Breaking NewsKERALANEWS

കെഎസ്ആർടിസി മാനേജ്മെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും കെടുകാര്യസ്ഥതക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം ഇരമ്പി; എംപ്ലോയീസ് സംഘിന്റെ പട്ടിണി മാർച്ചിൽ അണിനിരന്ന് ജീവനക്കാരുടെ കുടുംബാം​ഗങ്ങളും

തിരുവനന്തപുരം: കെഎസ്ടി എംപ്ലോയീസ് സംഘിന്റെ പട്ടിണി മാർച്ചിൽ കെഎസ്ആർടിസി മാനേജ്മെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും കെടുകാര്യസ്ഥതക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം ഇരമ്പി. കെഎസ്ആർടിസിയിലെ ശമ്പള നിഷേധത്തിനെതിരെ പതിനാല് ജില്ലകളിലും മന്ത്രി മന്ദിരങ്ങളിലേക്ക് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പട്ടിണി മാർച്ച് ബിഎംഎസ് സംസ്ഥാന ഡപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ മാസം തൊഴിലാളികൾ 170 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടും ശമ്പളം നൽകാൻ പണമില്ലെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ശിവജി സുദർശൻ പറഞ്ഞു. പൊതു സമൂഹത്തിനു മുന്നിൽ ജീവനക്കാരെ അപഹസിക്കുന്ന സമീപനം അപലപനീയമാണ്. ഡീസലിന് അധിക വില നൽകിയതിനാലാണ് ശമ്പളം നൽകാൻ കഴിയാത്തതെന്ന് കള്ളം പറഞ്ഞ് ജീവനക്കാരെയും പൊതുസമൂഹത്തെയും സർക്കാർ പറ്റിക്കുന്നു. അധിക പണം നൽകി ഒരു ലിറ്റർ ഡീസൽ പോലും കെ എസ് ആർ ടി സി വാങ്ങിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സുപ്രീം കോടതിയിൽ പറഞ്ഞു കഴിഞ്ഞു. കള്ളക്കണക്ക് പറഞ്ഞ സർക്കാർ ആ പണം ഇവിടെ പോയി എന്ന് വ്യക്തമാക്കണം. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ പൊതുജനങ്ങൾക്ക് മുന്നിൽ അസത്യം പ്രചരിപ്പിച്ചതും, തൊഴിലാളികളുടെ മൗലികാവകാശമായ ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ല എന്ന് പറഞ്ഞ് പരിഹസിച്ചതും ഗുരുതരമായ വീഴ്ചയും ജനങ്ങളോടും, നിയമ സംവിധാനത്തോടുമുള്ള വെല്ലുവിളിയുമായി ഞങ്ങൾ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണിമുടക്കിയും പ്രതിഷേധിച്ചും മാത്രമേ കെഎസ്ആർടിസിയിൽ ശമ്പളം വാങ്ങാൻ കഴിയൂ എന്നത് അംഗീകരിക്കാനാവില്ലെന്ന് ശിവജി സുദർശൻ പറഞ്ഞു. കാരാർ പ്രകാരം ശമ്പളം എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യണം. വരുമാനത്തിൽ നിന്നും ശമ്പള വിതരണത്തിന് ആദ്യ പരിഗണന നൽകണം നിലവിലെ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത് സർക്കാരാണ്. അതിന് സർക്കാർ തന്നെ ശാശ്വതമായ പരിഹാരം കണ്ടെത്തണം. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞതുപോലെ, കെഎസ്ആർടിസിയുടെ കടവും പെൻഷനും സർക്കാർ ഏറ്റെടുക്കണം. കെഎസ്ആർടിസിക്ക് നീക്കിവച്ച പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയ സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയിൽ ലയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ് അജയകുമാർ, ജനറൽ സെക്രട്ടറി കെ എൽ രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ എൽ ബിജുകുമാർ, സംസ്ഥാന സെക്രട്ടറിമാരായ പ്രദീപ് വി നായർ, എൻ എസ് രണജിത് എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close