
തിരുവന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമദ് റിയാസ് നടത്തുന്ന മിന്നൽ സന്ദർശന വാർത്തകൾ വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾ കേന്ദ്രീകരിച്ചുള്ള മന്ത്രിയുടെ മിന്നൽ സന്ദർശനം തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെ കഴിഞ്ഞു.
ആദ്യ മിന്നൽ സന്ദർശനം തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ്ഹൗസിലായിരുന്നു. മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ മിന്നൽ സന്ദർശനം വലിയ വിമർശനം ക്ഷണിച്ചു വരുത്തുകയുമുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ വിമർശനം ഉയർത്തിയിരിക്കുന്നത്.
അഡ്വ. എ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നുു
മിന്നൽ… ഇത്തവണ വടകര റസ്റ്റ് ഹൗസിലാണ് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം നടന്നത്. ടിവി ക്യാമറകളുടെ അകമ്പടിയോടെ സഖാവ് റസ്റ്റ് ഹൗസും പിന്നാമ്പുറവും പരിശോധിച്ചു, കുപ്പയിൽ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറിൽ യാത്രയായി. തുലാവർഷ കാലമാണ്. മിന്നലും ഇടിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം, കരുതിയിരിക്കുക. ഇതായിരുന്നു ജയശങ്കറിന്റെ പോസ്റ്റ്.
കേരളത്തിലുടനീളം പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തകർന്നു കിടക്കുകയാണ്. അതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ നിയമഭയിൽ ജലസേചന വകുപ്പിനെ പഴിചാരി മന്ത്രി മുഹമദ് റിയാസ് ഒഴിഞ്ഞു മാറുകയായിരുന്നു. അതിനിടെയാണ് പ്രതിച്ഛായ നന്നാക്കാൻ വേണ്ടിയുളള മിന്നൽ സന്ദർശന രാഷ്ട്രീയം.