Breaking NewsKERALANEWSTop News

ശമ്പളം നൽകാൻ പണവും പദ്ധതിയുമില്ല; കെഎസ്ആർടിസി ജീവനക്കാരുടെ ജീവിതം തീരാദുരിതത്തിൽ; ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്ടി എംപ്ലോയിസ് സംഘ്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ബിഎംഎസ്. ഇന്ന് യൂണിറ്റ് തലങ്ങളിൽ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. നാളെ മുതൽ ചീഫ് ഓഫീസിന് മുന്നിലും യൂണിറ്റ് ഓഫീസുകൾക്ക് മുന്നിലും ശമ്പളം കിട്ടുന്നത് വരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. ഡിസംബർ പകുതി കഴിഞ്ഞിട്ടും നവംബറിലെ ശമ്പളം കിട്ടാതായതോടെ കെഎസ്ആർടിസി ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സർക്കാാരിൽ നിന്നും പണം ലഭിക്കാതെ ശമ്പളം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് സിഎംഡി. സർക്കാർ ആകട്ടെ പണം നൽകാൻ തങ്ങളുടെ കയ്യിൽ പണമില്ലെന്ന നിലപാടിലും. ഇതിനിടയിൽ നട്ടം തിരിയുന്നത് 26,000ത്തോളം വരുന്ന ജീവനക്കാരാണ്.

ലോകത്ത് മറ്റൊരിടത്തുമില്ലാത്ത ദുരവസ്ഥയാണ് സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്കുള്ളത്. ഡിസംബർ മാസം 16 ആയിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടാതെ നട്ടംതിരിയുകയാണ് ഈ നിർഭാ​ഗ്യ ജന്മങ്ങൾ.തങ്ങൾക്ക് കഴിവില്ലാഞ്ഞിട്ടോ വിദ്യാഭ്യാസം ഇല്ലാത്തതിനാലോ അവസരം ലഭിക്കാത്തതോ അല്ല കെ എസ് ആർ ടി സി ജീവനക്കാരുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെയും അർപ്പണ ബോധമുള്ള ഒരു മാനേജ്മെന്റിന്റെയും അഭാവമാണ് കേരളത്തിലെ പൊതു​ഗതാ​ഗത സംവിധാനത്തിന്റെ ഭാ​ഗമായി നൽക്കുന്ന തൊഴിലാളികളുടെ കണ്ണുനീരിനും കഷ്ടപ്പാടിനും കാരണം.

കെഎസ്ആർടിസി കണ്ടക്ടർമാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോ​ഗ്യത പ്ലസ്ടുവാണ്. എന്നാൽ, ബിരുധധാരികളും ബിരുദാനന്തര ബിരുദധാരികളും എംഎഫില്ലുകാരും പിഎച്ച്ഡി എടുത്തവരും എംബിഎ പാസായവരും എംസിഎക്കാരും ഉൾപ്പെടെ നിരവധി പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ക്ലറിക്കൽ തസ്തികയിലും സമാനാമായ സാഹചര്യമാണ്. കമ്പനി ബോർഡ് കോർപ്പറേഷൻ എൽഡി ക്ലർക്ക് തസ്തികകളിലേക്ക് പിഎസ് സി നടത്തുന്ന പരീക്ഷയിൽ ആദ്യ റാങ്കുകൾ കിട്ടുന്നവരെയാണ് കെഎസ്ആർടിസിയിലേക്ക് നിയമിക്കുന്നത്. ഡ്രൈവറായി നിയമിക്കപ്പെടാൻ എട്ടാം ക്ലാസും ഹെവിലൈസൻസും ആറു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. എന്നാൽ ഇതിലും വരുന്നത് മികച്ച വിദ്യാഭ്യാസം നേടിയവരാണ്.

ഈ അടുത്ത കാലത്ത് കെ എസ് ആർ ടി സി ചീഫ് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പരിഷ്കരണത്തിന്റെ ഭാ​ഗമായി പഴയ ആൾക്കാരെ മാറ്റി പുതിയ ജീവനക്കാരെ എടുത്തപ്പോൾ വന്നതും എംബിഎക്കാരും എംസിഎക്കാരും ഉൾപ്പെടെയുള്ളവരായിരുന്നു. ഇത്രയും യോ​ഗ്യതയുള്ളവരാണ് കഴിഞ്ഞ ഒരുമാസം ജോലി ചെയ്ത ശമ്പളത്തിനായി ഈ മാസം 16 ദിവസമായിട്ടും കാത്തിരിക്കേണ്ട ​ഗതികേടിലുള്ളത്.

