INSIGHTNEWSTrending

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? കണ്ണു തുറക്കാത്ത കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ നാട്ടിൽ ഉള്ളുപൊള്ളുന്നത് കെഎസ്ആർടിസി ജീവനക്കാർക്ക്; കാലം കണക്കു ചോദിക്കുക തന്നെ ചെയ്യും

വിനയ് മൈനാ​ഗപ്പള്ളി

‘ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?’ ക്രൂശിതനാകാൻ കുരിശും പേറി പോകുന്ന യേശു ഇങ്ങനെ പറഞ്ഞു എന്ന് മത്തായിയുടെ സുവിശേഷത്തിൽ പറയുന്നു. ഇന്ന്, ലോകം ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മയിൽ നിൽക്കുമ്പോൾ‌ ഈ വാചകമാണ് കേരളം ഭരിക്കുന്ന ഇടത് പുരോ​ഗമന സർക്കാർ എന്ന് സ്വയം വിളിക്കുന്ന പിണറായി വിജയൻ സർക്കാരിനോട് പറയാനുള്ളത്. ഈ ലോകം മുഴുവൻ നിങ്ങളെ വാഴ്ത്തുന്നു എന്നും കേരളം നമ്പർ വൺ ആണെന്നും ലോകത്തിന് മാതൃകയാണെന്നും സിപിഎം അണികളും അനുഭാവികളും പാടിപ്പുകഴ്ത്തുമ്പോൾ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണുനീർ തുടയ്ക്കാൻ പറ്റാത്ത സർക്കാർ എന്ത് നമ്പർ വൺ ആണ് ഹേ എന്ന് എങ്ങനെ ചോദിക്കാതിരിക്കും. ഇരുപത്താറായിരത്തിലേറെ വരുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടാഴ്ച്ചകൾ പിന്നിട്ടു. ഇന്ന് സ്വന്തം കുഞ്ഞുങ്ങൾക്ക് വിഷുക്കൈനീട്ടം നൽകാനോ സ്വന്തം മാതാപിതാക്കൾക്ക് ഒരു കോടിമുണ്ട് വാങ്ങി നൽകാനോ ​ഗതിയില്ലാത്ത കേരളത്തിലെ ഈ സർക്കാർ ഉദ്യോ​ഗസ്ഥരായ മനുഷ്യരോട് എന്ത് നീതിയാണ് നിങ്ങൾ കാട്ടിയത്? ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസിൽ സഞ്ചരിക്കാത്ത മലയാളി ഇന്ന് ഈ നാട്ടിലുണ്ടാകുമോ? അവരോട് എന്ത് നീതിയാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും പാർട്ടിയും കാട്ടിയത്?

