കന്യകയിലെഴുതിയ വയലറ്റ് എന്ന നോവലിൽ നടിയെ തട്ടിക്കൊണ്ടുപോകുന്നതും അതിന് പിന്നിലെ ഗൂഢാലോചനയും പ്രമേയമായത് സംഭവം നടക്കുന്നതിനും രണ്ടു വർഷം മുമ്പ്; അതേ നോവലിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കപ്പെടുന്നത് ഐശ്വര്യയുടെയും ധനുഷിന്റെയും ജീവിതത്തിൽ; പ്രവാചക സ്വഭാവമുള്ള നോവലിലെ പോലെ അവരുടെ ജീവിതത്തിലും ആ രഹസ്യം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ നോവലിസ്റ്റും; പ്രമുഖ ടെലിക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീൺ ഇറവങ്കര എഴുതുന്നു

പ്രവീൺ ഇറവങ്കര
2015 ൽ കന്യക ദ്വൈവാരികയ്ക്കു വേണ്ടി ഞാൻ എഴുതിയ നോവൽ കഴിഞ്ഞ 7 വർഷമായി നിരന്തരം എന്നെ ഞെട്ടിച്ചു കൊണ്ടേയിരിക്കുന്നു. നടി ആക്രമിക്കപ്പട്ട സംഭവം അതേപടി ആ നോവലിൽ ആവിഷ്കരിച്ചിട്ടുണ്ട്. ദിലീപ് കേസ് ഉണ്ടാവുന്നത് 2017ൽ ആണെന്നോർക്കണം. നോവൽ അപ്പോഴും പ്രസിദ്ധീകരിച്ചു തീർന്നിരുന്നില്ല. അതുകൊണ്ടു തന്നെ പ്രവചന സ്വഭാവമുളള നോവലിനെക്കുറിച്ച് അന്ന് നോവലിനൊപ്പം കന്യക സവിസ്തരം ഒരു സചിത്ര ലേഖനം കൂടി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്നിപ്പോൾ വീണ്ടും വയലറ്റ് ഓർമ്മയിൽ മുറിവുണർത്തുന്നത് മറ്റൊരു പത്രവാർത്തയുടെ ഞെട്ടലോടെയാണ്. വിവാഹമോചന ശേഷം ഐശ്വര്യയും ധനുഷും ഒരുമിച്ച് ഹൈദരാബാദിൽ!
ഇതിലെന്താ ഇത്ര ഞെട്ടൽ എന്നല്ലേ ? പറയാം. ആ കഥ അറിയണമെങ്കിൽ 7 വർഷം മുമ്പ് 50 അദ്ധ്യായങ്ങളിലായി കന്യക പ്രസിദ്ധീകരിച്ച എന്റെ വയലറ്റ് എന്താണെന്ന് നിങ്ങൾ അറിയണം. 2015 ജനുവരി ആദ്യവാരം. തലസ്ഥാന നഗരിയിലെ ഒരു തണുത്ത സീരിയൽ പ്രഭാതത്തിൽ ഗൗരീവന്ദനം ഹോട്ടലിലെ അടച്ചിട്ട മുറിയിലിരുന്ന് ഞാൻ ചൂടോടെ അന്നത്തേക്കുളള സീനുകൾ എഴുതി മറിക്കുമ്പോഴാണ് കന്യകയുടെ എഡിറ്റർ ഇൻ ചാർജ്ജ് ഏ.ചന്ദ്രശേഖർസാറിന്റെ കോൾ വരുന്നത്. ലോകത്ത് വേറെ ആരുടെ ഫോണാണെങ്കിലും ആ നേരം ഞാൻ എടുക്കില്ല. പുറത്ത് സീൻ കൊണ്ടു പോകാൻ പ്രൊഡക്ഷൻ മാനേജർ വെയിറ്റിംഗ് ആണ്.

കഥാപാത്രങ്ങൾ കൺമുന്നിലെ കടലാസിൽ കഥയറിയാതെ കണ്ണുമലച്ചു കിടക്കുന്നു. കാലത്ത് ഷൂട്ട് തുടങ്ങാനുള്ള ആദ്യ സീനെങ്കിലും പോകണം. ഒരു തിരക്കഥാകൃത്ത് നേരിടുന്ന അതിസങ്കീർണ്ണമായ ആഗോള പ്രതിസന്ധി! പക്ഷേ വിളിക്കുന്നത് ചന്ദ്രശേഖർസാർ ആണ്. ഞാൻ അടിയന്തരാവസ്ഥ മറന്ന് ഫോണെടുത്തു. “കന്യകയ്ക്ക് വയലറ്റ് എന്ന പേരിൽ ഉടൻ ഒരു നോവൽ വേണം.അടുത്ത ലക്കം കയറണം “സൗമ്യത്തിൽ സൗമ്യമായ ചന്ദ്രശേഖരസ്വരം. എതിരു പറയാൻ പറ്റില്ല. സമ്മതിച്ചു. അപ്പൊത്തന്നെ ഒറ്റ സെക്കന്റിൽ പ്രമേയവും പേരും നിശ്ചയിച്ചു.
