Breaking NewsKERALANEWSTop News

സ്വിഫ്റ്റ് യാഥാർത്ഥ്യമായാൽ ജോലി നഷ്ടമാകുക കെഎസ്ആർടിസിയിലെ 40 ശതമാനത്തോളം തൊഴിലാളികൾക്ക്; വരുമാനത്തിന്റെ 60 ശതമാനവും നിലക്കും; കേരളത്തിന് അഭിമാനമാകേണ്ട ഒരു സ്ഥാപനം ഉട്ടോപ്യൻ പരിഷ്കാരത്തിൽ തകരുന്നത് ഇങ്ങനെ

തിരുവനന്തപുരം: സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി യാഥാർത്ഥ്യമായാൽ തൊഴിൽ നഷ്ടമാകുക കെഎസ്ആർടിസിയിലെ 40 ശതമാനത്തോളം ജീവനക്കാർക്ക്. നിലവിൽ ഓടുന്ന ദീർഘദൂര, അന്തർ സംസ്ഥാന ബസുകളും റൂട്ടുകളും സ്വിഫ്റ്റിന് കൈമാറാനാണ് സർക്കാർ പദ്ധതിയിടുന്നത്. എന്നാൽ, ജീവനക്കാരെ സ്വിഫ്റ്റ് കമ്പനിക്ക് ആവശ്യമില്ല. പകരം കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കും. ഇത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളായ കെഎസ്ടി എംപ്ലോസിസ് സംഘും ടിഡിഎഫും കോടതിയെ സമീപിച്ചത്. എന്നാൽ, കോടതിയുടെ വിലക്ക് നലനിൽക്കുമ്പോഴും സ്വിഫ്റ്റ് എന്ന കമ്പനിയുമായി മുന്നോട്ട് പോകുകയാണ് കെഎസ്ആർടിസി. ഇതിന്റെ ഭാ​ഗമായാണ് സ്വിഫ്റ്റ് ബോർഡ് വെച്ച് കഴിഞ്ഞ ദിവസം മുതൽ കെഎസ്ആർടിസി ബസുകൾ നിരത്തിൽ ഓടിത്തുടങ്ങിയത് എന്നാണ് സൂചനകൾ.

സ്വിഫ്റ്റ് യാഥാർത്ഥ്യമായാൽ തൊഴിലാളികൾക്ക് ജോലി മാത്രമല്ല, കെ എസ് ആർ ടിസിയുടെ നിലനിൽപ്പും ഭീഷണിയിലാകും. ബസുകളും റൂട്ടുകളും സ്വിഫ്റ്റിന് കൈമാറുന്നതോടെ കെഎസ്ആർടിസിക്ക് നഷ്ടമാകുക വരുമാനത്തിന്റെ 60 ശതമാനം തുകയാണ്. എല്ലാ ദീർഘദൂര, അന്തർ സംസ്ഥാന സർവീസുകളും സ്വിഫ്റ്റ് എന്ന കമ്പനിയുടെ കീഴിലേക്ക് മാറ്റാനാണ് കോർപ്പറേഷൻ ആലോചിക്കുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ 60 ശതമാനം ഇത്തരം സർവീസുകളിൽ നിന്നാണ്.

