Breaking NewsKERALANEWSTop News

കോവിഡിന് മുമ്പ് ആയിരം രൂപ ബസ് ഫീസിനത്തിൽ നൽകിയ വിദ്യാർത്ഥികൾ പോലും നൽകേണ്ടി വരിക 3,750 രൂപ മുതൽ 5,000 രൂപ വരെ; വാർത്തകളെ വ്യാജമെന്ന് കെഎസ്ആർടിസി തള്ളുമ്പോഴും വസ്തുതകൾ ഇങ്ങനെ

തിരുവനന്തപുരം: ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക. സ്കൂൾ ബസുകളിൽ 1000 രൂപ പ്രതിമാസം നൽകി യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികൾ കെഎസ്ആർടിസിയുടെ ബസ് ഓൺ ഡിമാൻഡ് പദ്ധതി പ്രകാരം സ്കൂളിലേക്കെത്താൻ നൽകേണ്ടി വരിക 3,750 രൂപ മുതൽ അയ്യായിരം രൂപ വരെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മീഡിയ മം​ഗളം വാർത്ത ചെയ്തതിന് പിന്നാലെ കെഎസ്ആർടിസി വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നെങ്കിലും ഈ വർധനവ് എങ്ങനെ വരുന്നു എന്നത് സംബന്ധിച്ച് ഒന്നും പറയുന്നില്ല.

കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവ്വീസ് അമിത തുക ഈടാക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന നിലപാടിലാണ് കെ എസ് ആർ ടി സി. കെഎസ് ആർടിസി ബസ് ഒരു ദിവസം പൂർണ്ണമായി ഉപയോഗിക്കേണ്ടതായി വരുന്നതിനാലും ഏറ്റവും തിരക്കേറിയ സമയത്ത് ഇത് നൽകുന്നത് കൊണ്ടും മിനിമം കിലോമീറ്റർ സർവീസ് നടത്താൻ വേണ്ട ചിലവ് മാത്രം ആണ് മിനിമം കി.മീ. ൽ വരുന്നത്. ഇത് എടുത്താണ് 10 കിലോമീറ്റർ എന്ന് തെറ്റായി നൽകി പർവ്വതികരിച്ചതെന്ന് കെഎസ്ആർടിസി ഇറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു. എന്നാൽ, പത്ത് കിലോമീറ്ററിന്റെ കണക്കല്ല, മറിച്ച് ആദ്യ 100 കിലോമീറ്റർ വരെ ഒരു മാസത്തേത്ത് സ്കൂളുകൾ നൽകേണ്ടത് 1,50,000 രൂപയാണെന്ന് ഇന്ന് കോർപ്പറേഷൻ ഇറക്കിയ ഉത്തരവിൽ വ്യക്തമാണ്. 40 വിദ്യാർത്ഥികളെ മാത്രമേ കയറ്റാൻ പറ്റുള്ളൂ എന്നും ഇതേ ഉത്തരവിൽ പറയുന്നു.

കെഎസ്ആർടിസിയുടെ വിശദീകരണം ഇങ്ങനെ..

കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവ്വീസ് അമിത തുക ഈടാക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് കെ എസ് ആർ ടി സി അറിയിച്ചു . കെഎസ് ആർടിസി ബസ് ഒരു ദിവസം പൂർണ്ണമായി ഉപയോഗിക്കേണ്ടതായി വരുന്നതിനാലും ഏറ്റവും തിരക്കേറിയ സമയത്ത് ഇത് നൽകുന്നത് കൊണ്ടും മിനിമം കിലോമീറ്റർ സർവീസ് നടത്താൻ വേണ്ട ചിലവ് മാത്രം ആണ് മിനിമം കി.മീ. ൽ വരുന്നത്. ഇത് എടുത്താണ് 10 കിലോമീറ്റർ എന്ന് തെറ്റായി നൽകി പർവ്വതികരിച്ചത്. അടുത്ത സ്ലാബ് മുതൽ കുറഞ്ഞ് നിരക്ക് കുറഞ്ഞ് 200 കി മി എന്നുമ്പോൾ വെറും 50 രൂപയാണ് കി.മീ. നിരക്കായി വരുന്നത്.