വയലറ്റ്!
സിനിമയ്ക്കുളളിലെ സിനിമയാണ് കഥാതന്തു. ആർട്ടിസ്റ്റ് സുരേഷിന് വരയ്ക്കാനുള്ള പടവും പറഞ്ഞു കൊടുത്തു. ഫോൺ വെച്ചപ്പൊഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. ഞാൻ ഇതെന്തു ഭാവിച്ചാണ്?! ചുമ്മാ ഒരു ധൈര്യത്തിനു കേറി ഏറ്റതാണ്. 24 മണിക്കൂർ സീരിയൽ എഴുതാൻ തന്നെ തികയുന്നില്ല.അതിനിടയ്ക്ക് നോവൽ കൂടി… പിന്നെ ജീവിത പ്രാരാബ്ധങ്ങളും കിട്ടാൻ പോകുന്ന കാശും കൈകോർത്ത് കൺമുന്നിൽ വന്ന് കണ്ണുരുട്ടി കാണിച്ചപ്പൊ നിശ്ചയിച്ചുറപ്പിച്ചു. വയലറ്റെങ്കിൽ വയലറ്റ് !!
അങ്ങനെ പറഞ്ഞ ലക്കം തന്നെ നോവൽ തുടങ്ങി. ഞാൻ എഴുതി എന്നല്ല ചന്ദ്രശേഖർ സാർ ഭീഷണിപ്പെടുത്തി എഴുതിച്ചു എന്നതാ സത്യം. നോവൽ പോകേണ്ട ദിവസങ്ങളിൽ പുലർച്ചെ 2 മണിക്കും 3 മണിക്കും എഴുന്നേറ്റ് സീരിയലിനുളള ഒന്നോ രണ്ടോ സീൻ എഴുതിക്കൊടുത്ത ശേഷം നോവൽ എഴുതും. പക്ഷേ സത്യം പറയട്ടെ തിരക്കിട്ടെഴുതിയ ഒരു കൈപ്പിഴയും ആ നോവലിന് ഇല്ലായിരുന്നു. വയലറ്റ് എഴുതാനിരുന്നപ്പൊഴൊന്നും അക്ഷരത്തിനും ആശയത്തിനും ആത്മാവിനും പഞ്ഞം വന്നില്ല. ഒരു തരം സുഖമുളള ഒഴുക്ക്.
മറ്റാരോ പറഞ്ഞ് എഴുതിക്കും പോലെ.
കടലാസിൽ പേന കൈപിടിച്ചാരോ ചലിപ്പിക്കും പോലെ.
സിനിമയ്ക്കുളളിലെ സിനിമ അങ്ങനെ പുരോഗമിച്ചു.
2015 ൽ നിന്നും 2017ലേക്ക്. ഷൂട്ടിനൊപ്പമുളള യാത്രകളിൽ തിരുവനന്തപുരത്തും പൊന്മുടിയിലും മൂന്നാറിലും കുട്ടിക്കാനത്തും കോട്ടയത്തും എറണാകുളത്തും ഇടക്ക് ഒരു മീറ്റിംഗിനു പോയപ്പോൾ ഡൽഹിയിൽ നിന്നുമൊക്കെയായി അദ്ധ്യായങ്ങൾ ഒന്നൊന്നായി ഞാൻ അയച്ചു കൊണ്ടിരുന്നു. വായനക്കാരിൽ നിന്നുള്ള നല്ല പ്രതികരണങ്ങൾ എന്റെ പുതിയ അദ്ധ്യായങ്ങൾക്ക് കരുത്തായി.