നിത്യജീവത്തിന് വക കണ്ടെത്തുക എന്നത് മാത്രമല്ല, കെ എസ് ആർ ടി സി ജീവനക്കാർ ശമ്പളം വൈകുന്നതിലൂടെ നേരിടുന്ന പ്രശ്നങ്ങൾ. വൈദ്യുതി ബിൽ ഉൾപ്പെടെ ബാങ്ക് ലോണും കെ എസ് എഫ് ഇ ചിട്ടിയും സഹിതം സകല തിരിച്ചടവുകളും വരുന്നത് മാസത്തിലെ ആദ്യ പത്ത് ദിവസത്തിനുള്ളിലാണ്. അഞ്ചാം തീയതി ലോൺ അടവ് മുടങ്ങിയാൽ എസ് ബി ഐ ഉൾപ്പെടെ ചെക്ക് ബൗൺസാകുന്നതിന് പ്രത്യേക ചാർജ്ജ് ഈടാക്കും ഇത്തരത്തിൽ ആയിരം രൂപയാണ് തവണ അടവ് മുടങ്ങുന്നത് വഴി കെഎസ്ആർടിസി ജീവനക്കാർക്ക് നഷ്ടമാകുന്നത്.

സിവിൽ സ്കോറിൽ ഏറ്റവും ഒടുവിലെത്തുന്നവരായി കെഎസ്ആർടിസി ജീവനക്കാർ മാറുകയാണ്. ലോൺ യഥാസമയം തിരിച്ചടക്കാൻ ശേഷിയില്ലാത്തവർ എന്നാണ് ഇപ്പോൾ ബാങ്കുകാരും കെഎസ്ആർടിസി ജീവനക്കാരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു ഭവന വായ്പ പോലും ലഭിക്കാത്ത സാഹചര്യമാണ് ഈ ജീവനക്കാർക്ക്.

9ാം തീയതി ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിനെ നിസ്സാരവൽകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു വാതോരാതെ സംസാരിച്ചിരുന്നു. ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് ഉറപ്പുനല്കിയപ്പോഴും ശമ്പളം എപ്പോൾ നൽകുമെന്ന് വ്യക്തമാക്കാതെയായിരുന്നു അന്നത്തെ മന്ത്രിയുടെ വാർത്താസമ്മേളനം. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 9 തീയതി ആയിട്ടും നൽകിയില്ലല്ലോ എന്ന ചോദ്യത്തിന് അന്ന് മന്ത്രി നൽകിയത് അമ്പരപ്പിക്കുന്ന മറുപടിയായിരുന്നു. ഈ മാസം 9 അല്ലെ ആയുള്ളൂ ഇനിയും 21 ദിവസമുണ്ടല്ലോ എന്നായിരുന്നു മന്ത്രിയുടെ വിചിത്ര മറുപടി. അപ്പോഴിതാ ഒസം പകുതി ആയിരിക്കുന്നു. തൊഴിലാളികളുടെ പാർട്ടി ഭരിക്കുന്ന സർക്കാർ ഇന്നും തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടില്ല. ഇനി കെഎസ്ആർടിസി എന്ന വിഭാ​ഗത്തെ തൊഴിലാളികൾ എന്ന ​ഗണത്തിൽ പെടുത്താത്തതാണോ എന്നും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.

പത്തു വർഷത്തെ ഇടവേളക്കു ശേഷം ശമ്പളം പുതുക്കിയ പരിഷ്കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ സംഘടനകളുമായുള്ള ചർച്ചയ്ക്കുശേഷം അടിസ്ഥാന ശമ്പളം 23,000 രൂപയായി നിശ്ചയിച്ചു. നേരത്തെ ഇത് 8730 രൂപ ആയിരുന്നു. 11 സ്‌കെയിലുകളായി തിരിച്ചാണ് വർദ്ധന. അംഗീകൃത ട്രേഡ് യൂണിയനുകളും മാനേജ്മെന്റും ഈ മാസത്തിനു മുൻപ് കരാറിൽ ഒപ്പിടണം. ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത ഒഴിവാക്കാൻ വരുമാനം വർദ്ധിപ്പിക്കുമെന്നു മന്ത്രി വ്യക്തമാക്കി. എന്നാൽ ഇതൊന്നും നടപ്പായിട്ടില്ല എന്നാതാണ് സത്യം.

ഡ്രൈവർമാർക്ക് അധിക ക്ഷാമബത്ത നടപ്പാക്കും, അന്തർസംസ്ഥാന ദീർഘദൂര സർവീസുകളിൽ ക്രൂ ചെയ്ഞ്ച് സംവിധാനം ഏർപ്പെടുത്തും. വനിതാ ജീവനക്കാർക്ക് ഒരു വർഷം വരെ പ്രസവ അവധിയും 5000 രൂപ ചൈൽഡ് കെയർ അലവൻസും നൽകും. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് 50% ശമ്പളത്തോടൊപ്പം 5 വർഷംവരെ അവധി നൽകും. ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരണം സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കും എന്നൊക്കെ വാ​ഗ്ദാനങ്ങൾ.