തെറ്റായി ഇല്ലാത്ത 10 കിലോ മീറ്റർ ചാർജ് 6000 രൂപ എന്ന തരത്തിൽ വാർത്ത വന്നത് തെറ്റിധാരണ പരത്തുവാൻ വേണ്ടി ആണ്. ദിവസേന 100 കി.മി, 25 കി.മീ. വീതം 4 ട്രിപ്പ് രാവിലെയും വൈകിട്ടും, നൽകുന്നതിനാണ് ആണ് 7500 രൂപ സർവീസ് നടത്തുന്ന ദിവസം ഈടാക്കുക. സ്കൂൾ ബസിന് പകരമാണ് ഇത് നൽകുന്നത് എന്നതിനാൽ നിലവിൽ സ്ഥാപനങ്ങൾ കുട്ടികളിൽ നിന്നും ഈടാക്കുന്ന തുകയെക്കാൾ വളരെ കുറവാണ് ഫലത്തിൽ ഇ നിരക്കുകൾ.

ഇത് കൂടാതെ നിലവിൽ നൽകിയ ബസ് ഉപയോ​ഗിച്ച് പിന്നീട് അധിക ട്രിപ്പ് നടത്തുന്നതിന് 100 കിലോമീറ്ററിന് മുകളിലുളള ട്രിപ്പിന് 65 രൂപയും 140 കി.മീ മുകളിലുള്ളവയ്ക്ക് 60 രൂപയും 160 കി.മീ മുകളിൽ 50 രൂപയും 200 കിമീ മുകളിൽ 45 രൂപയും എന്ന നിരക്കിലാണ് ട്രിപ്പുകൾ നൽകുന്നത്.

സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി നേരിട്ട് വരുന്ന ചെലവുകൾ മാത്രം കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. എത്ര സീറ്റ് കൂടിയ ബസ് നൽകിയാലും (48 സീറ്റർ ബസ്) 40 കുട്ടികൾക്ക് 20 ദിവസം എന്ന കണക്കിൽ പ്രതിമാസ തുക മാത്രം മുൻകൂർ അടച്ചാൽ മതി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്. പ്രതിദിന ചാർജിന്റെ ടിക്കറ്റ് നൽകി ബോണ്ട് ബസ് നൽകുന്നത് സ്കൂളുകൾക്കും രക്ഷകാക്കൾക്കും ലാഭകരവും വിദ്യാർഥികൾക്ക് ആശ്വാസകരവും ആണ്.

സ്കൂളിന് ടാക്സ്, ഡ്രൈവറുടെ ശമ്പളം, ടയർ, സ്പെയർ പാർട്സ്, ഡീസൽ , ജീവനക്കാർക്ക് വേണ്ടി അടക്കേണ്ടേ അംശംയാദം തുടങ്ങിയ ഒരു ബാധ്യത പോലും വരുന്നില്ല. ഇ കാര്യങ്ങൾ ഒന്നും ഇല്ലാതെ ആണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നത്. ഒരു ബസിന് പകരം എന്തെങ്കിലും സാഹചര്യത്തിൽ ബ്രേക്ക്‌ ഡൌൺ ഉൾപ്പടെ ആയാൽ ആവിശ്യതിന് അനുസരിച്ചു ഡ്രൈവർ മാരും ബസുകളും കെ എസ് ആർ ടി സി ക്ക് ഉണ്ട്. അത് കൊണ്ട് ഒരു കാരണവശാലും സർവീസുകൾ മുടങ്ങില്ല. മറിച്ചുള്ള തെറ്റിധാരണാ ജനകമായ വാർത്തകൾ പൊതുജനം തള്ളിക്കളയണമെന്നും കെ എസ് ആർ ടി സി അഭ്യർത്ഥിച്ചു.

