കാനറി ദ്വീപ്: സ്പെയിനിൽ ലാ പാൽമ ദ്വീപിലെ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ അറ്റ്ലാന്റിക് സമുദ്രത്തിലെത്തി. വിഷവാതകങ്ങൾ ഉണ്ടാവുകയും പൊട്ടിത്തെറി സംഭവിക്കുമെന്നും ആശങ്ക ഉയർന്നിരുന്നു. വെളുത്ത നീരാവി മേഘങ്ങൾ ഉയരുന്നതായി കാണപ്പെട്ടു. ചുവന്ന ചൂടുള്ള ലാവാ പ്രവാഹം കടലുമായി ഇപ്പോൾ ചേർന്ന് കഴിഞ്ഞു. ഇത് ചർമ്മത്തെയും കണ്ണുകളെയും ശ്വസനത്തെയും ബാധിക്കുന്ന രാസപ്രവർത്തനത്തിന് കാരണമാകും.
സെപ്റ്റംബർ 19 ന് കാനറി ദ്വീപുകളിലെ കുംബ്രെ വിജ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് ശേഷം നൂറുകണക്കിന് വീടുകൾ തകർന്നു. ലാവ വീടുകളും സ്കൂളുകളും കാടിൻപ്രദേശങ്ങളും കത്തിയെരിച്ചിരുന്നു. ഏകദേശം 6,000 പേരെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചു. ബുധനാഴ്ച യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് സർവീസ്, ലാവ 267 ഹെക്ടർ (2.7 ചതുരശ്ര കി.മീ) മൂടുകയും സമുദ്രത്തിലേക്കുള്ള വഴിയിൽ 656 വീടുകൾ നശിപ്പിക്കുകയും ചെയ്തതായി പറയുന്നുണ്ട്.
ചൊവ്വാഴ്ച വൈകിയാണ് ലാവ സമുദ്രത്തിലെത്തിയതെന്ന് കാനറി ദ്വീപുകളുടെ വോൾക്കാനിക് ഇൻസ്റ്റിറ്റ്യൂട്ട് (ഇൻവോൾക്കൻ) ട്വീറ്റ് ചെയ്തു. പ്രാദേശിക ടിവിയിൽ പ്രക്ഷേപണം ചെയ്ത ഫൂട്ടേജിൽ ലാവാ നദി ഒരു പാറക്കെട്ടിൽ നിന്ന് വെള്ളത്തിലേക്ക് ഒഴുകുന്നതായി കാണാമായിരുന്നു. നീരാവിയും വലിയ വാതകങ്ങളും ഉയരുന്നത് അതിൽ കാണാം. തീരത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോൾ പൊട്ടിത്തെറിക്കുകയും സ്ഫോടനത്തിന് കാരണമാവുകയും ചെയ്യുമെന്ന ആശങ്കയുമുണ്ട്.