Breaking NewsNEWSTop NewsWORLD

മനുഷ്യക്കടത്ത് സംഘം കുവൈറ്റിലെത്തിച്ച നൂറോളം യുവതികൾ ഇന്ത്യൻ എംബസിയിൽ അഭയംതേടി; ഭൂരിപക്ഷവും ​ഗൾഫിലെത്തിയത് കൊച്ചി എയർപോർട്ട് വഴി; പെട്ടുപോയവരിൽ അധ്യാപികമാരും

കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽപെട്ട് കുവൈറ്റിലെത്തി കുടുങ്ങിയ നൂറോളം യുവതികൾ ഇന്ത്യൻ എംബസിയിൽ അഭയംതേടി. എംബസിയിൽ അഭയംതേടിയ വനിതകളിൽ‌ ഭൂരിപക്ഷവും കൊച്ചി എയർപോർട്ട് വഴിയാണ് കുവൈറ്റിലേക്കെത്തിയത്. ഇവരെ എംബസിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള ഇവരെ രേഖകൾ ശരിപ്പെടുത്തി നാട്ടിലെത്തിക്കാൻ ഒരു മാസമെങ്കിലും എടുക്കും എന്നാണ് റിപ്പോർട്ട്.

മനുഷ്യക്കടത്ത് കേസ് പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ് (എം.കെ.ഗാസലി) മുഖേന എത്തിയ മൂന്നു പേരും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവർ വ്യത്യസ്ത ഏജന്റുമാർ മുഖേന എത്തിയവരാണ്. കുടുംബത്തിലെ പട്ടിണിയകറ്റാൻ കയറിവന്നവരിൽ സ്കൂൾ അധ്യാപകർ വരെയുണ്ട്.

ഇതിനിടെ, മജീദ് വിദേശത്തേക്കു കടത്തിയ യുവതികളിൽ 3 പേരെ കാണാതായതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മുംബൈ, കോയമ്പത്തൂർ, മംഗളൂരു സ്വദേശികളെയാണു കാണാതായത്. അടിമപ്പണിയിൽനിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിക്കൊപ്പമാണു മുംബൈ സ്വദേശിനി കഴിഞ്ഞിരുന്നത്.

ഇപ്പോൾ കുവൈത്തിലുണ്ടെന്നു പറയപ്പെടുന്ന മജീദ് അവിടെ കീഴടങ്ങിയേക്കുമെന്നാണ് കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് കരുതുന്നത്. മുൻകൂർ ജാമ്യത്തിനായും മജീദ് ശ്രമം നടത്തുന്നുണ്ടെന്നാണു വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close