
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയെ ശക്തിപ്പെടുത്താൻ പുതിയ നീക്കങ്ങളുമായി നേതൃത്വം. കൂടുതൽ പേരെ നേതൃനിരയിലേക്ക് കൊണ്ടുവരും. വരുന്നവരുടെ പ്രവർത്തനം കൃത്യമായി വിലയിരുത്തും. പാർട്ടി ഏൽപ്പിക്കുന്ന ജോലികളിൽനിന്ന് വിട്ടുനിൽക്കുന്ന ഭാരവാഹികൾക്ക് ചുമതല നഷ്ടമായേക്കും. സമൂഹമാധ്യമങ്ങളിലും മറ്റും പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചാൽ നടപടിയുണ്ടാകും.
ബൂത്ത്, പഞ്ചായത്തുതലം മുതൽ സംസ്ഥാനതലം വരെ പാർട്ടി നേതാക്കളുടെ പ്രവർത്തനം മേൽഘടകങ്ങൾ വിലയിരുത്തും. നേതൃത്വത്തിനെതിരായ വിയോജിപ്പ് മൂലം പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്ന സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ ഇതിലൂടെ പൂട്ടാനാകുമെന്നാണ് ഒൗദ്യോഗിക വിഭാഗത്തിന്റെ പ്രതീക്ഷ. പാർട്ടിക്കുള്ളിൽ സ്ഥാനമാനങ്ങൾ ലഭിക്കാത്തത് പലരെയും പ്രവർത്തനത്തിൽനിന്ന് അകറ്റി നിർത്തുന്നെന്ന വിലയിരുത്തലുണ്ട്. ഇൗ സാഹചര്യത്തിൽ നിലവിലെ നിേയാജകമണ്ഡലങ്ങളെ രണ്ടായി വിഭജിച്ച് 280 മണ്ഡലം കമ്മിറ്റികൾ രൂപവത്കരിക്കും. നിയോജകമണ്ഡലം കമ്മിറ്റികൾക്ക് പകരം മണ്ഡലം കമ്മിറ്റികൾ നിലവിൽവരും. പുനഃക്രമീകരണം സംബന്ധിച്ച വിശദ മാർഗരേഖ ജില്ലകളിലേക്ക് സംസ്ഥാന കമ്മിറ്റി അയച്ചിട്ടുണ്ട്.
മൂന്നുതവണ തുടർച്ചയായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നവരെ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കും. സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി നേതാക്കൾ അഭിപ്രായം പ്രകടിപ്പിക്കുന്നത് തടയാൻ നിരീക്ഷണം ശക്തമാക്കും. അടുത്തഘട്ടമായി പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. നേതൃനിരയിൽ സ്ത്രീപ്രാതിനിധ്യം കൂട്ടും. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് കൂടുതൽപേരെ ഭാരവാഹികളാക്കാനും നിർദേശമുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്