
ന്യൂഡൽഹി: രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം സ്ഥാനത്ത്. ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണെന്ന് സർവേ പറയുന്നു. 71 ശതമാനം പേരാണ് നവീൻ പട്നായികിന്റെ ഭരണനേതൃത്വത്തെ പിന്തുണച്ചത്. പട്ടികയിൽ രണ്ടാമത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. 69.9 ശതമാനം പേരാണ് മമതയെ തുണച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ 67.5 ശതമാനം പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ 61.8 ശതമാനം പേരും കേരള മുഖ്യമന്ത്രി പിണറായി വിജയനെ 61.1 ശതമാനം പേരും തുണയ്ക്കുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ 57.9 ശതമാനം പേരും അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശർമയെ 56.6 ശതമാനം പേരും പിന്തുണച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 51.4 ശതമാനം പിന്തുണ ലഭിച്ചു.
കഴിഞ്ഞ വർഷം, ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നാഷൻ ജനുവരി 2021 ൽ സംഘടിപ്പിച്ച വോട്ടെടുപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മുഖ്യമന്ത്രിയായി നവീൻ പട്നായിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വർഷത്തിൽ രണ്ടു തവണ മുഖ്യമന്ത്രിമാരുടെ പ്രകടനം വിലയിരുത്താൻ സർവേ സംഘടിപ്പിക്കാറുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..