കെ റെയിലിന് വേണ്ടി ജനങ്ങളോട് യുദ്ധം ചെയ്യുന്നവരാണ്, എയർ ഇന്ത്യക്കും എയർപോർട്ടിനും വില പറഞ്ഞവരാണ്, ഹിന്ദുസ്ഥാൻ ലാറ്റക്സ് വാങ്ങാൻ പണവുമായി ചെന്നിട്ടും തന്നില്ലെന്ന പരാതി പറഞ്ഞ് നടക്കുന്നവരാണ്… പക്ഷേ പാവം കെഎസ്ആർടിസി ജീവനക്കാർക്ക് സമയത്തിന് ശമ്പളം നൽകാൻ എന്തേ നിങ്ങൾക്ക് പദ്ധതിയില്ലാതെ പോയി? രണ്ടു മാസത്തെ ക്ഷേമ പെൻഷൻ നൽകിയ കഥ പാണന്മാർ പാടി നടക്കുന്നുണ്ട്. കോവിഡ് കാലത്തെ കിറ്റിന്റെ കഥ ഇപ്പോഴും പാർട്ടി ഫണ്ട് പിരിക്കാനിറങ്ങുന്ന ലോക്കൽ സഖാക്കൾ ജനങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന കവിത ഇപ്പോഴും കോളനികളുടെ മുന്നിൽ വെക്കുന്ന സ്പീക്കറുകളിൽ നിന്നും ഒഴുകി എത്തുന്നുണ്ട്. അതേവരികൾ നിങ്ങൾക്കും ബാധകമാണ് സഖാക്കളെ! പഠിച്ച് പരീക്ഷ എഴുതി മതിയായ യോ​ഗ്യത നേടിയ ശേഷം പി എസ് സി ടെസ്റ്റ് എഴുതി സുരക്ഷയും ഉറപ്പുമുള്ള തൊഴിൽ എന്ന നിലയിൽ ഈ നാട്ടിലെ പൊതു​ഗതാ​ഗത സംവിധാനത്തിന്റെ ഭാ​ഗമായവരാണ് കെഎസ്ആർടിസി തൊഴിലാളികൾ. ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും അധികാരത്തിലേറാൻ ഏറ്റവുമധികം ഉലയൂതിയവരിൽ ഈ തൊഴിലാളികളിൽ ഭൂരിപക്ഷവുമുണ്ടായിരുന്നു എന്നതാണ് ഏറെ ദുഖകരം.

ഇന്നും ഇന്നലെയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിമാരും സിപിഎം – സിപിഐ – കേരള കോൺ​ഗ്രസ് നേതാക്കളും മലയാളികൾക്ക് ഐശ്വര്യപൂർണമായ വിഷുവും ഭാവിയുമെല്ലാം ആശംസിച്ചിട്ടുണ്ട്. എന്തേ, കെഎസ്ആർടിസിയിലെ തൊഴിലാളിക്ക് ആ വിഷുവും നല്ല ഭാവിയും വേണ്ടേ? മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ഇങ്ങനെയാണ്:

‘എല്ലാ മലയാളികൾക്കും ആഹ്ലാദപൂർവം വിഷു ആശംസകൾ നേരുന്നു. ഐശര്യത്തിൻ്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേൽക്കുന്ന ആഘോഷമാണ് വിഷു. കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിൻ്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെൽകൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു. വിഷുവിൻ്റെ സന്ദേശം കാർഷിക രംഗത്ത് കൂടുതൽ ഉജ്ജ്വലമായ നേട്ടങ്ങൾ കൊയ്യാൻ നമുക്ക് പ്രചോദനമാകട്ടെ. സമൂഹത്തിൻ്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തിൽ സ്നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളുടെ നാളുകൾ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിൻ്റെ സമഗ്രവും സർവതലസ്പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ നമുക്ക് കൈകോർക്കാം. വിഷുവിൻ്റെ സന്ദേശം പരസ്പരം പങ്കു വച്ച് ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുന്നേറാം.’

നഷ്ടപ്പെട്ട നാടിന്റെ ​ഗരിമ തിരിച്ചു പിടിച്ചോളു. നിലനിൽക്കുന്ന മഹിമയെ എന്തിന് നശിപ്പിക്കണം പിണറായി വിജയൻ? ​

ഇനി ഗതാ​ഗത മന്ത്രിയുടെ ആശംസ നോക്കാം. നോക്കി വായിച്ച വീഡിയോ സന്ദേശമാണ് ​ഗതാ​ഗാത വകുപ്പ് മന്ത്രി ആന്റണി രാജു പങ്കുവെച്ചത്.

‘സമ്പൽസമൃദ്ധിയുടെ ഓർമ്മയിൽ മലയാളി ഒരു വിഷുക്കാലം കൂടി ആഘോഷിക്കുകയാണ്. നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയാണ് ഓരോ വിഷുക്കാലവും മലയാളികൾക്ക് സമ്മാനിക്കുന്നത്. അതിജീവനത്തിന്റെ ഈ കാലത്ത് ഈ വിഷുക്കാലം നമ്മുടേതാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. എല്ലാ മലയാളികൾക്കും ഐശ്വര്യപൂർണമായ ഒരു വിഷുദിനം ആശംസിക്കുന്നു.’

