KERALANEWSTrending

കെഎസ്ആര്‍ടിസി ബസുകളെല്ലാം പച്ചപിടിച്ചു; ബസുകളില്ലാതെ നട്ടംതിരിഞ്ഞ് ജനം; സ്വകാര്യ ബസുടമകളെ സഹായിക്കാനുറച്ച് അധികൃതരും; കേരളത്തിന് അഭിമാനമാകേണ്ട പൊതുമേഖലാ സ്ഥാപനം തകര്‍ന്നടിയുന്നത് ഇങ്ങനെ

വാടക ബസിനായി മുറവിളി കൂട്ടുന്നവർ … കോടികൾ വിലമതിക്കുന്ന കെഎസ്ആർടിസിയുടെ സ്വന്തം ബസുകൾ ഒതുക്കിയിട്ട് പച്ച പിടിപ്പിച്ചതെന്തിനാണെന്ന് വ്യക്തമാക്കണം. കാടുകയറി നശിക്കുന്ന ബസുകളുടെ കണക്കെടുക്കാതെ വാടക വണ്ടികൾക്ക് ദർഘാസ് ക്ഷണിച്ചിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. സ്‌കാനിയ അടക്കമുള്ള സ്വന്തം ബസുകൾ പാർക്കിങ് സ്റ്റേഷനുകളിൽ കിടന്ന് നശിക്കുന്നത് അധികൃതർ കാണുന്നില്ല. സൂപ്പർ ക്ലാസ് ബസുകൾ മാറ്റുന്നതിനും പുതുതായി ആരംഭിക്കുന്ന ഗ്രാമവണ്ടികൾക്കുമായി ഡ്രൈ ലീസ് (ഡ്രൈവറും കണ്ടക്ടറും ഇല്ലാതെ) വ്യവസ്ഥയിലാണ് 250 ബസുകൾ വാടകയ്‌ക്കെടുക്കുന്നത്.

സ്‌കാനിയ, സൂപ്പർ ഡീലക്‌സ്, എക്‌സ്പ്രസ്, വോൾവോ വിഭാഗങ്ങളിലുള്ള 140-ഓളം ബസുകൾ കെ.എസ്.ആർ.ടി.സി. വിവിധയിടങ്ങളിലായി കയറ്റിയിട്ടിരിക്കുകയാണിപ്പോൾ. ഇരുനൂറോളം എ.സി. ലോഫ്‌ലോർ ബസുകളും സ്ഥിരമായി ഓടിക്കുന്നില്ല. ബസുകൾ ഓടിക്കാതെ ആക്രിയാക്കുന്നതിനെതിരേ പ്രതിഷേധം ഉയർന്നപ്പോൾ, അന്തസ്സംസ്ഥാന സർവീസുകൾക്ക് ഉപയോഗിച്ചിരുന്ന സൂപ്പർക്ലാസ്സ് ബസുകൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിൽ സംസ്ഥാനത്തിനകത്ത് ഓടിക്കുന്നുണ്ട്.

എന്നാൽ നിരവധി ബസ്സുകൾ ആണ് ഉപയോഗശൂന്യമായി നശിച്ചു കൊണ്ടിരിക്കുന്നത്. നഷ്ടങ്ങളുടെ കണക്കു പറയുമ്പോഴും ബസുകൾ പോലും സംരക്ഷിക്കാതെ കെഎസ്ആർടിസിയും സർക്കാരും കണ്ണുപൊത്തിക്കളിക്കുകയാണ്. കോടികളുടെ മുതലാണ് ആർക്കും ഉപകാരമില്ലാതെ കിടന്ന് നശിക്കുന്നത്. ഇതെല്ലം ജനങ്ങൾ നികുതി അടക്കുന്ന പണമല്ലേയെന്ന കാര്യവും ഇവിടെ ചോദ്യചിഹ്നമാകുകയാണ്. കോവിഡ് കാലത്ത് സർവീസുകൾ നിർത്തിവെച്ചിരുന്നതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ ഡിപ്പോകളിൽ കിടക്കുന്ന ബസുകൾ ഉപയോ​ഗശൂന്യമായ നിലയിലാണ്. ഇവ സമയത്ത് മെയിന്റനൻസ് നടത്തി സംരക്ഷിക്കാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ല. ബസികളുടെ സ്പെയർ പാർട്സുകൾ അഴിച്ചെടുത്തും തുരുമ്പെടുത്തും ഏറ്റവും ചുരുങ്ങിയത് 500 കോടി രൂപയെങ്കിലും നഷ്ടം വരുന്നതയാണ് കണക്കുകൾ.

ഇപ്പോഴിതാ ഇവർ തന്നെ 2800ൽ പരം ബസുകൾ പാർക്ക് ചെയ്ത് നശിപ്പിച്ചിട്ട് 250 ബസ് വാടകയ്ക്ക് എടുക്കാൻ പോകുന്നു. ഇതിൽ എന്ത് യുക്തിയെന്നാണ് ആളുകൾ ചോദിക്കുന്നത്. റണ്ണിംഗ് കണ്ടീഷനിലുള്ള 2885 വാഹനങ്ങൾ ഒതുക്കിയിട്ട് നശിപ്പിക്കുന്നവർ, 250 സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുന്നത് കെ എസ് ആർ ടി സിയെ ഇല്ലായ്മ ചെയ്ത് പാർട്ടി സഹകരണബാങ്കുകളുടെയും സഖാക്കളുടെയും സമാന്തര വാഹന ലോബിയുടെയും വാഹനങ്ങൾ വാടകയ്ക്കെടുത്ത് കെ എസ് ആർ ടി സിയെ പാർട്ടിനേതാക്കളുടെ ബിനാമികൾക്ക് അടിയറ വയ്ക്കാനുള്ള നീക്കമാണ് ഇടത് സർക്കാർ നടത്തുന്നത് എന്ന രൂക്ഷ വിമർശനവും ബി എം എസ് ഉന്നയിക്കുന്നുണ്ട്.

