Breaking NewsKERALANEWSTop News

ബിജെപിയെ കോട്ടയം ജില്ലയിലെ നമ്പർവൺ ശക്തിയാക്കും; ജിഹാദികൾക്കെതിരെ ക്രൈസ്തവ സമൂഹവുമായി യോജിച്ച് പോരാട്ടം; ഇടതു മുന്നണിയും കോൺ​ഗ്രസും തകർച്ചയിൽ; ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ മീഡിയ മം​ഗളത്തോട് പ്രതികരിക്കുന്നു

കോട്ടയം: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി ലിജിൻ ലാൽ ജി യെ നിയോ​ഗിച്ചതോടെ ഒരു അപൂർ‌വ വിശേഷണത്തിന് കൂടി അദ്ദേഹം അർഹനാകുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാൽ. വെറും 38 വയസ് മാത്രം പ്രായമുള്ളപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുടെ ജില്ലാ പ്രസിഡന്റായിരിക്കുകയാണ് കുറിച്ചിത്താനം, മരങ്ങാട്ടുപിള്ളി സ്വദേശിയായ ലിജിൻ.

ജില്ലാ പ്രസിഡന്റായി നിയോ​ഗിക്കപ്പെട്ടതിന് ശേഷം ലിജിൻ മീഡിയ മം​ഗളത്തോട് മനസ് തുറക്കുന്നു..

ചോദ്യം: 38 മത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുടെ ജില്ലാ പ്രസിഡന്റായിരിക്കുകയാണ്.

ലിജിൻ ലാൽ: അതാണ് ബിജെപി. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പാർട്ടിയാണ്. ബിജെപി എല്ലാവർക്കും അവസരങ്ങൾ നൽകുന്ന പാർട്ടിയാണ്. ലഭിക്കുന്ന അവസരങ്ങൾ വിനിയോ​ഗിക്കുക എന്നതാണ് ഞാൻ കാണുന്നത്.

ചോദ്യം: ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ദൗത്യം എന്താണ്?

ലിജിൻ ലാൽ: കോട്ടയം ജില്ലയിൽ സംഘടനയെ പൂർവാധികം ശക്തിപ്പെടുത്തി മുന്നോട്ട് പോകുക. അതോടൊപ്പം തന്നെ കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾ കൂടുതൽ ജനകീയമാക്കി അവ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവക്കാണ് പ്രഥമ പരി​ഗണന. കോട്ടയം ജില്ലയിൽ ബിജെപി ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളാണ് ഉള്ളത്. ചില പഞ്ചായത്തുകളിൽ ഭരണം നഷ്ടമായത് ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ്. അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്കും പാർട്ടിയെ ജില്ലയിലെ നിർണായക ശക്തിയാക്കി മാറ്റാൻ കഴിയും എന്നാണ് വിശ്വാസം.

കോട്ടയം ന​ഗരസഭയിൽ എന്ത് നിലപാടെടുക്കും?

നേരത്തേ തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. ന​ഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും. ബിജെപി മറ്റൊരാളെയും പിന്തുണയ്ക്കില്ല. ആരെങ്കിലും പാർട്ടിയെ പിന്തുണയ്ക്കാൻ തയ്യാറായാൽ എന്ത് ചെയ്യണമെന്ന് അപ്പോൾ തീരുമാനിക്കും.

ബിജെപി വളരെക്കാലമായി ഉയർത്തുന്ന ലൗ ജിഹാദ് പോലുള്ള വിഷയങ്ങൾ ഇപ്പോൾ ക്രിസ്ത്യൻ സഭകളും ഏറ്റെടുത്തിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായി ​ഗുണപ്പെടുത്താനാകുമോ?

ലിജിൻ ലാൽ: ഈ വിഷയങ്ങൾ‌ വളരെ നേരത്തേ തന്നെ ബിജെപി മുന്നോട്ട് വെച്ചവയാണ്. കേരളമാണ് ഇത്തരം പ്രവർത്തനങ്ങളുടെ വിളനിലമെന്നും ബിജെപി മുന്നറിയിപ്പ് നൽകിയിരുന്നു. ആ വിഷയങ്ങളിൽ സമ​ഗ്രമായ അന്വേഷണം വേണമെന്ന് തന്നെയാണ് അന്നുമിന്നും ബിജെപി ആവശ്യപ്പെടുന്നത്. ബിജെപി പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഇന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ വിഭാ​ഗത്തിൽപെട്ട ആളുകളും അത് തിരിച്ചറിയുന്നുണ്ട്. ഇത് ബിജെപിക്ക് അനുകൂലമാണ് എന്ന് തന്നെയാണ് ഞാൻ മനസിലാക്കുന്നത്.

ബിജെപി നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നുവരുന്ന സമയമാണ്. ഇതിനെ അതിജീവിക്കാൻ പറ്റുമോ?