മറ്റു സർക്കാർ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് കെഎസ്ആർ‌ടിസി ജീവനക്കാർക്ക് ശമ്പളം കുറവാണെന്നു മന്ത്രി പറഞ്ഞു. സർക്കാർ തീരുമാനം അംഗീകരിക്കാൻ സംഘടനകൾക്കും മാനേജ്മെന്റിനും ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയ മന്ത്രി ഇന്ന് പ്രതികരിക്കുന്നില്ല. വിഷയം അറിഞ്ഞതായേ ഭാവിക്കുന്നില്ല. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പല വാ​ഗ്ദാനങ്ങളും നൽകി എന്നാല്ലാതെ ഒന്നു പോലും പ്രവർത്തിച്ച് കാണിച്ചില്ല.

പ്രതികരിക്കാൻ പോലും ഭയന്ന് ജീവനക്കർ

കെഎസ്ആർടിസിയിലെ ശമ്പളം മുടങ്ങിയതിനെതിരെ പ്രതികരിക്കാൻ ഇതുവരെ സിപിഎം അനുകൂല സംഘടനയായ സിഐടിയു തയ്യാറായിട്ടില്ല. സിഐടിയു യൂണിയനിൽ നിൽക്കുന്ന തൊഴിലാളികൾ പരസ്യമായി പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ല. സിഐടിയു യൂണിയനിലാണെന്ന കാരണവും പരസ്യ പ്രതികരണത്തിന് മുതിർന്നാൽ അധികാരികൾ പ്രതികാര നടപടി സ്വീകരിക്കുമോ എന്ന ഭയവുമാണ് തൊഴിലാളികളെ ക്യാമറയുടെ മുന്നിലെത്തുന്നതിൽ നിന്നും വിലക്കുന്നത്. മീഡിയ മം​ഗളം പ്രതിനിധികൾ കോട്ടയം കെ എസ് ആർ ടി സി ഡിപ്പോയിൽ തൊഴിലാളികളുടെ പ്രതികരണം ആരാഞ്ഞെത്തിയപ്പോൾ കണ്ടത് വിചിത്രമായ കാഴ്ച്ചകളായിരുന്നു.

ലോകത്ത് മറ്റൊരിടത്തുമില്ലാത്ത ദുരവസ്ഥയാണ് സംസ്ഥാനത്തെ കെഎസ്ആർടിസി ജീനക്കാർ അനുഭവിക്കുന്നത്. ഡിസംബർ മാസം 16 ആയിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് അവർ. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെയും അർപ്പണ ബോധമുള്ള ഒരു മാനേജ്മെന്റിന്റെയും അഭാവത്തിൽ കേരളത്തിലെ പൊതു​ഗതാ​ഗത സംവിധാനത്തിന്റെ ഭാ​ഗമായി നൽക്കുന്ന തൊഴിലാളികൾ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും പടുകുഴിയിൽ നിൽക്കുമ്പോഴും അവർ ഒരു തുറന്ന പ്രതികരണത്തിന് തയാറാകുന്നില്ല എന്നതാണ് വസ്തുത.

വലിയ പ്രതിസന്ധിയിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് ജീവനക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും അത് തുറന്ന് പറയാൻ ഭൂരിഭാഗം പേരും മടിക്കുന്ന കാഴചയാണ് കോട്ടയം കെഎസ്ആർടിസിയിൽ കാണാൻ കഴിയുന്നത്. പലരുടെയും വായ്പകൾ മുടങ്ങി. നിത്യവൃത്തിക്ക് പോലും കയ്യിൽ പണില്ലാത്ത അവസ്ഥ. കൈയിൽ പണമില്ലാത്തതുകൊണ്ടു മാത്രം ദിവസങ്ങളായി സ്വന്തം കുടുംബത്തിലേക്ക് പോകാതെ മക്കളെ ഞെഞ്ചോട് ചേർക്കാതെ അമ്മമ്മയെയോ ഭാര്യയെയോ കാണാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ് ഓരോരുത്തരും. പരസ്പരം കടം വാങ്ങി ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കേണ്ടി വരുന്ന ഗതികേട്. പലരും ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുമ്പോഴും ആരും തുറന്ന പ്രതികരണത്തിനോ ഉറച്ച ശബ്ദത്തിനോ മുന്നോട്ട് വരുന്നില്ല. കാരണം ജീവനക്കാരെല്ലാം ഭരണകൂടത്തെ ഭയക്കുന്നു എന്ന സത്യം പരസ്യമായൊരു രഹസ്യമാണ്.