ബസുകൾക്കുള്ള സ്‌പെയർ പാർട്‌സുകൾ വാങ്ങുന്നതിന് പകരം നിർത്തിയിട്ടവയിൽനിന്നും ഊരിയെടുക്കുകയായിരുന്നു. കെഎസ്ആർടിസിയുടെ സാമ്പത്തിക ലാഭം നോക്കിയായിരുന്നു നടപടി. പുതിയ ബസുകൾ വാങ്ങുന്നതിനെക്കാൾ ചെലവാണ് ഈ ബസുകൾ നിരത്തിലിറക്കുന്നതിന്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ കെഎസ്ആർടിസിക്ക് സംഭവിച്ചിട്ടുള്ളത്.

സർക്കാരിന്റെ പൊതുമുതൽ സർക്കാർതന്നെ നശിപ്പിക്കുന്ന വിചിത്രമായ നടപടിയാണിത്. ബിജുപ്രഭാകർ എംഡിയായിരുന്നപ്പോഴാണ് നഷ്ടങ്ങളുടെ പേരിൽ സർവീസുകൾ നിർത്തിവെച്ചത്. മാനേജ്‌മെന്റിന്റെ തീരുമാനത്തിൽ സർക്കാരും മൗനം പാലിക്കുകയായിരുന്നു. അവകാശങ്ങൾക്കുവേണ്ടി സമരം നടത്തുന്ന ജീവനക്കാർ തങ്ങളുടെ അന്നദാതാക്കളെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത രീതിയിലാണ് നിർത്തിയിട്ടത്.

പല ബസുകളും ഞെരുക്കിയിട്ടതുമൂലം കേടുപാട് വന്ന സ്ഥിതിയിലാണ്. ബസുകളുടെ സീറ്റുകളടക്കം കൊണ്ടുപോകാൻ യാതൊരു മടിയും കാണിച്ചില്ല. തെരുവുനായകളുടെയും ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവ. കാടുകയറി നശിച്ച ഇന്നോവയുടെ കാര്യത്തിൽ ഒരു തീരുമാനവും എടുക്കാതെയുള്ള പുതിയ തീരുമാനം കെ എസ് ആർ ടി സിക്കു മേലുള്ള ഇടതു സർക്കാരിന്റെ പുതിയ അഴിമതിയാണ് ഇതാണ് ഇപ്പോൾ കെ എസ് ടി എംപ്ലോയീസ് സംഘ് പൊളിച്ചിരിക്കുന്നത്.

യോഗ്യമായ 2885 ബസ്സുകൾ ഇനിയൊരിക്കലും സർവീസ് നടത്താൻ പറ്റാത്ത വിധം ഇടിച്ച് തകർത്താണ് ഒതുക്കിയിട്ടിരിക്കുന്നത്. സ്വകാര്യബസ്സുകൾ പോലും ടാക്സ് അനുവദിക്കുമ്പോൾ സർക്കാർ ഉടമസ്ഥതയിൽ ഉള്ള കെഎസ്ആർടിസി ബസ്സുകളുടെ കാര്യത്തിൽ വളരെ എളുപ്പം പരിഹാരം കാണാമായിരുന്ന വിഷയത്തിൽ റോഡ് ടാക്സ്, മെയിന്റനൻസ് എന്നിവയുടെ കാര്യം പറഞ്ഞ് ബസ്സുകൾ തുരുമ്പെടുത്തു നശിപ്പിക്കുന്നത് ആസൂത്രിതം ആണെന്നാണ് കെഎസ്ടിഎ എംപ്ലോയീസ് സംഘ് ചൂണ്ടി കാണിക്കുന്നത്. പല ഡിപ്പോകളിൽ യാത്രക്കാർ സംഘടിച്ച് പ്രതിഷേധിക്കുന്ന സാഹചര്യം മുതലെടുത്ത് കെഎസ്ആർടിസി ബസുകൾ ഒതുക്കിയിട്ട ശേഷം വാടക ബസ്സുകൾക്ക് വേണ്ടിയുള്ള ആസൂത്രിത നീക്കവും ഗൂഢാലോചനയുമാണ് നടക്കുന്നതെന്നും കെഎസ്ടിഎ വാദിക്കുന്നു.

മുൻകാലങ്ങളിൽ വാടക ബസ് കാരണം കോർപറേഷന് ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പൊതുസ്വത്തായ കെഎസ്ആർടിസിയുടെ 2885 വാഹനങ്ങൾ പുനരുപയോഗിക്കാൻ കഴിയാത്ത വിധം ബോധപൂർവ്വം നശിപ്പിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് യൂണിയൻ വ്യക്തമാക്കി. ഈ വിഷയത്തെ മുൻ നിർത്തി പൊതുമുതൽ നശിപ്പിക്കുന്നതിന് ഉത്തരവാദികൾ ആയവർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും കോർപ്പറേഷൻ ഉണ്ടായ നഷ്ടം ഇവരിൽ നിന്ന് ഈടാക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചാണ് കെഎസ്ടിഎ എംപ്ലോയീസ് സംഘ് (BMS) മന്ത്രി ആന്റണി രാജുവിന് കത്തയച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close