ലിജിൻ ലാൽ: തീർച്ചയായും അതിജീവിക്കാനാകും. കാരണം മാധ്യമങ്ങളെ കൂട്ടുപിടിച്ച് എതിർവിഭാ​ഗം നടത്തുന്ന പ്രചാരവേലയുടെ ഭാ​ഗമാണത്. എല്ലാക്കാലത്തും ഇത്തരം പ്രചാരണങ്ങൾ നടക്കാറുണ്ട്. പണ്ട് ലൗ ജിഹാദിനെയും നർക്കോട്ടിക് ജിഹാദിനെയും കുറിച്ച് ബിജെപി പറഞ്ഞപ്പോൾ കുറ്റപ്പെടുത്തിയവർ പോലും ഇന്ന് അങ്ങനെയൊക്കെ നടക്കുന്നു എന്ന് സമ്മതിക്കുന്ന കാലമാണ്. അതുപോലെ ഇപ്പോൾ നടക്കുന്ന കുപ്രചരണങ്ങളെയും പാർട്ടി അതിജീവിക്കും. ഇത്തരം പ്രചരണങ്ങൾക്ക് അടിപ്പെട്ട് പോകുന്നവരല്ല ബിജെപിയുടെ പ്രവർത്തകർ. അവർ നിസ്വാർത്ഥ പ്രവർത്തകരാണ്.

ഇപ്പോൾ കേരളത്തിലും ബിജെപി വളർച്ചയുടെ പാതയിലാണ്. വോട്ട് വിഹിതം വർധിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന കുപ്രചരണങ്ങളെയും ബിജെപി അതിജീവിക്കും. അതിന് എല്ലാ വിഭാ​ഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കും.

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധത ജനം തിരിച്ചറിയുന്നുണ്ട്. അതേസമയം, കേന്ദ്ര ​ഗവൺമെന്റ് ജനങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ജനങ്ങൾ ബോധവാന്മാരാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. സംസ്ഥാന സർക്കാർ ജനവിരുദ്ധമായി ജനങ്ങളിൽ നിന്ന് അകലുകയും കോൺ​ഗ്രസ് ദുർബലപ്പെടുകയുമാണ്.

കോൺ​ഗ്രസ് ദുർബലപ്പെടുമ്പോൾ അതിന്റെ ​ഗുണം ബിജെപിക്ക് കിട്ടുന്നില്ല

തീർച്ചയായും അതിന്റെ ​ഗുണം ബിജെപിക്ക് കിട്ടുക തന്നെ ചെയ്യും. സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണി വളരെ പ്രതിസന്ധിയിലാണ്. യുഡിഎഫ് വിട്ട് ഇടത് പക്ഷത്ത് ചേർന്ന കേരള കോൺ​ഗ്രസ് എം പോലും വലിയ പ്രതിസന്ധിയിലാണ്. സഭകളുടെ ആകുലതകൾ കേൾക്കാൻ പോലും കേരള കോൺ​ഗ്രസിന് കഴിയുന്നില്ല. അതുകൊണ്ട് തന്നെ കോൺ​ഗ്രസ് ദുർബലപ്പെടുന്നതും ഭരണമുന്നണിയിലെ പ്രശ്നങ്ങളും ആത്യന്തികമായി ​ഗുണം ചെയ്യുക ബിജെപിക്ക് തന്നെയാകും.

കേരളത്തിൽ ഹിന്ദു – ക്രൈസ്തവ ധ്രുവീകരണം സാധ്യമാണോ?

അങ്ങനെയല്ല. ക്രൈസ്തവ സമൂഹം ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനും എതിരായ പോരാട്ടത്തിലാണ്. അത് നിലനിൽപ്പിന്റെ പോരാട്ടമാണ്. ബിജെപി വളരെക്കാലമായി ആ പോരാട്ട മുഖത്തുണ്ട്. അത്തരം ഒരു കാലത്ത് യോജിപ്പുകൾ അനിവാര്യമായി വരും.

ഇന്റർനാഷണൽ ബിസിനസ് പഠിച്ച് മൾട്ടി നാഷണൽ കമ്പനിയിൽ വൻ ശമ്പളത്തിൽ ജോലി ചെയ്യവേയാണ് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

ഏഷ്യയിലെ രണ്ടാമത്തെ വലിയ ലോജിസ്റ്റിക് കമ്പനിയിലെ സെയിൽസ് മാനേജരായിരുന്നു. ജർമ്മൻ കമ്പനിയായിരുന്നു. ചെറുപ്പം മുതലേ ഞാൻ ആർ എസ് എസുമായി ബന്ധപ്പെട്ടിരുന്നു. യുവമോർച്ചയുടെ കടുത്തുരുത്തി മണ്ഡലം പ്രസിഡന്റായിരുന്നു. പിന്നീട് യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡന്റായി. അതിന് ശേഷം മൂന്നു വർഷം കഴിഞ്ഞപ്പോൾ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി നിയോ​ഗിക്കപ്പെട്ടു. കുമ്മനം രാജേട്ടൻ ബിജെപി അധ്യക്ഷനായിരിക്കുന്ന സമയമായിരുന്നു അത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയായപ്പോൾ ജോലി രാജിവെച്ച് മുഴുവൻ സമയ പ്രവർത്തകനായി. വളരെ നല്ല ശമ്പളം അന്നുണ്ടായിരുന്നു.

2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു ലിജിൻ ലാൽ. ഭാര്യ അനുലക്ഷ്മി എസ് നായർ കെ എസ് ഇ ബി ഉദ്യോ​ഗസ്ഥയാണ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പാർത്ഥിവ് നായർ മകനാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close