അങ്ങനെ ഒരു ലക്കത്തിൽ നടിയെ തട്ടിക്കൊണ്ടു പോകുന്ന കഥ അരങ്ങേറുന്നു. നോവലിനെ സംബന്ധിച്ച് ഒരു സാധാരണ കഥാ സന്ദർഭം. പക്ഷേ കഥ മാറിയത് അവിടെയല്ല. നോവൽ ക്ലൈമാകസോടെ അടുക്കുന്നു. 2017 ഫെബ്രുവരി 17ന് അർദ്ധ രാത്രിയിൽ മലയാളക്കരയെ ഞെട്ടിച്ചു കൊണ്ട് നോവലിൽ പറഞ്ഞ സംഭവങ്ങൾ വള്ളിപുള്ളി വിടാതെ യാഥാർത്ഥ്യമാവുന്നു. കന്യക ആ ലക്കം നോവലിനൊപ്പം വയലറ്റിലെ പ്രവചനങ്ങൾ ഓരോന്നും എടുത്തു പറഞ്ഞ് വലിയ ലേഖനം തന്നെ പ്രസിദ്ധീകരിച്ചു.
അന്ന് ഈ കഥ പറയാൻ ഒരുപാട് ചാനൽ സുഹൃത്തുക്കൾ എന്നെ പ്രൈം ടൈം ന്യൂസുകളിലെക്ക് വിളിച്ചിരുന്നു. സ്നേഹപൂർവ്വം പറഞ്ഞൊഴിഞ്ഞു. പോവാതിരുന്നത് പ്രവാചകനായിപ്പോകുമെന്ന പേടി കൊണ്ടല്ല. ഒരു പെണ്ണിന്റെ കണ്ണീരു വിറ്റ് ആളാവേണ്ടന്നു കരുതിയാ. നോവലിൽ പറഞ്ഞ കഥാ സന്ദർഭങ്ങൾ മിക്കതും കഴിഞ്ഞ 12 വർഷത്തിനിടെ ചലച്ചിത്ര മേഖലയിൽ അക്ഷരംപ്രതി നടക്കുന്നത് ഞാനും വായനക്കാരും അറിഞ്ഞു.ഒരുപാടു പേർ എന്നെ വിളിക്കാറുണ്ട്. പ്രവാചകനായ എഴുത്തുകാരന് ദൃഷ്ടി ദോഷം കിട്ടാതിരിക്കാൻ ജപിച്ച ഏലസ്സും ചരടുമായി 65 കിലോമീറ്റർ കാറോടിച്ചു വന്ന ആരാധികയായ കൊളേജ് അദ്ധ്യാപിക വരെയുണ്ട്!
പക്ഷേ ഇന്നോളം ഈ വിഷയത്തിൽ ഞാൻ നിശബ്ദനായിരുന്നു. കഥയിലെ ഒരു സന്ദർഭവും ഇനി സംഭവിക്കരുതേയെന്ന പ്രാർത്ഥനയിലായിരുന്നു. ഇന്ന് കാലത്ത് ഐശ്വര്യയെയും ധനുഷിനെയും ഒരുമിച്ച് ഹൈദരാബാദിൽ കണ്ടു മുട്ടും വരെ. വിവാഹമോചന ശേഷം വയലറ്റിലെ നായകനെയും നായികയെയും ഒരുമിച്ച് തെങ്കാശിയിലെ ഹോട്ടൽ മുറിയിൽ കാണുന്ന പാപ്പരാസികൾ അവരെ പിൻ തുടരുന്നുണ്ട്. നിയമപരമായി അവർ വിവാഹബന്ധം വേർപെടുത്തി സ്വകാര്യമായി ഒരുമിച്ചു ജീവിച്ചതിനു പിന്നിൽ അവർക്കു മാത്രം അറിയാവുന്ന ഒരു രഹസ്യമുണ്ടായിരുന്നു. ഐശ്വര്യ-ധനുഷ് കഥയുടെ പുരോഗതി അതാവരുതേ എന്ന് ആത്മാർത്ഥമായും ഞാൻ ആഗ്രഹിക്കുന്നു. സ്റ്റൈൽ മന്നനും സാധു മനുജനുമായ രജനികാന്തിന്റെ മകളും മരുമകനും നല്ലതു വരാനല്ലേ ഏതു മനുഷ്യരെയും പോലെ നമ്മളും ആശിക്കൂ.
കഥ ജീവിതവും ജീവിതം കഥയുമായതു കൊണ്ട് ഇത്തരം സാമ്യതകളൊക്കെ സ്വാഭാവികമാണ്. പക്ഷേ ഒരു നോവലിലെ മുഴുവൻ അദ്ധ്യായങ്ങളും അതേപടി സംഭവിക്കുമ്പോൾ എന്തോ ഒരാശങ്ക. പ്രവാചകനല്ല മനുഷ്യനാവാൻ ഒരു കൊതി.
ഭാവികാലം എനിക്കു വേണ്ട. ഭൂതവും വർത്തമാനവും തന്നെ ധാരാളം!
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..