വൻ മലയിടിഞ്ഞ് കൊണ്ടുപോയത് വീടുകളും കൃഷിഭൂമികളും ഉൾപ്പെടെ; പത്തുപേർ മണ്ണിനടിയിൽ എവിടെയെന്ന് ഇനിയുമറിയില്ല; കൂട്ടിക്കലിലെ പ്ലാപ്പള്ളിയിൽ ഉണ്ടായത് അതിഭീകരമായ മണ്ണിടിച്ചിൽ

കോട്ടയം: കൂട്ടിക്കലിലെ പ്ലാപ്പള്ളിയിൽ ഉണ്ടായത് അതിഭീകരമായ മണ്ണിടിച്ചിൽ. ഒരു വലിയ മല അപ്പാടെ തകർന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തകർത്ത് ഒലിച്ചു പോകുകയായിരുന്നു. 13 പേരെയാണ് കുത്തിയൊലിച്ചെത്തിയ മലവെള്ളം കൊണ്ടുപോയത്. അതിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വീടുകളും കൃഷി ഭൂമികളും വൻ മരങ്ങളുമടക്കം മണ്ണിനടിയിലായി. പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടിയ മേഖല തീർത്തും ജനവാസ യോഗ്യമല്ലാതായി മാറിയിരിക്കുകയാണ്.
കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളെന്നാണ് വിവരം. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഉരുൾപൊട്ടലിൽ മൂന്നു വീടുകൾ ഒലിച്ചുപോയി. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. കൂട്ടിക്കലിലെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ നിലവിൽ 9 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. കൂട്ടിക്കൽ, കൂവപ്പള്ളി ഒഴികെ ഏകദേശം 60 ഓളം കുടുംബങ്ങളെ ക്യാംപുകളിൽ എത്തിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്കിൽ 16 പേരെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ സാഹചര്യം അതീവ ഗുരുതരമെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. കാണാതായവർക്കായി തെരച്ചിൽ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കാഞ്ഞിരപ്പള്ളി ടൗണില്‍ വെള്ളം കയറുന്നത്. മേരി ക്യൂന്‍സ് ആശുപത്രിയും പരിസരവും വെള്ളം നിറഞ്ഞു. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഉരുള്‍ പൊട്ടി. ചോലത്തടം ഭാഗത്താണ് ഉരുള്‍ പൊട്ടലുണ്ടായത്. പഞ്ചായത്ത് അംഗം റെജി ഷാജിയുടെ വീട് ഭാഗകമായി തകര്‍ന്നു. മന്നം ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീട് ഒലിച്ചു പോയി. പൂഞ്ഞാര്‍, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്.
മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്- വാഗമൺ റോഡിൽ ഉരുൾപൊട്ടി. ജനവാസ മേഖലയല്ലാത്തതിനാൽ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തിൽ ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവർ പല സ്ഥലങ്ങളിലും കുടുങ്ങി.
കനത്ത മഴയിൽ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടിയിലായി. മുണ്ടക്കയം–എരുമേലി റോഡിലെ കോസ് വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാർ വീടിനു മുകളിൽ കയറിയിരിക്കുന്നു. മുണ്ടക്കയം–എരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.
കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയുടെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സന്നദ്ധ സേനയും സിവില്‍ ഡിഫന്‍സും അടിയന്തരസാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചു. ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്കി.
സംസ്ഥാന അടിയന്തര കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജരായിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസ് സേനയെ മുഴുവനായും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.