നിലവിൽ 7,500 ഓളം ജീവനക്കാർ തങ്ങൾക്ക് ബാധ്യതയാണെന്ന നിലപാടാണ് കോർപ്പറേഷന്. ജോലിയില്ലെന്ന കാരണം പറഞ്ഞ് തൊഴിലാളികളെ മാറ്റിനിർത്താനുള്ള പുതിയ റിപ്പോർട്ടാണ് മാനേജ്മെന്റ് സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. 7,500 സ്ഥിരംജീവനക്കാർ കോർപ്പറേഷന് ബാധ്യതയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നിലവിലെ സാഹചര്യത്തിൽ നഷ്ടം കുറയ്ക്കാൻ 7500 സ്ഥിരംജീവനക്കാരെ മാറ്റി നിർത്തേണ്ടി വരുമെന്നാണ് കെഎസ്ആർടിസി പറയുന്നത്. മാർച്ച് വരെ പരമാവധി 3800 സർവീസുകൾ മാത്രമേ ഓടിക്കാൻ കഴിയൂവെന്നും അതിനാൽ ജീവനക്കാരെ ഒഴിവാക്കാതെ മറ്റ് നിവർത്തിയില്ലെന്നുമാണ് റിപ്പോർട്ട്. യാത്രക്കാർ കൂടാതെ കൂടുതൽ ബസുകൾ ഇറക്കുക പ്രായോഗികമല്ല. ബസുകളിൽ 40 ശതമാനം നഷ്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോക്ഡൗണിനെത്തുടർന്ന് ഒതുക്കിയിട്ടിരിക്കുന്ന 2500 ബസുകൾ നന്നാക്കി റോഡിലിറക്കിയാൽ ലാഭമുണ്ടാകില്ലെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. താത്കാലിക ജീവനക്കാരെ ഒഴിവാക്കിയശേഷം 5250 ബസുകൾക്കുവേണ്ട സ്ഥിരജീവനക്കാരുടെ തസ്തികകൾ നിജപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ 4250 ബസുകൾക്ക് 20,468 ജീവനക്കാർ മതി. ശേഷിക്കുന്നവരെ പകുതി ശമ്പളംനൽകി തത്കാലത്തേക്കു മാറ്റിനിർത്തിയാൽ നഷ്ടം കുറയ്ക്കാം. സ്വയം സന്നദ്ധരാകുന്ന ജീവനക്കാരെ ഇതിനു പരിഗണിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ മുതലാണ് സ്വിഫ്റ്റ് ബോർഡ് വെച്ച് കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങിയത്. പല ദീർഘദൂര സർവീസുകളും നടത്തിയത് സ്വിഫ്റ്റ് ബോർഡ് വെച്ചാണ്. എന്നാൽ, ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രതികരണം ഇതുവരെ അധികൃതരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല.

കെഎസ്ആർടിസിയുടെ ചരിത്രം ഇങ്ങനെ

1938 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയാണ് തന്‍റെ പ്രജകൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാൻ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്‍റ്‌ എന്ന പേരിൽ ആദ്യമായി ബസ് സർവീസിന് തുടക്കമിടുന്നത്. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കായിരുന്നു ആദ്യ സർവീസ്. അര ചക്രമായിരുന്നു യാത്രകൂലി. അന്നത്തെ ഒരു ചക്രത്തിന് ഇന്നത്തെ മൂന്നുറു രൂപയ്ക്ക് അടുത്ത് മതിപ്പുണ്ടായിരുന്നു. തുടക്കകാലത്ത് ഉയർന്ന തുകയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. 1949 ൽ കൊച്ചിയിലേക്കും 1956 ൽ മലബാറിലേക്കും സർവീസ് വ്യപിപ്പിച്ചു. 1950 ൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് നിലവിൽ വന്നതോടെ 1965 ൽ പുതിയ നിയമ നിർമ്മാണം നടത്തി കെ.എസ്.ആർ.ടി.സിയെ ഒരു സ്വയംഭരണ സ്ഥാപനമാക്കി മാറ്റി. 1965 മാർച്ച് 15 ന് സംസ്ഥാന സർക്കാർ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അധികാര കേന്ദ്രം. ഇതിന് പുറമെ ദക്ഷിണ മേഖല, മധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ മൂന്ന് ഇടങ്ങളിലായി എക്സിക്യുട്ടീവ് ഡയറക്ടർമാരും ഭരണ നിർവഹണത്തിൽ പങ്കാളികളാകുന്നു.

