INSIGHTKERALANEWSTop News

ജീവിതത്തിലും മരണത്തിലും മാത്രമല്ല, മരണാനന്തരവും പിടിയെ തോൽപ്പിക്കാൻ ആർക്കുമാകില്ല; ഉമ തോമസിന്റെ വിജയത്തിലൂടെ പി ടി തോമസ് ഉയർത്തിയ ആദർശ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ വീണ്ടും പാറുന്നു; മഹാരാജാസിൽ തുടങ്ങിയ അപൂർവ പ്രണയം മഹാരാജാസിലൂടെ തുടരുന്നത് ഇങ്ങനെ..

എറണാകുളം മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടല്ലാതെ തൃക്കാക്കരയുടെ നിയുക്ത എംഎൽഎ ഉമ തോമസിന്റെ ജീവിതം പറയാൻ കഴിയില്ല. എറണാകുളം മഹാരാജാസ് കോളജിൽ പഠിക്കുമ്പോഴായിരുന്നു ഉമയുടെ രാഷ്ട്രീയ പ്രവേശം. മഹാരാജസിൽ വെച്ചാണ് ആദ്യമായി പി ടി തോമസ് ഉമയെ കാണുന്നത്. സ്റ്റേജിൽ പാടുന്ന കെ.എസ്.യുക്കാരി ആദ്യ കാഴ്ച്ചയിൽ തന്നെ പി ടി തോമസ് എന്ന കെഎസ്.യു സംസ്ഥാന അധ്യക്ഷന്റെ ഹൃദയത്തിൽ കയറി. അന്നുതെട്ട് ഇന്നുവരെ മലയാളി എന്നും ആവേശത്തോടെ പറയുന്ന പ്രണയകഥയാണ് പിടി- ഉമ ദമ്പതികളുടേത്. ബ്രാഹ്മണ കുടുംബത്തിലെ ഉമ കുടിയേറ്റ ക്രിസ്ത്യാനിയെ പ്രണയിച്ചതും വിവാഹം കഴിച്ചതും, ഇരുവരുടെയും മതവും ജാതിയും ഈശ്വര വിസ്വാസവുമൊന്നും ആ ദാമ്പത്യത്തെ ബാധിക്കാതിരുന്നതും – രാഷ്ട്രീയ എതിരാളികൾക്ക് പോലും ബഹുമാനം തോന്നുന്ന വ്യക്തി ജീവിതത്തിന്റെ ഉടമകളായിരുന്നു ഉമയും പിടിയും. ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി എന്ന വയലാർ ​ഗാനം മലയാളികളെ കേൾപ്പിച്ച് പിടിയുടെ അന്ത്യയാത്ര നടക്കുമ്പോഴും മലയാളി പറഞ്ഞതും ഓർത്തതും ഈ അന്തസ്സുറ്റ പ്രണയ ജീവിതത്തെ കുറിച്ചായിരുന്നു…

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ഉമ ജനിച്ചത്. സാധാരണ കുടുംബത്തിൽപ്പെട്ട, സൈനികനായ എസ്. ഹരിഹര അയ്യരുടെ മകളാണ് ഉമ. യാഥാസ്ഥിക കുടുംബമെങ്കിലും പെൺകുട്ടികളെ പഠിപ്പിക്കണമെന്നും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കണമെന്നും ഹരിഹര അയ്യർക്ക് നിർബന്ധമുണ്ടായിരുന്നു. പട്ടാളക്കാരനെങ്കിലും മക്കളുടെ രാഷ്ട്രീയ പ്രവർത്തനവും മുളയിലേ നുള്ളാൻ അദ്ദേഹം തയ്യാറായില്ല. പഠനത്തിലും മിടുക്കിയായിരുന്നു കുഞ്ഞ് ഉമ. അങ്ങനെ പത്താം ക്ലാസ് മികച്ച മാർക്കുവാങ്ങി പാസായ ഉമ എറണാകുളം മഹാരാജാസിലേക്ക് സയൻസ് പഠിക്കാൻ പ്രീഡി​ഗ്രി വിദ്യാർത്ഥിനിയായി എത്തി.

1980-85 കാലഘട്ടത്തിൽ ഉമ എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്നു. അന്നു മഹാരാജാസിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കായിരുന്നു മുൻതൂക്കം. എന്നാൽ കെഎസ്‌യു പാനലിൽ വനിതാ പ്രതിനിധിയായി മത്സരിച്ച ഉമ കന്നിയങ്കത്തിൽത്തന്നെ വിജയിച്ചു. പിന്നീട് വൈസ് ചെയർപഴ്സൺ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ കോളജിൽ കെഎസ്‌യുവിന്റെ ഹീറോയായി ഉമ മാറി.

ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം

1980 മുതൽ 1985 വരെ മഹാരാജാസിലാണ് ഉമ തോമസ് പ്രീഡിഗ്രി, ഡിഗ്രി പഠനം പൂർത്തിയാക്കിയത്. പ്രീഡി​ഗ്രി സയൻസ് ​ഗ്രൂപ്പെടുത്ത ഉമ, ബി.എസ്.സിക്ക് സുവോളജിയായിരുന്നു ഐശ്ചിക വിഷയമായി തെരഞ്ഞെടുത്തത്. 82ൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു.വിൻറെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. 84ൽ കെ.എസ്.യു.വിന്റെ പാനലിൽ മഹാരാജാസ് കോളജിൽ വൈസ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി തോമസിന്റെ ജീവിത സഖിയായി മാറി. 1987 ജൂലൈ 9നായിരുന്നു വിവാഹം.

ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ?

മഹാരാജാസ് കോളജിലെ പഠന കാലത്താണ് പി.ടി.തോമസും ഉമയും കണ്ടുമുട്ടുന്നത്. അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണ് പി.ടി.തീപ്പൊരി പ്രസംഗകൻ. ഉമ മഹാരാജാസ് കോളജിന്റെ തന്നെ കെഎസ്‌യു വൈസ് ചെയർപഴ്സനും ഗായികയും. മഹാരാജാസ് ക്യാംപസിൽ ഉമ ഒരു പാട്ട് പാടിയതോടെയാണു പി.ടി.യുടെ സൗഹൃദം പ്രണയമായി പൂത്തതെന്നു സഹപാഠികൾ പറയുന്നു. അന്ന് മഹാരാജാസിൽ പഠിച്ചവർക്കെല്ലാം ഇന്നും മനസ്സിൽ നിറയുന്ന കഥയാണ് ഈ പ്രണയം.

അമ്മയുടെ അനുജത്തി വഴി ഉമക്ക് വിവാഹ ആലോചനകൾ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ പിടി തോമസ് ഉമയോട് ഒന്ന് കാണണമെന്ന് പറഞ്ഞു. സംഘടനാ പ്രവർത്തനവുമായി നിറഞ്ഞു നിൽക്കുന്ന ഉമ പിടിയുടെ ആവശ്യം സംഘടന കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയായിരിക്കും എന്ന് കരുതി. അതു‌കൊണ്ട് തന്നെ ഉമ പിടിയെ കാണാൻ വന്നത് രണ്ട് കൂട്ടുകാരികളെയും കൂട്ടിയാണ്. കൂട്ടുകാരികളുടെ ഒപ്പം വന്ന ഉമയോട് പി.ടി അന്ന് മനസ്സ് തുറന്നില്ല. പിന്നീട് പിടി തോമസ് ആ പ്രണയം ഫോണിലൂടെ ഉമയോട് പറഞ്ഞു.

ക്രിസ്ത്യാനി പയ്യനോടുള്ള ഉമയുടെ പ്രണയം ഉമയുടെ ബ്രാഹ്മണ കുടുംബത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. അവരുടെ എതിർപ്പ് ഉമയുടെയും തോമസിന്റെയും ഒന്ന് ചേരലിന് ഒരു തടസ്സമായി നിലകൊണ്ടു. എന്നാൽ തോമസ് തന്റെ പ്രണയം വീട്ടിൽ അവതരിപ്പിച്ചു.തോമസിന്റെ അമ്മ ഒരു കാര്യം മാത്രമാണ് മകനോട് ആവശ്യപ്പെട്ടത്. ‘ആരെ വേണമെങ്കിലും വിവാഹം ചെയ്‌തോളൂ, പക്ഷെ അത് പള്ളിയിൽ വച്ചാകണം…’

കാനോൻ നിയമ പ്രകാരം ആരെങ്കിലും ഒരാൾ ക്രിസ്ത്യൻ ആയാൽ പള്ളിയിൽ വച്ചു വിവാഹം നടത്തുന്നതിൽ തടസ്സമില്ലെന്ന് മനസ്സിലാക്കിയ തോമസ് വിവാഹം നടത്തുന്നതിനായി ബിഷപ്പിനെ സമീപിച്ചു. പക്ഷെ ബിഷപ് സമ്മതിച്ചില്ല. എന്നാൽ കോതമംഗലം സെന്റ് ജോർജ് ഫെറോന ചർച്ചിലെ ഫാദർ ജോർജ് കുന്നംകോട്ട് പിടിയുടെയും ഉമയുടെയും വിവാഹം നടത്തി തരാമെന്ന് വാക്ക് നൽകി.