ഇത് സംബന്ധിച്ച് മീഡിയ മം​ഗളം പ്രസിദ്ധീകരിച്ച വാർത്ത ചുവടെ

തിരുവനന്തപുരം: സ്കൂളുകളിലേക്കും കോളജുകളിലേക്കും കെഎസ്ആർടിസിയുടെ ബസ് ഓൺ ഡിമാൻഡ് സർവീസ് വൻ പകൽക്കൊള്ള. വലിയ തുകയാണ് ഓരോ വിദ്യാർത്ഥിയും കെഎസ്ആർടിസി ബസിന്റെ ബസ് ഓൺ ഡിമാൻഡ് പദ്ധതിയിൽ യാത്രാപ്പടിയായി നൽകേണ്ടി വരിക. 40 വിദ്യാർത്ഥികൾക്ക് ഒരു ബസ് എന്ന നിലയിൽ പ്രതിമാസം 20 ദിവസത്തേക്കാണ് ബസുകൾ അനുവദിക്കുക എന്നാണ് ഇന്ന് കെഎസ്ആർടിസി സിഎംഡി ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഓരോ ബസുകളുടെയും വാടക സംബന്ധിച്ചും ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. ഇതനുസരിച്ച് 3,750 രൂപ മുതൽ 5,000 രൂപ വരെ ഓരോ കുട്ടിക്കും യാത്രക്കായി ചിലവാകും.

ബസുകൾ ഓ‌ടുന്ന ദൂരം അനുസരിച്ച് പ്രതിമാസം (20 ദിവസത്തേക്ക്) 100 കി.മീ. വരെ 1,50,000 രൂപയും, 101 കിലോമീറ്റർ മുതൽ 120 കി.മീ. വരെ 1,60,000 രൂപയും, 121 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെ 1,70,000 രൂപയും, 141 കിലോമീറ്റർ മുതൽ 160 കിലോമീറ്റർ വരെ 1,80,000 രൂപയുമാണ് സ്കൂളുകൾ കോർപ്പറേഷന് നൽകേണ്ടത്. 161 കിലോമീറ്റർ മുതൽ 180 കിലോമീറ്റർ വരെ 1,90,000 രൂപയാണ് മാസ വാട‌ക. 180 കിലോമീറ്ററിനും 200 കിലോമീറ്ററിനും ഇടയിൽ ബസ് ഓടിയാൽ 2,00,000 രൂപ സ്കൂളുകൾ കെഎസ്ആർടിസിക്ക് നൽകണം. ഇതനുസരിച്ച് ഓരോ വിദ്യാർത്ഥിയും പ്രതിമാസം 3,750 രൂപ മുതൽ 5,000 രൂപ വരെ യാത്രക്കായി നൽകേണ്ടി വരും.

ദിവസം ആകെ 100 കിലോമീറ്റർ വരെ ഓടുന്നതിന് 7500 രൂപയാണു നിരക്ക്. 101– 120 കിലോമീറ്ററിന് 8000 രൂപ, 121–140 കിലോമീറ്ററിന് 8500 രൂപ, 141– 160 കിലോമീറ്ററിന് 9000 രൂപ വീതം നൽകണം. സ്കൂൾ അധികൃതർ ഒരു മാസത്തെ തുക മുൻകൂറായി നൽകണം. സ്കൂളിന്റെ ബോർഡ് വച്ചായിരിക്കും സർവീസ്.

സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി നേരിട്ട് വരുന്ന ചെലവുകൾ കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ച് നൽകുന്നത് എന്നാണ് ഉത്തരവിൽ പറയുന്നത്. 40 കുട്ടികൾക്ക് 20 ദിവസം എന്ന കണക്കിൽ പ്രതിമാസ തുക മുൻകൂർ അടയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ബോണ്ട് ബസ് നൽകുന്നത്. നിലവിൽ നൽകി വരുന്ന ബോണ്ട് മാതൃകയിൽ തന്നെയാകണം സ്കൂൾ, കോളേജ് ബോണ്ട് ബസ് നൽകേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

കെഎസ്ആർടിസി തുടങ്ങുന്ന ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവീസുകളിൽ 50 വിദ്യാർഥികൾക്കു യാത്ര ചെയ്യാമെന്ന് ​ഗതാ​ഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും കെഎസ്ആർടിസി ഇറക്കിയ ഉത്തരവിൽ 40 എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലേറെ സ്കൂളുകളാണ് ബസ് ഓൺ ഡിമാൻഡിന് അപേക്ഷ നൽകിയതെന്നും മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. ഇപ്പോൾ ഈ സ്കൂളുകളിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് വെട്ടിലായിരിക്കുന്നത്.

