KERALANEWSTrending

കെഎസ്ആർടിസി ബസുകൾ വഴി സഞ്ചരിക്കുന്ന റേഷൻ കട; പുതിയ സംരംഭത്തിന് സന്നദ്ധത അറിയിച്ച് സംസ്ഥാന സിവില്‍ സപ്ലൈസ് കോർപ്പറേഷൻ

തിരുവനന്തപുരം: ഇനി കെഎസ്ആർടിസി ബസുകൾ റേഷൻ സാധനങ്ങളുമായി എത്തും. സംസ്ഥാന സിവില്‍ സപ്ലൈസ് കോർപ്പറേഷൻ ആണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നത്. സംസ്ഥാനത്തെ മലയോര മേഖലകളിലേക്കും തീരദേശമേഖലകളിലേക്കും ആവും കെഎസ്ആർടിസി ബസുകൾ റേഷൻ സാധനങ്ങളുമായി എത്തുക. ഇത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും.

പുതിയ സംരംഭത്തിനായി ബസ്സുകളുടെ രൂപമാറ്റം വരുത്താനും ഡ്രൈവർമാരെ വിട്ടു നൽകാനും ഗതാഗത വകുപ്പ് തയാറാണെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. എല്ലാ ജില്ലകളിലേക്കും ഒരു ബസ് എന്ന രീതിയില്‍ പദ്ധതി തുടങ്ങാനാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ആലോചിക്കുന്നത്. സഞ്ചരിക്കുന്ന മാവേലിസ്‌റ്റോറുകളായി കെഎസ്ആര്‍ടിസിയെ മാറ്റാനും സാധ്യതയുണ്ട്. ആദിവാസി ഊരുകളിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ വാഹന സംവിധാനമാണ് ലക്ഷ്യംവെക്കുന്നതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

‘റേഷന്‍ ഷോപ്പ് ഓണ്‍ വീല്‍സ്’ എന്ന് പേര് നൽകിയിട്ടുള്ള പദ്ധതിയുടെ ഭാഗമായി വ്യവസ്ഥകള്‍, ചിലവ് എന്നിവ സംബന്ധിച്ച് ഗതാഗത വകുപ്പുമായി സിവില്‍ സപ്ലൈസ് വകുപ്പ് ചര്‍ച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കണ്ടം ചെയ്‍ത കെഎസ്‍ആര്‍ടിസി ബസുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്നതിനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. കെഎസ്‍ആര്‍ടിസിയുടെ പഴയ ബസുകളില്‍ മത്സ്യം വില്‍ക്കാന്‍ ഫിഷറീസ് വകുപ്പ് തയ്യാറാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ ഗതാഗതവകുപ്പും ഫിഷറീസ് വകുപ്പും തമ്മില്‍ തീരുമാനമെടുത്തു കഴിഞ്ഞു. പദ്ധതിയുടെ രൂപരേഖയുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗതാഗതവകുപ്പും ഫിഷറീസും യോജിച്ച് പ്രവര്‍ത്തിക്കും. പദ്ധതി ചെലവിനെ സംബന്ധിച്ച് ഇരു വകുപ്പുകളും തമ്മില്‍ ഉടന്‍ ധാരണയില്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close