Breaking NewsINSIGHTNEWSTrendingWORLD

‘പിടിയിലാകും മുമ്പ് മരണപ്പെടുകയാണെങ്കിൽ ഇസ്ലാമാബാദിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് മൂന്നു ദിവസം കെട്ടിത്തൂക്കണം’; ഇന്ത്യയിൽ ജനിച്ച് പാകിസ്ഥാന്റെ പരമാധികാരിയായി മാറിയ പർവേസ് മുഷാറഫിന്റെ ജീവിത കഥ

ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷാറഫിന്റെ ജീവിതം ഒരു ക്രൈം ത്രില്ലർ സിനിമയെ പോലും വെല്ലുന്നതായിരുന്നു. നിലവിൽ അത്യാസന്ന നിലയിലാണ് മുഷാറഫ് എന്നാണ് അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങൾ വ്യക്തമാക്കുന്നത്. മുഷാറഫ് മരിച്ചെന്ന് പാക് മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു.

ഇന്ത്യയിൽ ജനിച്ച് പാകിസ്ഥാനിലേക്ക് കുടിയേറിയ മുഷാറഫ് പട്ടാള അട്ടിമറിയിലൂടെയാണ് പാക്കിസ്ഥാനിൽ അധികാരം പിടിക്കുന്നത്. പിന്നീട് ‘ചീഫ് എക്‌സിക്യൂട്ടീവ്’ ആയി സ്വയം അവരോധിതനായ മുഷാറഫ്, സ്വന്തം രാജ്യത്ത് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് വിചാരണ നേരിടേണ്ടിയും വന്നു.

1943 -ൽ ന്യൂ ഡൽഹിയിലായിരുന്നു പർവേസ് മുഷറഫിന്റെ ജനനം. വിഭജനാനന്തരം മുഷറഫിന്റെ കുടുംബം ഡൽഹിവിട്ട് പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലേക്ക് കുടിയേറി. പാക് സർക്കാർ സർവീസിൽ നയതന്ത്രജ്ഞനായിരുന്നു മുഷറഫിന്റെ അച്ഛൻ. 1964 -ൽ പട്ടാളത്തിൽ ചേരുന്നതോടെ മുഷാറഫിന്റെയും ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. ‘ഓഫീസർ കോർപ്‌സി’ൽ ചേർന്ന മുഷറഫ് 1965 -ലെയും, 1971 -ലെയും യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുത്ത് പോരാടി. വളരെ വേഗത്തിൽ സ്ഥാനക്കയറ്റങ്ങൾ മുഷറഫിനെ തേടിയെത്തി. ഒടുവിൽ 1998 -ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ്, പർവേസ് മുഷറഫിനെ രാജ്യത്തെ സായുധസേനയുടെ തലവനായി നിയമിച്ചു.

1999 അടുപ്പിച്ച് നവാസ് ഷെരീഫും പർവേസ് മുഷറഫും തമ്മിൽ തെറ്റുന്നു. പർവേസ് മുഷറഫ് ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞ് തിരികെ പാക്കിസ്ഥാനിലേക്കുള്ള വിമാനത്തിലേറുന്നതിനിടെ മുഷറഫിനെ പിരിച്ചു വിടാനുള്ള തീരുമാനം നവാസ് ശരീഫ് പ്രഖ്യാപിക്കുന്നു. എന്നാൽ, മുഷറഫിന്റെ പ്രതികരണവും വളരെ പെട്ടെന്നായിരുന്നു. വിമാനം പാക് മണ്ണിൽ ലാൻഡ് ചെയ്തതും, മുഷറഫ് പട്ടാളത്തോട് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ ‘ചീഫ് എക്‌സിക്യൂട്ടീവ്’ ആയി മുഷറഫ് സ്വയം അവരോധിച്ചു.

2001 ൽ പാക്കിസ്ഥാൻ പ്രസിഡന്റായ മുഷറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്‌മെന്റ് നടപടികൾ ഒഴിവാക്കാനായിരുന്നു സ്ഥാനത്ത് നിന്ന് മാറിയത്. തുടർന്ന് മുഷാറഫ് വിദേശത്തേക്ക് കടന്നു. വിദേശത്ത് കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാക്കിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടിയും രൂപീകരിച്ചിരുന്നു. 2013 ൽ പാർലമെന്റിലേക്ക് മത്സരിക്കാൻ പാക്കിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി. 2016 ലാണ് മുഷറഫ് രാജ്യം വിട്ടത്.

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടുന്നു

2013ലാണ് പർവേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാർച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാൽ വിചാരണ തുടങ്ങാൻ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു. അതിരൂക്ഷമായ പരാമർശങ്ങളുമായി പ്രത്യേക കോടതി മുഷറഫിന് വധശിക്ഷ വിധിച്ച നടപടിയും വിവാദമായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പർവേസ് മുഷ്റഫ് മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ മൃതശരീരം പാർലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നുമായിരുന്നു പ്രത്യേക കോടതി നിർദ്ദേശിച്ചത്.

ചികിത്സയിൽ കഴിയുന്ന മുഷ്റഫിനെ പിടികൂടാൻ നിയമപാലകരോട് കോടതി നിർദ്ദേശിച്ചിരുന്നു. അഥവാ പിടിയിലാകുന്നതിന് മുമ്പ് മുഷ്റഫ് മരണപ്പെടുകയാണെങ്കിൽ ഇസ്ലാമാബാദിലെ ഡി-ചൗക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനും മൂന്നുദിവസത്തേക്ക് കെട്ടിത്തൂക്കാനുമായിരുന്നു അടുത്ത നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ദ്ധർ വിശേഷിപ്പിച്ചത്.

വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയ ലാഹോർ ഹൈക്കോടതി മുഷാറഫിനെ വെറുതെ വിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ചതോടെയാണ് ക്രൂരമായ ശിക്ഷാ നടപടിയിൽ നിന്നും അദ്ദേഹം മുക്തനായത്. വധശിക്ഷ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. പ്രത്യേക കോടതിയുടെ രൂപീകരണം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച മൂന്നംഗ ബെഞ്ച് ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസിന്റെ നടപടികൾക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

2007 നവംബർ മൂന്നിന് ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014 മാർച്ച് 31നാണ് പർവേസ് മുഷറഫിനെതിരെ കേസെടുത്തത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ൽ വിധി വന്നിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.ഏത് സമയവും പാക്കിസ്ഥാനിൽ താൻ തിരിച്ചെത്തുമെന്നും ഭരണം പിടിക്കുമെന്നും മുഷറഫ് പലപ്പോഴും ആവർത്തിച്ചുകൊണ്ടിരുന്നു. ഓൾ പാക്കിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചുവെങ്കിലും ജനപിന്തുണ നേടാനായില്ല.

ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല. 2017ൽ ബേനസീർ ഭൂട്ടോ വധക്കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്‌പോർട്ടും പാക്കിസ്ഥാൻ സർക്കാർ സസ്‌പെൻഡ് ചെയ്തു. പാക്ക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ദുബായിൽ ഉന്നത ബന്ധങ്ങളുള്ള മുഷറഫിനെ നാട്ടിലെത്തിച്ച് വധശിക്ഷ നടപ്പിലാക്കുക എന്നത് എളുപ്പമാകില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close