Breaking NewsKERALANEWSTop News

ചരിത്രത്തിലാദ്യമായി കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ടു മാസത്തെ ശമ്പളം കുടിശികയായി; ജൂൺ മാസത്തെ ശമ്പളം ലഭിക്കാതെ 8391 ജീവനക്കാർ; രണ്ടു തവണ എൽഡിഎഫ് വന്നിട്ടും ഒന്നും ശരിയാകാതെ സംസ്ഥാനത്തിന്റെ പൊതു​ഗതാ​ഗത സംവിധാനം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളം കുടിശികയായി. 8391 ജീവനക്കാരാണ് ജൂൺ മാസത്തെ ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. 9200 ഡ്രൈവർമാർക്കും 8600 കണ്ടക്ടർമാർക്കും 269 ലാസ്റ്റ് ​ഗ്രേഡ് ജീവനക്കാർക്കും മാത്രമാണ് ഈ മാസം അവസാനമായപ്പോഴെങ്കിലും ജൂൺ മാസത്തെ ശമ്പളം ലഭിച്ചത്. ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്ക് ജൂൺ മാസത്തെ ശമ്പളം എന്ന് നൽകുമെന്ന് കൃത്യമായി പറയാൻ പോലും കെഎസ്ആർടിസി അധികൃതർക്ക് കഴിയുന്നില്ല.

കേരളത്തിൽ മുൻകാലങ്ങളിൽ മാസത്തിലെ അവസാന പ്രവർത്തി ദിനത്തിൽ ശമ്പളം നൽകുന്ന സ്ഥാപനമായിരുന്നു കെഎസ്ആർടിസി. സർക്കാർ ജീവനക്കാർക്ക് പോലും തൊട്ടടുത്ത മാസം ഒന്നാം തീയതി മുതൽ അഞ്ചാം തീയതിവരെയാണ് ശമ്പളം നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കെഎസ്ആർടിസിയിൽ പിന്നീട് ശമ്പള വിതരണത്തിന്റെ തീയതി നീണ്ടുപോയിരുന്നു. എന്നാൽ ഒരിക്കൽ പോലും രണ്ട് മാസത്തെ ശമ്പളം കുടിശികയാകുന്ന സാഹചര്യം സർക്കാരോ മാനേജ്മെന്റോ സൃഷ്ടിച്ചിരുന്നില്ല.

കെഎസ്ആർടിസിയിൽ ഏറ്റവും മോശം കാലഘട്ടമായി കരുതപ്പെടുന്നത് ആർ ബാലകൃഷ്ണപിള്ള ​ഗതാ​ഗത മന്ത്രിയായിരുന്ന സമയമാണ്. ആ കാലഘട്ടത്തിൽ പോലും ജീവനക്കാർ ശമ്പളത്തിനായി ഇത്രയും നീണ്ട കാലം കാത്തിരിക്കേണ്ടി വന്നിട്ടില്ല. അടുത്ത മാസവും ശമ്പളം കുടിശിക തീർത്ത് ലഭിക്കുമോ എന്ന ആശങ്കയിലാണ് കെഎസ്ആർടിസി ജീവനക്കാർ. വൈദ്യുതി ബില്ല് മുതൽ എല്ലാം കുടിശികയാണ്. അടുത്ത മാസം അവസാനം ഓണം വരുന്നു. ഇതിനെല്ലാം പണം വേണം. എന്നാൽ, കുടിശികയായ രണ്ട് മാസത്തെ ശമ്പളം എന്ന് നൽകും എന്ന കാര്യത്തിൽ കെഎസ്ആർടിസി മാനേജ്മെന്റും സർക്കാരും മൗനം പാലിക്കുകയാണ്.

സർക്കാർ സഹായമായി ലഭിച്ച പണം ഉൾപ്പെടെ 44 കോടി രൂപയാണ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളത്തിനായി വേണ്ടി വന്നത്. സംസ്ഥാന സർക്കാർ ഈ മാസം 50 കോടി രൂപ ശമ്പളത്തിനായി നൽകിയിരുന്നെങ്കിലും 20 കോടി രൂപ വകമാറ്റി ചിലവഴിച്ചു എന്നാണ് ഉയരുന്ന ആരോപണം.

ബാങ്കിൽ നിന്ന് ഓവ‍‍‍‍ർ‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപയും കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്നും ഒരുകോടി രൂപയും കൂടി ചേ‍ർത്താണ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ശമ്പളം വിതരണം ചെയ്തത്. 30 കോടി രൂപ സർക്കാർ സഹായമായി കെ എസ് ആർ ടി സിയ്ക്ക് നൽകിയിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിന് ഇനിയും 26 കോടി രൂപ കൂടി വേണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ മാസം വേണ്ടത് 79 കോടി രൂപയായിരുന്നു. ശമ്പള വിതരണത്തിനായി കെഎസ്ആർടിസി മാനേജ്മെൻറ് 65 കോടി രൂപയുടെ സർക്കാർ സഹായം തേടിയിരുന്നെങ്കിലും ഫയൽ ധനവകുപ്പ് മടക്കിയിരുന്നു. എന്നാൽ ശമ്പള വിതരണം സർക്കാർ സഹായമില്ലാതെ പൂർത്തിയാക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിലപാട് മാറ്റിയത്. ഈ മാസം ആദ്യം 20 കോടി രൂപ സർക്കാർ നൽകിയിരുന്നു. ഇത് ഇന്ധന ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുകയായിരുന്നു. പിന്നീടാണ് ശമ്പളം നൽകാനായി 30 കോടി രൂപ കൂടി നൽകിയത്. രണ്ടിനങ്ങളിലുമായി 50 കോടി രൂപയാണ് ഈ മാസം സർക്കാർ കെഎസ്ആർടിസിക്ക് നൽകിയത്.

ജൂൺ മാസത്തിൽ കെഎസ്ആർടിസിയിലെ ടിക്കറ്റ് കളക്ഷൻ 186.26 കോടി രൂപയായിരുന്നു. ഈ മാസം 26 വരെ 156 കോടി രൂപയും. ഒരു മാസത്തെ ഇന്ധന ചിലവ് 70 കോടി എന്നാണ് കണക്കാക്കുന്നത്. എന്നാൽ പോലും പ്രതിമാസം ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള 79 കോടി രൂപയിലേറെ മിച്ചം വരുമായിരുന്നു. എന്നാൽ, കാലാകാലങ്ങളായി മാനേജ്മെന്റ് വരുത്തിവെച്ച കോടികളുടെ കടബാധ്യതയാണ് ഇപ്പോഴത്തെ കെഎസ്ആർടിസി ജീവനക്കാരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close