INDIANEWSTop News

രാജ്യസഭാ സീറ്റ് ആർക്കൊക്കെ ? നിർണായക ഇടതു മുന്നണി യോഗം ഇന്ന്

രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഇന്നുണ്ടാകും. ഇന്ന് ചേരുന്ന നിര്‍ണായക ഇടതു മുന്നണി യോഗത്തിലാകും തീരുമാനം. രാജ്യസഭാ സീറ്റ് വേണമെന്ന് സിപിഐ, എന്‍സിപി, എല്‍ജെഡി, ജെഡിഎസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എം വി ശ്രേയംസ്‌ കുമാറിന്റെ ഒഴിവിലേക്ക് എല്‍ജെഡി അവകാശവാദമുന്നയിച്ച് പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. ആറ് വര്‍ഷത്തേക്കുള്ള സുവര്‍ണാവസരമായി രാജ്യസഭാ സീറ്റ് രാഷ്ട്രീയ നേതൃത്വങ്ങള്‍ കാണുന്നു. നേരെ എം.പി സ്ഥാനത്തേക്ക് പോകാം എന്നതാണ് ഏവരുടേയും കണ്ണ് രാജ്യസഭ സീറ്റിലേക്ക് തടഞ്ഞിരിക്കുന്നതിന്റെ കാരണം. വലിയ പ്രതീക്ഷകളിലും അതുമായി ബന്ധപ്പെട്ട കരുനീക്കങ്ങളിലുമാണ് എല്ലാവരും.

എല്‍ഡിഎഫ് ഔദ്യോഗികമായി സീറ്റ് ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. കേരളത്തില്‍ മൂന്ന് സീറ്റാണുള്ളത്. അതില്‍ രണ്ടെണ്ണം എല്‍ഡിഎഫ് നിരയ്ക്ക് കിട്ടുന്നതാണ്. അതില്‍ ഒരെണ്ണം സിപിഎം എടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സിപിഐ അടക്കം നാല് ഘടകകക്ഷികള്‍ ഒരു സീറ്റിനായി അവകാശവാദം ഉന്നയിച്ചതാണ് ഇടതു മുന്നണിയിലെ നിലവിലെ പ്രതിസന്ധി. ഇതിനാലാണ് എല്‍ഡിഎഫിന്റെ സംസ്ഥാന സമിതി ഇന്ന് വിളിച്ചു ചേര്‍ക്കുന്നത്.

ആഭ്യന്തര പ്രശ്‌നങ്ങളില്‍ കലഹിക്കുന്ന ഐഎന്‍എല്ലിന് മുന്നണി യോഗത്തിലേക്ക് ക്ഷണമില്ല. ആര്‍ക്കാകും സീറ്റ് എന്നതില്‍ എല്‍ഡിഎഫ് യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. ഇതിനു ശേഷമാകും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് പാര്‍ട്ടി കടക്കുക. സിപിഎമ്മിനുള്ളിലും സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. യുവാക്കളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്ന് അറിയുന്നു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്ന കാര്യവും എല്‍ഡിഎഫ് യോഗം ഇന്ന് ചര്‍ച്ച ചെയ്യും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനുമായി ബന്ധപ്പെട്ടുള്ള വിവാദം നിലനില്‍ക്കേയാണ് യോഗം ബസ് ചാര്‍ജ് വര്‍ദ്ധനവും ചര്‍ച്ച ചെയ്യുന്നത്.

യുഡിഎഫില്‍ കോണ്‍ഗ്രസിനു തന്നെയാണ് സീറ്റുള്ളത്. എല്ലാത്തരം പ്രാതിനിധ്യവും പറഞ്ഞാണ് നേതാക്കള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. ഒരു ഡസനോളം നേതാക്കള്‍ പ്രത്യക്ഷമായി തന്നെ രംഗത്തുണ്ട്. സീറ്റ് തനിക്ക് തന്നെ വേണമെന്നാവശ്യപ്പെട്ട് കെ വി തോമസ് നേരെ ഹൈക്കമാന്‍ഡില്‍ വരെ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, ഇത്തവണ ചെറുപ്പക്കാര്‍ക്ക് ആര്‍ക്കെങ്കിലും കൊടുക്കണമെന്ന ചിന്ത വച്ചു പുലര്‍ത്തുന്നുണ്ട്. എം ലിജു, സതീശന്‍ പാച്ചേനി എന്നിവരുടെ പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ട്. വനിതക്കും ഭൂരിപക്ഷസമുദായത്തിനും പ്രാതിനിധ്യം വേണമെങ്കില്‍ പത്മജാ വേണുഗോപാലിനെ പരിഗണിക്കണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. പിന്നോക്കവിഭാഗത്തെ പരിഗണക്കണമെന്നാണ് പന്തളം സുധാകരന്റെ ആവശ്യം. എം എം ഹസ്സനും സജീവനപരിഗണനയിലാണ്. എ കെ ആന്റണിയുടെ മനസ് കൂടി അറിഞ്ഞ ശേഷമാകും അന്തിമതീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close