KERALANEWSTop News

ഇന്ധനവിലയിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്; കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന്

തിരുവനന്തപുരം: ഇന്ധനവിലയിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരത്തിന്‍റെ തുടർ നടപടികൾ തീരുമാനിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടൻ ജോജുവിന്‍റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ നേതൃത്വം എന്ത് നിലപാട് എടുക്കണമെന്നും ഇന്ന് ചർച്ചയിൽ പരിഗണിക്കും.

അതേസമയം നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുൻ മേയർ ടോണി ചമ്മിണി അടക്കമുളള പ്രതികൾ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. കോടതി റിമാൻഡ‍് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഏഴു ദിവസത്തെ കൊവിഡ് നിരീക്ഷണത്തിനുശേഷം ഇവരെ ജില്ലാ ജയിലിലേക്ക് മാറ്റും. ടോണി ചമ്മിണി, മനു ജേക്കബ്, ജർജസ്, ജോസ് മാളിയേക്കൽ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരണമെന്ന ജോജു ജോർജിന്റെ ഹർജി കോടതി തള്ളിയിരുന്നു.

അതേസമയം ജോജിവിന്റെ വാഹനം തകർത്ത സംഭവത്തിൽ പിടിയിലാകാനുള്ള രണ്ട് കോൺഗ്രസ് പ്രവർത്തകർകൂടി ഇന്ന് കീഴടങ്ങും. യൂത്ത് കോൺഗ്രസ് നേതാക്കളായ പി വൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരാണ് പിടിയിലാകുന്നുള്ളത്. ഇതിനിടെ ജോജുവിനെതിരെ മഹിളാ കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. മഹിളാ കോൺഗ്രസ് നേതാക്കളുടെ പരാതി പരിഗണിക്കാത്ത പൊലീസ് നടപടിക്കെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

ഇന്ധനവില വർധനവിനെതിരെ നടന്ന പ്രതിഷേധത്തിനിടയിൽ ആയിരുന്നു ജോജുവിന്റെ കാറിനു നേരെ ആക്രമണം ഉണ്ടായത്. എന്നാൽ ജോജുവിന്‍റെ കാർ ആക്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് സമരത്തിനിടയിലേക്ക് നടൻ മനപൂർവം നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയെന്നുമാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോടതിയിലും ആവർത്തിക്കാനാണ് നീക്കം.

കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി എത്തിയാണ് കൊച്ചി മുൻമേയർ ടോണി ചമ്മിണിയും കൂട്ടുപ്രതികളായ കോൺ​ഗ്രസ് പ്രവ‍ത്തകരും കീഴടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികൾ കീഴടങ്ങിയത്.

ഇതിനിടെ റോഡുതടഞ്ഞുളള സിനിമാ ഷൂട്ടിങ്ങുകൾ തടയുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും വാഹനഗതാഗതം തടസപ്പെടുത്തിക്കൊണ്ടുമുള്ള സിനിമ ചിത്രീകരണം അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. സര്‍ക്കാര്‍ ഓഫീസുകളടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ടുള്ള ചിത്രീകരണവും തടയും. ലൊക്കേഷനുകളില്‍ ബൗണ്‍സര്‍മാരെയും ഗുണ്ടകളെയും ഉപയോഗിച്ച് ഷൂട്ടിങ്ങ് നടത്തുന്നത്. ഇതിനെതിരെ പരാതികള്‍ വ്യാപകമാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷൂട്ടിങ്ങുകള്‍ മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രചാരണവും പ്രക്ഷോഭവും ശക്തമാക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനഗതാഗതം തടഞ്ഞുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിങ് തടസപ്പെടുത്തിയിരുന്നു.

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കോൺഗ്രസും ആലോചിക്കുകയാണ്. സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരുകുകയാണ്. നടൻ ജോജുവിന്‍റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കണമെന്നും ചർച്ച ചെയ്യും. ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്ത വി.ഡി.സതീശന്‍റെ നടപടിയിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശൻ എതിർക്കുന്നുണ്ട്. എന്നാൽ തെരുവിൽ സമരം ശക്തമാക്കാൻ തന്നെയാണ് സുധാകരന്‍റെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close