KERALANEWS

ചക്രസ്തംഭന സമരത്തിന് പിന്നാലെ ദ്വിമുഖ സമരം; ഇന്ധനവില വർധനവിൽ വീണ്ടും പ്രതിഷേധം ആളിക്കത്തിക്കാനൊരുങ്ങി കോൺഗ്രസ്; നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഇന്ധന വില കുറയ്ക്കാതെ സർക്കാരുകൾക്കെതിരെ ദ്വിമുഖ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി അറിയിപ്പ് ഇങ്ങനെ

ജനരോഷം ആളിക്കത്തിയിട്ടും ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് രാവിലെ 11ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിക്കും.

ഒരു നിയോജക മണ്ഡലത്തിലെ ഒരു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കേന്ദ്ര ഗവണ്‍മെന്റ് ഓഫീസിന് മുന്നിലും രണ്ടാമത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ ഓഫീസിനു മുന്നിലുമാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. 140 കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്നിലും 140 സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും സമരങ്ങള്‍ അരങ്ങേറും. ഇന്ധന വില കുറക്കാത്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ദ്വിമുഖ സമരം നടത്തുന്നത്.

സംസ്ഥാന സർക്കാർ ഇന്ധനനികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ സംസ്ഥാനവ്യാപക ചക്രസ്തംഭന സമരം സംഘടിപ്പിച്ചിരുന്നു. രാവിലെ 11 മുതൽ ആരംഭിച്ച സമരം കാൽ മണിക്കൂർ നീണ്ടുനിന്നു. ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം നടത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരുന്നു സമരം.

പാലക്കാട്ട് കോൺഗ്രസ് നേതാക്കളും പൊലീസുമായി ഉന്തും തള്ളും. വി.കെ.ശ്രീകണ്ഠന്‍ എംപിയും പൊലീസുമായി വാക്കുതര്‍ക്കവും ഉണ്ടായി. സമരം തടഞ്ഞതാണ് പ്രകോപനമുണ്ടാക്കിയെന്ന് എം പി പ്രതികരിച്ചു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് സമരം ഉദ്ഘാടനം ചെയ്തത്. പാലക്കാട്ടെ സമരത്തിൽ സംഘർഷം സ്വാഭാവികമെന്ന് സുധാകരൻ പ്രതികരിച്ചു. സമരത്തില്‍ രമ്യ ഹരിദാസ് എംപി അടക്കം പങ്കെടുത്തു.

കൊച്ചിയിൽ ദേശീയപാത ഉപരോധത്തിനിടെ നടൻ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്ന് വിമർശനങ്ങൾ ഉയർന്നെങ്കിലും പിന്നാലെ കേന്ദ്രം ഇന്ധനവില കുറച്ചത് കോൺഗ്രസിന് കരുത്തായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെയുള്ള ചക്രസ്തംഭന സമരത്തിന് കെ.സുധാകരൻ ആണ് നേതൃത്വം നൽകിയത്. കൊച്ചിയില്‍ ചക്രസ്തംഭന സമരം മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്തെ സമരത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്തില്ല. കോഴിക്കോട് ചക്രസ്തംഭന സമരം ഉദ്ഘാടനം വൈകി. സമരം ഉദ്ഘാടനം ചെയ്യേണ്ട കെ മുരളീധരന്‍ എംപി ട്രാഫിക് ബ്ലോക്കില്‍ പെട്ടതോടെയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത് വൈകിയത്.

ഉദ്ഘാടനം വൈകിയെങ്കിലും 11 മണിക്ക് ചക്രസ്തംഭന സമരം ആരംഭിക്കുകയും 15 മിനുട്ടിന് ശേഷം സമരം അവസാനിപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു.

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കുന്നതുവരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

18,355 കോടി രൂപയാണ് ഇന്ധനനികുതിയിനത്തില്‍ സര്‍ക്കാരിനു ലഭിച്ചത്. മോദി സര്‍ക്കാര്‍ ഇന്ധന വിലയും നികുതിയും കൂട്ടിയപ്പോള്‍ അതിനോടൊപ്പം സംസ്ഥാന നികുതി കൂട്ടിയും കേന്ദ്രത്തിന്റെ കൊള്ളമുതലില്‍ പങ്കുപറ്റി. അധികാരം ഇവരെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close