ഓർഡിനറി, ദീർഘദൂര സർവീസുകളാണ് കെ.എസ്.ആർ.ടിക്ക് ഉള്ളത്. ചെറിയ ദൂരങ്ങളിൽ സർവീസ് നടത്തുന്നവയാണ് ഓർഡിനറി ബസുകൾ. ഇവയ്ക്ക് സ്റ്റോപ്പുകൾ കൂടുതലും ടിക്കറ്റ് നിരക്ക് കുറവുമാണ്. സാധാരണ സർവീസുകളിൽ ഡബിൾ ഡക്കർ മറ്റൊരു ആകർഷണമാണ്. 1955 ൽ കേരളത്തിലാദ്യമായി തിരുവനന്തപുരത്താണ് ഡബിൾ ഡക്കർ ബസുകൾ സർവീസ് നടത്തുന്നത്. ഇന്നും തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്ന് ശംഖുമുഖത്തേയ്ക്കും ശാസ്തമംഗലത്തേയ്ക്കും സർവീസ് നടത്തുന്നു. ഓർഡിനറി കഴിഞ്ഞാൽ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്നതാണ് ഫാസ്റ്റ് പാസഞ്ചറുകൾ. ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്.

വളരെ ദൈർഖ്യഘ്യമേറിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ് സൂപ്പർ ഫാസ്റ്റുകൾ. ഇവയ്ക്ക് പ്രധാന ടൗണുകളിൽ മാത്രമേ സ്റ്റോപ്പ് ഉണ്ടാവുകയുള്ളു. പച്ച നിറമുള്ള സൂപ്പർ ക്ളാസ് ബസുകളാണ് സൂപ്പർ എക്സ്പ്രസ് വിഭാഗത്തിൽ പെടുന്നത്. വെള്ള നിറത്തിൽ ദീർഘ ദൂര സർവീസിനായി സൂപ്പർ ഡീലക്സ് ബസുകളും കെ.എസ്.ആർ.ടിസിക്കായി സർവീസ് നടത്തുന്നു. ട്രെയിനിനെക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആരംഭിച്ചതാണ് മിന്നൽ സർവീസുകൾ. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ദീർഘദൂര സർവീസുകളാണ് സ്കാനിയ, വോൾവോ എന്നിവ. ഇതിന് പുറമെ കേന്ദ്ര സർക്കാർ അനുവദിച്ച ജൻറം ബസുകൾ എസി ,നോൺ എസി വിഭാഗത്തിലും സർവീസ് നടത്തുന്നുണ്ട്. നിലവിൽ ഒരു സി.എൻ.ജി ബസാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.

കേരളത്തിൽ 6000 ന് അടുത്ത് ബസുകളാണ് കെ.എസ്.ആർ.ടിസിക്ക് ഉള്ളത്. പ്രതിദിനം 5000 വരെ ഷെഡ്യൂളുകളാണ് നിശ്ചിയിച്ചിട്ടുള്ളത്. കൊവിഡിനെ തുടർന്ന് ഷെഡ്യൂളുകളുടെ എണ്ണം 3000 ലേക്ക് കുറഞ്ഞിരുന്നു. ശരാശരി അഞ്ചുമുതൽ ആറു കോടിവരെയായിരുന്നു പ്രതിദിന കളക്ഷൻ. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത് മൂന്ന് മുതൽ നാല് കോടി വരെയായി ചുരുങ്ങി. കെ.എസ്.ആർ.ടിസിയുടെ മൊത്തം വരുമാനം 2091 കോടി രൂപയിൽ നിന്ന് 2019-20 ൽ 2053 കോടി രൂപയായി കുറഞ്ഞു. മൊത്തം വരുമാന ചിലവ് 2018-2019 ൽ 2554 കോടി രൂപയിൽ നിന്ന് 2019-20 ൽ 2344 കോടി രൂപയായും പ്രവർത്തന നഷ്ടം 2019-19 ൽ 227 കോടി രൂപയിൽ നിന്ന് 2019-20 ൽ 291 കോടി രൂപയായും ഉയർന്നു. ആകെ വരുന്ന 5493 കെ.എസ്.ആർ.ടി.സി ബസുകളിൽ 2396(43.61)10 വർഷമോ അതിലധികമോ പഴക്കമുള്ളതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close