Breaking NewsKERALANEWSTop News

ഡയസ്നോൺ എന്ന മന്ത്രിയുടെ ഭീഷണിയും തള്ളി കെഎസ്ആർടിസി ജീവനക്കാർ; അത്യുജ്ജ്വലങ്ങളായ സമരങ്ങൾ നയിച്ച കെഎസ്ആർടിസി ജീവനക്കാരുടെ സമരം അതിജീവനത്തിനായി; ഇത് രാഷ്ട്രീയം മറന്ന് പൊരുതുന്ന തൊഴിലാളികളുടെ ചരിത്രം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഡയസ് നോൺ എന്ന ഓലപാമ്പിനെയും തള്ളി കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്ക് പുരോ​ഗമിക്കുന്നു. ഭരണ- പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായി ഇന്ന് പണിമുടക്കുന്നതോടെ കേരളത്തിലെ ജനങ്ങൾ അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി. സിഐടിയു, ബിഎംഎസ് യൂണിയനുകൾ ഒരു ദിവസവും ഐഎൻടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്. സ്വകാര്യ ബസുകൾ പൂർണമായും സർവീസുകൾ പുനരാരംഭിക്കാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു കെഎസ്ആർടിസിയുടെ സർവീസുകൾ.

സാമ്പത്തിക ശാസ്ത്രത്തിലെ ലാഭകണക്കുകൾക്ക് ബാലൻസ്ഷീറ്റ് തയ്യാറാക്കാൻ കഴിയാത്ത ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും ചരിത്രമാണ് കെഎസ്ആർടിസിക്കുള്ളത്. 1936ൽ ശ്രീമൂലം പ്രജാസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പയ്നിയർ മുതലാളിയിൽ നിന്നും പിടിച്ചെടുത്ത 13 ബസുകളിലൂടെയാണ് കെഎസ്ആർടിസിയുടെ ചരിത്രം ആരംഭിക്കുന്നത്. 1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ സർവ്വീസ് രാജകുടുംബാംഗങ്ങളുമായി കവടിയാർ കൊട്ടാരമുറ്റത്തുനിന്നും ശ്രീ പദ്മാനാഭ സ്വാമി ക്ഷേത്രത്തിലേക്ക്. ബ്രിട്ടനിൽ നിന്നുമെത്തിയ ബാൾട്ടർ സായ്പ്പായിരുന്നു ആദ്യ എംഡി. അന്ന് തൊട്ട് ഇന്നുവരെയുള്ള ട്രാൻസ്പോർട്ട് ചരിത്രത്തിൽ കേവലം രണ്ടുകൊല്ലം മാത്രമാണ് ലാഭം രേഖപ്പെടുത്തിയിട്ടുള്ളത്.

തൊഴിലാളികൾ അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ കാലമായിരുന്നു അത്. ചെറിയ പിഴവുകൾക്കോ വൈകലുകൾക്കോ പോലും ക്രൂരപീഡനങ്ങൾ തൊഴിലാളികൾ ഏറ്റുവാങ്ങി. അങ്ങനെയാണ് തിരുവനന്തപുരത്തിന്റെ സ്വന്തം ആശാൻ കെ വി സുരേന്ദ്രനാഥ് മുൻകൈയെടുത്ത് നോൺ പെൻഷനബിൾ ട്രാൻസ്പോർട്ട് യൂണിയന് രൂപം കൊടുക്കുന്നത്. മുത്തുകറുപ്പ പിള്ളയായിരുന്നു ആദ്യ പ്രസിഡന്റ്. അത്യുജ്ജ്വലങ്ങളായ പോരാട്ടങ്ങൾക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. എൻ സി ശേഖറും പട്ടം താണുപിള്ളയും പിന്നീട് സംഘടനയുടെ സാരഥികളായി. പിന്നീട് തിരുവിതാംകൂർ പ്രധാനമന്ത്രിയായ പട്ടം യൂണിയന്റെ സമരങ്ങളെ അടിച്ചമർത്തുവാൻ ശ്രമിച്ചതും ചരിത്രമാണ്.