ആശങ്കയോടെ രക്ഷകർത്താക്കളും അധ്യാപകരും

കെഎസ്ആർടിസി ബസുകൾ കുട്ടികൾക്ക് അനുയോജ്യമല്ലെന്ന പരാതിയും, ​ഗ്രാമങ്ങളിലെ ചെറുവഴികളിലൂടെ വീടുകൾക്ക് അടുത്തേക്ക് എത്തില്ലെന്ന ആശങ്കയും നിലനിൽക്കെയാണ് പകൽക്കൊള്ളക്കുള്ള പുതിയ ഉത്തരവും കെഎസ്ആർടിസി ഇറക്കിയിരിക്കുന്നത്. കെഎസ്ആർടിസി ബസുകൾ പൊതുവെ മറ്റ് ബസുകളെക്കാൾ വലുപ്പമുള്ളതിനാൽ പ്രധാന റോഡുകളിലൂടെ മാത്രമേ സർവീസ് നടത്തനാകൂ. സ്കൂൾ ബസുകൾ താരതമ്യേന പൊക്കവും നീളവും കുറവായതിനാൽ ​ഗ്രാമങ്ങളിലെ റോഡുകളിലും സർവീസ് നടത്തുമായിരുന്നു. എന്നാൽ, കെഎസ്ആർടിസി ബസുകൾ എത്തുന്നത് പ്രധാന റോഡിൽ മാത്രമാകുന്നതോടെ കുട്ടികൾ വീട്ടിൽ നിന്നും നടന്ന് പ്രധാന റോഡുകളിലെത്തി കാത്തു നിൽക്കേണ്ട അവസ്ഥയാണ്.

ബസുകൾ വിദ്യാർത്ഥി സൗഹൃദമല്ലെന്ന ആശങ്കയും രക്ഷകർത്താക്കളും അധ്യാപകരും ഉയർത്തുന്നുണ്ട്. സ്കൂൾ ബസിന്റെ ഫുട്ബോർഡ് മുതൽ വിദ്യാർത്ഥികൾക്ക് കയറാൻ പാകത്തിന് ഉയരം കുറച്ചാണ് നിർമ്മിച്ചിട്ടുള്ളത്. പൊക്കം കുറഞ്ഞ സീറ്റുകളും, സീറ്റുകളുടെ അടിയിൽ ബാ​ഗുകൾ സൂക്ഷിക്കാനുള്ള സൗകര്യവും സ്കൂൾ ബസുകളിൽ ഉണ്ടായിരകുന്നെങ്കിൽ കെ എസ് ആർ ടി സി ബസുകളിൽ ഇതിനെല്ലാം വിപരീതമാണ് സാഹചര്യം എന്നും രക്ഷകർത്താക്കൾ ചൂണ്ടിക്കാട്ടുന്നു.

ബസിൽ വിദ്യാർഥികളെ സഹായിക്കാൻ സ്കൂൾ ജീവനക്കാരെ നിയോഗിച്ചാൽ അവർക്ക് സൗജന്യയാത്ര അനുവദിക്കും. മടക്കയാത്രയ്ക്കും പാസ് അനുവദിക്കും. 27,218 സ്കൂൾ ബസുകളിൽ 2828 എണ്ണത്തിന് ഫിറ്റ്നസ് പരിശോധന നടത്തിയെന്നു മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 1622 ബസുകൾക്കു സർട്ടിഫിക്കറ്റ് നൽകി. കെഎസ്ആർടിസി വർക്‌ഷോപ്പുകളിൽ സ്കൂൾ, കോളജ് ബസുകളുടെ അറ്റകുറ്റപ്പണി നടത്താം. കുട്ടനാട് പോലെയുള്ള മേഖലകളിൽ ബോട്ട് സമയം സ്കൂൾ സമയത്തിനനുസരിച്ചു ക്രമീകരിക്കുമെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close