പണിയെടുത്തവരുടെ പണം കൊടുത്തിട്ട് വേണം ഹേ ഐശ്വര്യം ആശംസിക്കാൻ എന്ന് മാത്രമാണ് ഈയവസരത്തിൽ ​ഗതാ​ഗത മന്ത്രിയോട് പറയാനുള്ളത്.

കേരളത്തിന്റെ ധനമന്ത്രിയുടെ ആശംസ ഇങ്ങനെയാണ്: ‘ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.’

ഖജനാവ് പോലെ തന്നെ കാലിയായ ആശംസ. പൊടിപ്പും തൊങ്ങലും പോയിട്ട് ഒരു മാറാല പോലുമില്ലാത്ത ആശംസ.

സിഐടിയു നേതാക്കളായ എളമരം കരീമും ആനത്തലവട്ടം ആനന്ദനും വിഷുവിന് രാവിലെ എട്ടുമണി വരെ ഐശ്വര്യവും സമ്പദ് സമൃദ്ധിയും തള്ളിമറിച്ചില്ല. തൊഴിലാളികൾ പഞ്ഞിക്കിടുമെന്ന് ഭയന്നോ അതോ ഇതിലും മെച്ചപ്പെട്ട സമ്പദ് സമൃദ്ധിയൊന്നും ഇവന്മാർക്ക് വരേണ്ടെന്ന മനോഭാവമോ എന്ന് വ്യക്തമല്ല. എന്തായാലും രം​ഗബോധമുള്ള കലാകാരന്മാരാണ് ഇരുവരും എന്ന് പറയാതെ തരമില്ല.

എന്താണ് കെഎസ്ആർടിസിയുടെ പ്രധാന്യമെന്ന് കേരളം ഭരിക്കുന്ന മന്ത്രിമാർക്ക് ബോധ്യമുണ്ടോ? എല്ലാക്കാലത്തും ഒരു കാലിച്ചായ കുടിക്കാനുള്ള കാശുണ്ടെങ്കിൽ കുറഞ്ഞത് അഞ്ച് കിലോമീറ്റർ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാം. പകലും രാത്രിയുമില്ലാതെ തങ്ങളുടെ സേവനം സമയം തെറ്റാതെ ചെയ്യുന്ന ജീവനക്കാർ. ഒരുപക്ഷേ, ദൂരദർശനും ആകാശവാണിയും കഴിഞ്ഞാൽ തങ്ങളുടെ സമയനിഷ്ഠ കൃത്യമായി പാലിക്കുന്ന സർക്കാർ ഖജനാവിൽ നിന്നും പണം പറ്റുന്ന ജീവനക്കാർ ഇന്ത്യയിൽ തന്നെ കെഎസ്ആർടിസി തൊഴിലാളികൾ മാത്രമാകും. നിങ്ങളും ഞങ്ങളും നമ്മുടെ പൂർവികരും ഈ ബസുകളിൽ യാത്ര ചെയ്തവരാണ്. നമ്മുടെ ഇളം തലമുറക്കും ചെറിയ പണം നൽകി യാത്ര ചെയ്യാൻ ഈ സംവിധാനം ഇവിടെ വേണം. കൂലിപ്പണിക്കാരനും കർഷകനും വിദ്യാർത്ഥിക്കും വീട്ടമ്മമാർക്കും ഭയമില്ലാതെ യാത്ര ചെയ്യാൻ പറ്റുന്ന നമ്മുടെ ആനവണ്ടിയെ സംരക്ഷിക്കാൻ പറ്റാത്തവർ മറ്റെന്തിനൊക്കെ കാരണഭൂതരായെന്ന് പറഞ്ഞാലും കാലം മാപ്പ് തരില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close