കിടയിൽ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനം റൺവേയെ മറികടന്ന് അപകടത്തിൽ പെടുകയായിരുന്നു.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ട് ഒരു വർഷത്തിന് ശേഷം പുറത്തുവന്ന റിപ്പോർട്ടിൽ, പിഎഫ് (പൈലറ്റ് ഫ്ലൈയിംഗ്) എസ്‌ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം) എന്നിവ പാലിക്കാത്തതാണ് അപകടത്തിന് പ്രധാന കാരണമെന്ന് പറയുന്നു. റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിനിഡ വ്യാഴാഴ്ച പറഞ്ഞിരുന്നു.