Breaking NewsKERALALIME LIGHTNEWSTop News

മലയാളികളെ കുടുകുടെ ചിരിപ്പിച്ചെങ്കിലും അന്ത്യനാളുകളിൽ ജീവിക്കാൻ പെട്ടിക്കട നടത്തേണ്ടി വന്നു; കെ.ടി.എസ് പടന്നയിൽ ഓർമ്മയാകുന്നതോടെ നഷ്ടമാകുന്നത് മലയാള സിനിമയുടെ നിഷ്കളങ്കമായ ചിരി

തന്റെ സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത കാരണവരായി നിറഞ്ഞു നിന്ന കെ.ടി.എസ് പടന്നയിൽ എന്ന നടനെ മലയാള സിനിമ മറന്നു പോയിരിക്കുന്നു. അരനൂറ്റാണ്ടോളം നാടകരംഗത്ത് വേഷം അലങ്കരിച്ച പടന്നയിൽ പിന്നീട് വെള്ളിത്തിരയിലെത്തി മലയാളികളെ കുടുകുടാ ചിരിപ്പിച്ചു. 140 ലധികം സിനിമകളിൽ അഭിനയിച്ച നടൻ അവസാന കാലത്ത് ഉപജീവനത്തിനായി പെട്ടിക്കട നടത്തി വരികയായിരുന്നു.
തൃപ്പൂണിത്തുറയിലെ 601 -ആം നമ്പർ കടമുറിയിൽ മുറുക്കാൻകൂട്ടിനും സിഗരറ്റ് പാക്കറ്റുകൾക്കും നടുക്കിരുന്ന് അതിഥികളെ സ്വീകരിക്കുന്ന ഒരു നിറഞ്ഞ, നിഷ്കളങ്കമായ ചിരിയുണ്ട്. സിനിമാസ്നേഹിയായ ഒരു മലയാളിക്കും അത്രപെട്ടെന്ന് മറക്കാൻ പറ്റാത്ത ഒരു പല്ലില്ലാച്ചിരി. എഴുപത്തിനാല് വർഷമായി അഭിനയം കൊണ്ട് ഉപജീവനം നടത്തുന്ന കെടിഎസ് പടന്നയിൽ എന്ന നമുക്കെല്ലാം സുപരിചിതനായ ‘പല്ലില്ലാത്തപ്പൂപ്പ’നെ ഒരുപക്ഷെ തിരിച്ചറിയുക അദ്ദേഹത്തിന്റെ വ്യത്യസ്തമായ ചിരികളിലൂടെ മാത്രമാണ്.

‘അനിയൻ ബാവ ചേട്ടൻ ബാവ’യിലും ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’ത്തിലും എല്ലാം ‘ഹാ..ഹാ..ഹാ..’ എന്ന അട്ടഹാസത്തിലൂടെ നമ്മുടെ സ്വീകരണമുറികളിൽ ചിരിയുണർത്തിയ കെടി സുബ്രഹ്മണ്യൻ എന്ന എൺപത്തിയഞ്ചുകാരന് അവസാന നാളുകളിൽ തുണയാകാൻ താരസംഘടനയ്ക്കൊ സഹപ്രവർത്തകർക്കോ സാധിച്ചില്ല.മുണ്ട് മുറുക്കിയുടുത്ത് ആണെങ്കിലും വീട്ടുകാർക്ക് ഒരു ബാധ്യതയാകാതെ ആവതില്ലാത്ത കാലത്തും അദ്ദേഹം ജീവിക്കാനായി കഷ്ടപ്പെട്ടു.

അമ്മയുടെ മീറ്റിംഗിനൊക്കെ പോകുമ്പോൾ ഒരുപാട് ആൾക്കാരെ കാണും. പക്ഷെ ഒരു കാരണവരാണെന്ന പരിഗണന പോലും തനിക്ക് ആരും തരാറില്ലെന്ന് പടന്നയിൽ ഒരിക്കൽ പറ‍ഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

ഞാനിങ്ങനെ അവരെ നോക്കും, അവരും നോക്കും. എന്നാൽ ഒരു കാരണവരാണ്, എന്താ ചേട്ടാ സുഖമാണോ എന്ന് ആരും തന്നെ ഒരുവാക്ക് ചോദിക്കാറില്ല. പിന്നെ ഞാൻ ഈ പിള്ളേരുടെ അടുത്ത് ചെന്നിട്ട് മോനെ എന്നെ അറിയോ, എന്ന് ചോദിക്കേണ്ട കാര്യമില്ല. അവർക്ക് മനസിലായില്ലെങ്കിൽ ഞാനും മനസിലാക്കുന്നില്ല

ഒരുപാട് പടത്തിൽ അച്ഛൻ വേഷം ചെയ്തിട്ടുണ്ട്. ജഗതിയൊക്കെയു ള്ളപ്പോൾ ഭയങ്കര സ്‌നേഹമായിരുന്നു. ഇന്നസെന്റും വന്ന് സംസാരിക്കാറുണ്ട്. എന്നാൽ ചിലരെ കാണുമ്പോൾ ജാഡ എന്നൊക്കെ പറഞ്ഞാൽ ഇതാണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്’, പടന്നയിൽ പറയുന്നു.

അയ്യായിരം രൂപ അംഗത്വ ഫീസുള്ളപ്പോൾ താരസംഘടനയായ ‘അമ്മ’യിൽ ചേർന്ന കെ.ടി.എസ് പടന്നയിലിന് ഇന്ന് ‘അമ്മ’ അയ്യായിരം രൂപ പെൻഷനായി നൽകുന്നുണ്ട്.

പരിഭവങ്ങൾ ഒള്ളിലൊതുക്കുമ്പോഴും അതൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.ബാല്യം തൊട്ട് നേരിട്ട ഇത്തരം ഒട്ടനവധി തിരിച്ചടികളാണ് പടന്നയിലിനെ ഈ വാർധക്യത്തിലും സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിച്ചത്.

തൃപ്പൂണിത്തുറ കൊച്ചുപടന്നയിൽ തായിയുടെയും മണിയുടെയും ആറ് മക്കളിൽ ഇളയവനായി 1933 ലാണ് സുബ്രഹ്മണ്യൻ ജനിക്കുന്നത്. ഉടുക്ക്, കാവടിച്ചിന്ത് കലാകാരൻ ആയിരുന്ന അച്ഛന്റെയും കൂലിപ്പണിക്കാരിയായ അമ്മയുടെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, കൊച്ചുസുബ്രഹ്മണ്യൻ പലപ്പോഴും നിറവയറൂണ് എന്ന സ്വപ്നം ഉള്ളിലൊതുക്കി. “ദാരിദ്ര്യമായിരുന്നു. മൂന്നു ദിവസം അടുപ്പിച്ച് പട്ടികിടന്നിട്ടുണ്ട്. ഞാനും തൊട്ടുമൂത്ത ചേട്ടനും കൂടെ കശുവണ്ടി ചുട്ടുതിന്ന് വിശപ്പടക്കിയിട്ടുണ്ട്. പഠിച്ച് ഒരു നിലയിൽ എത്തണം എന്ന് തന്നെയായിരുന്നു അന്നും മോഹം. അതിനും സാധിച്ചില്ല. പണവും പ്രശസ്തിയും നേടാൻ കഴിഞ്ഞില്ലെങ്കിലും പഠിക്കാൻ പറ്റിയില്ല എന്ന സങ്കടം ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close