1952 ൽ ടി വി തോമസ് യൂണിയന്റെ പ്രസിഡന്റും കെ വി സുരേന്ദ്രനാഥ് ജനറൽ സെക്രട്ടറിയുമാകുന്നതോടെ സംഘടനയുടെ സമരവീര്യം പതിന്മടങ്ങ് വർദ്ധിച്ചു. 1954 ൽ കേരള ചരിത്രത്തിൽ രക്തശോഭയോടെ തെളിഞ്ഞു നിൽക്കുന്ന ട്രാൻസ്പോർട്ട് സമരത്തിന് നാട് സാക്ഷ്യം വഹിച്ചു. പെൻഷൻ, ബോണസ്, ഗ്രാറ്റുവിറ്റി എന്നിവ ആവശ്യപ്പെട്ട് തൊഴിലാളികൾ ആരംഭിച്ച സമരം കമ്മ്യുണിസ്റ്റ് പാർട്ടി ഏറ്റെടുത്തു. വെളിയം ഭാർഗ്ഗവൻ, ഇ പദ്മനാഭൻ, അനിരുദ്ധൻ, ഫക്കീർഖാൻ തുടങ്ങി അനവധി നേതാക്കൾ അറസ്റ്റിലായി.

അന്നത്തെ പാർട്ടിയുടെ യുവനേതാവായിരുന്ന വെളിയം ഭാർഗ്ഗവന്റെ ഒരു വശത്തെ മീശ കൊടിൽ ഉപയോഗിച്ച് പിഴുത് മാറ്റിയാണ് അന്ന് പോലീസുകാർ രസിച്ചത്. സമരത്തിൽ പങ്കെടുത്തിന് തൊഴിലാളികളായ സത്യരാജപണിക്കരെയും പി കെ രാമനെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി 1957ൽ അധികാരത്തിലെത്തിയപ്പോഴാണ് അവരെ തിരിച്ചെടുത്തത്. 1962ൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ കുമാരപിള്ള കമ്മീഷന് മുന്നിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അവതരിപ്പിക്കവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു പി കെ രാമൻ.

അതിനു ശേഷവും ത്യാഗ നിർഭരമായ പോരാട്ടങ്ങളിലൂടെയും കമ്മ്യുണിസ്റ്റു പാർട്ടി അധികാരത്തിലെത്തുമ്പോൾ അനുവദിച്ചു നൽകിയ ആനുകൂല്യത്തിലൂടെയുമാണ് ട്രാൻസ്പോർട്ട് ജീവനക്കാർക്കും സമൂഹത്തിൽ മാന്യമായി ജീവിക്കുവാനുള്ള അവസ്ഥയുണ്ടായത്.

സംസ്ഥാനത്തിന്റെ നട്ടെല്ലായ പൊതുഗതാഗത സംവിധാനമാണ് കെ എസ് ആർടിസി. സാധാരണക്കാരായ നിരവധി പേർ ആശ്രയിക്കുന്ന കെഎസ്ആർടിസിക്ക് ഇന്ന് 6,238 ബസുകളുണ്ട്. ഇതിൽ ശരാശരി 5395 ബസുകൾ ദിവസവും സർവ്വീസ് നടത്തുന്നുണ്ട്. 32,000ത്തോളം സ്ഥിരം ജീവനക്കാരും 8,000 ത്തോളം താല്ക്കാലിക തൊഴിലാളികളും ഈ വ്യവസായത്തിലൂടെ ജീവിക്കുന്നുണ്ട്.

ഡയസ് നോണും തള്ളി ജീവനക്കാർ

പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

കെഎസ്ആര്‍ടിസി തൊഴിലാളി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാറകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങല്‍ തള്ളില്ല. 30 കോടിയുടെ അധിക ബാധ്യതായണ് ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകുന്നത്. തൊഴിലാളികള്‍ സ്വയം അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close