ഡിസംബർ 16 ആയിട്ടും ശമ്പളം ലഭിക്കാത്തതിൽ അങ്ങേയറ്റത്തെ പ്രതിഷേധവും നിസ്സഹായതയും ഉണ്ടെങ്കിലും തങ്ങൾ യൂണിയന്റെ ഭാഗമായതിനാൽ പ്രതികരിക്കാൻ ആകില്ലെന്നാണ് കോട്ടയത്തെ ഒട്ടു മിക്ക കെഎസ്ആർടിസി ജീവനക്കാരുടെയും പ്രതികരണം. ” ഞാൻ സിഐടിയുവിന്റെ ഭാഗമാണ് , ഞാൻ പ്രതികരിക്കുന്നത് ശരിയാണോ ” എന്നാണ് ഒരു ജീവനക്കാരൻ പ്രതികരിച്ചത്. “ശമ്പളം മുടങ്ങി പക്ഷെ ഈ വിഷയത്തിൽ എനിക്കൊന്നും പറയാനില്ലെ”ന്നും മറ്റൊരു ജീവനക്കാരൻ പ്രതികരിക്കുന്നു. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് സംഘടനയ്ക്ക് മുകളിലല്ല തൊഴിലാളികളുടെ കണ്ണീരും കഷ്ടപ്പാടും എന്നാണ്. എത്ര കൊടിയ പട്ടിണിയിൽ ആണെങ്കിലും സംഘടനക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ശബ്ദമുയർത്താൻ ആകില്ലെന്ന് അവർ നിശബ്ദമായി പറയുന്നു.

” ശമ്പളം കിട്ടുന്നില്ല പക്ഷെ ഞങ്ങൾക്ക് ആർക്കും പരാതിയില്ല , ഞങ്ങൾ ആരും പരസ്പരം ഒന്നും പറയാറില്ല .. അങ്ങോട്ടുമിങ്ങോട്ടും കടം വാങ്ങിയാണ് കഴിയുന്നത്, ഇനി നിങ്ങൾക്ക് മറുപടി വേണമെങ്കിൽ ബിഎംഎസിലെ ആരെയെങ്കിലും കാണണം ” എന്നാണ് പ്രധാന യൂണിയൻ നേതാവിന്റെ പ്രതികരണം. എന്നാൽ കെ എസ് ടി എംപ്ലോയിസ് സംഘിലെ ആരെയും കാണിച്ച് തരാൻ അവർ തയാറല്ല. കാരണം അവർ പ്രതികരിക്കുമെന്ന് സിഐടിയു നേതാക്കൾക്ക് വളരെ വ്യക്തമായി തന്നെ അറിയാം. അവർക്ക് ഭരണകൂടത്തെ ഭയക്കേണ്ടതില്ല. നിലവിൽ അനുഭവിക്കുന്ന ദുരിതത്തിനെതിരെ അവരുടെ ശബ്ദം ഉയരും. പട്ടിണിയിലും സ്വന്തം പ്രസ്ഥാനത്തെ കാക്കാൻ നെട്ടോട്ടമോടുന്ന ചില നിർഭാഗ്യ ജന്മങ്ങൾ , അതാണ് കെഎസ്ആർടിസി ജീവനക്കാരുടെ ജീവിതമിപ്പോൾ.

മാനേജ്‌മെന്റിനെതിരെ എങ്ങനെ സംസാരിക്കുമെന്ന് തുറന്ന് ചോദിക്കുന്ന നിസ്സഹരായ മനുഷ്യർ. അവരുടെയെല്ലാം ആശങ്ക മാനേജ്‌മെന്റിനെതിരെ സംസാരിച്ചാൽ ലഭിക്കാനിരിക്കുന്ന ശമ്പളം കൂടി ഇല്ലാതാകുമോ എന്നാണ്. ജീവനക്കാരെ ദുരിതക്കയത്തിൽ നിന്നും രക്ഷിക്കാൻ അവരുടെ ശബ്ദമാകാൻ മാധ്യമങ്ങൾ സമീപിക്കുമ്പോഴും എല്ലാ ജീവനക്കാരുടെയും കണ്ണിൽ തെളിയുന്നത് ഭയമാണ്. ഒപ്പം അതിലേറെ ആശങ്കകളും. ഒന്നുറക്കെ പ്രതികരിക്കാൻ പോലും സാധിക്കാതെ മാനേജ്മെന്റിനെയും ഭരണകൂടത്തിന്റെയും സമ്മർദ്ദത്തിൽ ഇന്നോ നാളെയോ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളെണ്ണി എണ്ണി കഴിയുകയാണ് കോട്ടയം കെഎസ്ആർടിസിയിലെ ജീവനക്കാർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close