KERALANEWSTrending

കെഎസ്ആർടിസിക്ക് പൂട്ടിടാനുറച്ച് ഇടത് സർക്കാർ; ദീർഘദൂര സർവീസുകളിലേക്ക് ഡ്രൈവർ കം കണ്ടക്ടർ നിയമനത്തിന് പരസ്യം ചെയ്ത് കെ സ്വിഫ്റ്റ്; തൊഴിൽ നഷ്ടമാകുക 40 ശതമാനത്തോളം കെഎസ്ആർടിസി ജീവനക്കാർക്ക്

തിരുവനന്തപുരം: കെ സ്വിഫ്റ്റിലേക്ക് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നിയമനത്തിനുള്ള നടപടികളുമായി അധികൃതർ. ഇതോടെ കേരളത്തിന്റെ അഭിമാന പൊതു​ഗതാ​ഗത സംവിധാനമായ കെ എസ് ആർ ടി സിക്ക് പൂട്ടുവീഴും എന്ന് ഉറപ്പായി. പ്രതിദിനം 715 രൂപ ശമ്പളത്തിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് ഇപ്പോൾ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്തുന്നത്. കെ സ്വിഫ്റ്റ് രൂപീകരണം സംബന്ധിച്ച കേസ് കോടതിയിൽ നടക്കുന്നതിനിടെയാണ് കമ്പനിയിലേക്ക് നിയമനം നടത്താൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

ദീർ‌ഘദൂര സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നതിനാണ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുള്ള ജീവനക്കാരെ ആദ്യ ഘട്ടത്തിൽ നിയമിക്കുന്നത് എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. അതിൽ നിന്നും പിന്നീട് ഹ്രസ്വദൂര സർവീസുകളും കെ സ്വിഫ്റ്റ് ഏറ്റെടുത്തേക്കാം എന്നാണ് വ്യക്തമാകുന്നത്. നിലവിൽ കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവർക്കും കരാർ ജീവനക്കാരായി കെ സ്വിഫ്റ്റിലേക്ക് മാറാനും അധികൃതർ അവസരമൊരുക്കുന്നു.

രണ്ട് സെറ്റ് ജീവനക്കാർക്ക് (4 പേർക്ക് ഒരു ബസ് നൽകുന്ന (ബസ് ക്രൂ മാര്യേജ് സിസ്റ്റം) ആയിരിക്കും നടപ്പിലാക്കുക എന്ന് ഇതുമായി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഡ്യൂട്ടി സമ്പ്രദായം വേതനം ഭരണപരമായ തീരുമാനങ്ങൾ മുതലായവ സംബന്ധിച്ച് കമ്പനി നിർണ്ണയിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം കാലാകാലങ്ങളിൽ ജോലി ചെയ്യേണ്ടതാണെന്നും കമ്പനി വ്യക്തമാക്കുന്നു. കമ്പനി നിശ്ചയിച്ച് നൽകുന്ന റൂട്ടിലേക്കുള്ള ബസിന്റെ ശുചീകരണവും മെയിന്റനൻസും ഉൾപ്പെടെ എല്ലാ ചുമതലകളും ഈ നാലുപേരിൽ നിക്ഷിപ്തമായിരിക്കും.

സർവ്വീസ് പുറപ്പെടുന്നതിന് മുൻപ് ബസ്സിനുൾവശം വൃത്തിയും വെടിപ്പും വരുത്തേണ്ടതും സീറ്റ് കവർ, വിൻഡോ കർട്ടൻ വിൻഡോ ഗ്ലാസ് വൃത്തിയാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമെ സർവ്വീസിനായി ബസ് ഉപയോഗിക്കുവാൻ പാടുള്ളൂ എന്ന് വിജ്ഞാപനത്തിൽ പറയുന്നു. സർവ്വീസ് പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് നിർദ്ദിഷ്ട ബസ്, സർവ്വീസ് ഓപ്പറേ ഷന് പ്രാപ്തമാണോ എന്നത് പരിശോധിച്ച് യഥാസമയം bus bay -ൽ എത്തിക്കേണ്ടതാണ്. കമ്പനി നിർദ്ദേശിക്കുന്ന യൂണിഫോം ധരിക്കുക, യൂണിഫോം ഏതായിരി ക്കണം എപ്രകാരം ആയിരിക്കണം എപ്രകാരം ധരിക്കണം എന്നിവ സ്വിഫ്റ്റ് കമ്പനി നിർദ്ദേശിക്കുന്ന രീതിയിൽ മാത്രമെ ധരിക്കുവാൻ പാടുള്ളൂ. കമ്പനി നിർണ്ണയിക്കുന്ന സർവ്വീസ് പോകുന്നതിന് ബാധ്യസ്ഥനായിരിക്കണം. ഡ്യൂട്ടി നിർണ്ണയിക്കൽ, റൂട്ട് തിരഞ്ഞെടുക്കൽ, ഡ്യൂട്ടി സമ്പ്രദായം എന്നിവയിൽ യാതൊരു അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടായിരിക്കില്ല. യാത്രക്കാരെ അതിഥികളായികണ്ട് പ്രവർത്തിക്കുകയും, കമ്പനിയുടെ താൽപര്യ ങ്ങൾക്ക് അനുസൃതമായി യാത്രക്കാരോട് സഭ്യവും വിനയാന്വിതവുമായി പെരുമാറുകയും അവരുടെ സുരക്ഷാ സംവിധാനങ്ങളിൽ ശ്രദ്ധ ചെലുത്തുകയും ഏതു സാഹചര്യത്തിലും യാത്രക്കാരുടെ സൗകര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുമാണ് തുടങ്ങിയ നിർദ്ദേശങ്ങളും നേട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അതേസമയം, യാത്രാക്കാർക്ക് നിലവിലുള്ള സൗകര്യങ്ങളെക്കാൾ കൂടുതൽ സൗകര്യങ്ങൾ കെ സ്വിഫ്റ്റിൽ കിട്ടുമെന്നാണ് വിജ്ഞാപനത്തിൽ നിന്നും മനസ്സിലാകുന്നത്. ദീർഘ ദൂര സർവ്വീസ് തുടങ്ങുന്ന ഡ്രിങ്ക് സ്നാക്സ് നൽകേണ്ടതാണെന്നാണ് വിജ്‍ഞാപനത്തിൽ പറയുന്നു. കമ്പനി നിർദ്ദേശിക്കും പ്രകാരം ലൈറ്റ് റിഫ്രഷ്മെന്റ് കുടിവെള്ളം, ഭക്ഷണം ബ്ലാങ്കറ്റ് യാത്രക്കിടെ ആവശ്യമായി വരുന്ന മറ്റ് സാധന സാമഗ്രികൾ എന്നിവ യാത്ര ക്കാർക്ക് ലഭ്യമാക്കേണ്ടതാണെന്നും കെ സ്വിഫ്റ്റ് നിർദ്ദേശിക്കുന്നുണ്ട്.

അതേസമയം, സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി യാഥാർത്ഥ്യമായാൽ തൊഴിൽ നഷ്ടമാകുക കെഎസ്ആർടിസിയിലെ 40 ശതമാനത്തോളം ജീവനക്കാർക്കാണ്. നിലവിൽ ഓടുന്ന ദീർഘദൂര, അന്തർ സംസ്ഥാന ബസുകളും റൂട്ടുകളും സ്വിഫ്റ്റിന് കൈമാറാനാണ് സർക്കാർ പദ്ധതിയിടുന്നത്. എന്നാൽ, ജീവനക്കാരെ സ്വിഫ്റ്റ് കമ്പനിക്ക് ആവശ്യമില്ല. പകരം കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കും. ഇത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളായ കെഎസ്ടി എംപ്ലോസിസ് സംഘും ടിഡിഎഫും കോടതിയെ സമീപിച്ചത്. എന്നാൽ, കോടതിയുടെ വിലക്ക് നലനിൽക്കുമ്പോഴും സ്വിഫ്റ്റ് എന്ന കമ്പനിയുമായി മുന്നോട്ട് പോകുകയാണ് കെഎസ്ആർടിസി.

സ്വിഫ്റ്റ് യാഥാർത്ഥ്യമായാൽ തൊഴിലാളികൾക്ക് ജോലി മാത്രമല്ല, കെ എസ് ആർ ടിസിയുടെ നിലനിൽപ്പും ഭീഷണിയിലാകും. ബസുകളും റൂട്ടുകളും സ്വിഫ്റ്റിന് കൈമാറുന്നതോടെ കെഎസ്ആർടിസിക്ക് നഷ്ടമാകുക വരുമാനത്തിന്റെ 60 ശതമാനം തുകയാണ്. എല്ലാ ദീർഘദൂര, അന്തർ സംസ്ഥാന സർവീസുകളും സ്വിഫ്റ്റ് എന്ന കമ്പനിയുടെ കീഴിലേക്ക് മാറ്റാനാണ് കോർപ്പറേഷൻ ആലോചിക്കുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ 60 ശതമാനം ഇത്തരം സർവീസുകളിൽ നിന്നാണ്.

നിലവിൽ 7,500 ഓളം ജീവനക്കാർ തങ്ങൾക്ക് ബാധ്യതയാണെന്ന നിലപാടാണ് കോർപ്പറേഷന്. ജോലിയില്ലെന്ന കാരണം പറഞ്ഞ് തൊഴിലാളികളെ മാറ്റിനിർത്താനുള്ള പുതിയ റിപ്പോർട്ടാണ് മാനേജ്മെന്റ് സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. 7,500 സ്ഥിരംജീവനക്കാർ കോർപ്പറേഷന് ബാധ്യതയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ലോക്ഡൗണിനെത്തുടർന്ന് ഒതുക്കിയിട്ടിരിക്കുന്ന 2500 ബസുകൾ നന്നാക്കി റോഡിലിറക്കിയാൽ ലാഭമുണ്ടാകില്ലെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. താത്കാലിക ജീവനക്കാരെ ഒഴിവാക്കിയശേഷം 5250 ബസുകൾക്കുവേണ്ട സ്ഥിരജീവനക്കാരുടെ തസ്തികകൾ നിജപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ 4250 ബസുകൾക്ക് 20,468 ജീവനക്കാർ മതി. ശേഷിക്കുന്നവരെ പകുതി ശമ്പളംനൽകി തത്കാലത്തേക്കു മാറ്റിനിർത്തിയാൽ നഷ്ടം കുറയ്ക്കാം. സ്വയം സന്നദ്ധരാകുന്ന ജീവനക്കാരെ ഇതിനു പരിഗണിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ നഷ്ടം കുറയ്ക്കാൻ 7500 സ്ഥിരംജീവനക്കാരെ മാറ്റി നിർത്തേണ്ടി വരുമെന്നാണ് കെഎസ്ആർടിസി പറയുന്നത്. മാർച്ച് വരെ പരമാവധി 3800 സർവീസുകൾ മാത്രമേ ഓടിക്കാൻ കഴിയൂവെന്നും അതിനാൽ ജീവനക്കാരെ ഒഴിവാക്കാതെ മറ്റ് നിവർത്തിയില്ലെന്നുമാണ് റിപ്പോർട്ട്. യാത്രക്കാർ കൂടാതെ കൂടുതൽ ബസുകൾ ഇറക്കുക പ്രായോഗികമല്ല. ബസുകളിൽ 40 ശതമാനം നഷ്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close