ഞാൻ വരുമെന്നും, എന്നോടൊപ്പം നീ ഇറങ്ങി വരണമെന്നും, ഒരുമിച്ച് ജീവിക്കാമെന്നും ഉമയോട് തോമസ് വിളിച്ചു പറഞ്ഞു. പിടി തോമസ് എന്ന ചെറുപ്പക്കാരൻ ഉമയെ വീട്ടിൽ നിന്നും വിളിച്ചറക്കി കൊണ്ട് വന്നു. ഉമയുടെ വീട്ടിലേക്ക് വിളിക്കുകയും മകൾ തന്റെ കൂടെ സുരക്ഷിതയായിരിക്കുമെന്നും രക്ഷിതാക്കളെ അറിയിച്ചു. നേരെ പോയത് വയലാർ രവിയുടെ വീട്ടിലേക്കാണ്. അവിടെ വയലാർ രവിയുടെ ഭാര്യ മെഴ്‌സി ഉമക്കായി സാരി കാത്തു വച്ചിരുന്നു. സാരിയുടുത്തു ഉമ ഒരുങ്ങി. തുടർന്ന് സഹപ്രവർത്തകരോടൊപ്പം കോതമംഗലം പള്ളിയിലേക്ക്‌, അവിടെ വച്ച് മഹാരാജാസിലെ ആ രണ്ട് കെ എസ് യൂക്കാർ ഒരുമിച്ചുള്ള ജീവിത യാത്ര ആരംഭിച്ചു.ഇരുവർക്കും രണ്ട് ആൺമക്കൾ ജനിച്ചു, മൂത്ത മകൻ വിഷ്ണു. സ്വാമി വിവേകാനന്ദനോടുള്ള ഇഷ്ടം മനസിൽ സൂക്ഷിച്ച പി.ടി ഇളയ മകന് വിവേക് എന്ന് പേരുനൽകി.

ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസ്സുകളുണ്ടോ?

പ്രായോ​ഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നില്ല പി ടി തോമസ്. ആദർശ രാഷ്ട്രീയത്തിന്റെ ഉപാസകനായിരുന്നു പി ടി തോമസ്. ഉമയും ആ നിശ്ചയദാർഢ്യത്തിന് ഒപ്പം നിന്നു. പിടി തോമസിന്റെ രാഷ്ട്രീയം കുടുംബം പുലർത്താനുള്ള വരുമാനം നൽകുന്നതല്ലെന്ന ഉമയുടെ തിരിച്ചറിവ് സ്വന്തം ജോലി എന്ന തീരുമാനത്തിലേക്ക് ഉമയെ എത്തിച്ചു.

കുടുംബം പുലർത്താൻ ഹൈക്കോടതിയിൽ പി.ടി. അഭിഭാഷകനായി പ്രാക്ടിസ് ആരംഭിക്കണമെന്നത് വിവാഹ സമയത്ത് ഇരുവരും ചേർന്നെടുത്ത തീരുമാനമായിരുന്നു. ഇതിനുള്ള നീക്കം തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും സംഘടനാ പ്രവർത്തന രംഗത്തു നിന്ന് മാറി നിൽക്കുക എന്നത് പി.ടിക്ക് അപ്രാപ്യമാണെന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായി. മറ്റു വരുമാന മാർഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത സാഹചര്യം മുന്നിൽ കണ്ട് കുടുംബത്തിന്റെ സാമ്പത്തിക പ്രാരാബ്ധങ്ങൾക്ക് പരിഹാരം കാണാൻ തന്നാലാവുന്നത് ചെയ്തേ മതിയാവൂ എന്ന തിരിച്ചറിവിലാണ് സ്വകാര്യ സ്ഥാപനത്തിൽ ഉമ ജോലിക്കു പ്രവേശിച്ചത്. പി.ടിയുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്.

പിന്നീട് എംഎൽഎ, എം.പി എന്നീ സ്ഥാനങ്ങളിൽ പി.ടി പ്രവർത്തിച്ചെങ്കിലും സാമ്പത്തിക പരാധീനതകൾക്ക് കുറവുണ്ടായില്ല. സാമ്പത്തിക പ്രശ്നങ്ങൾ കുടുംബ ജീവിതത്തെ ബാധിക്കരുതെന്ന ഉമയുടെ നിശ്ചയ ദാർഢ്യമാണ് ഒരു ജോലി വേണം എന്നതിലേക്ക് എത്തിനിന്നത്. ‘വിശ്വ വിജ്ഞാന കോശം’ എന്ന സ്ഥാപനത്തിൽ ഒരു വർഷം ജോലി ചെയ്ത ഉമ പിന്നീട് എവി കമ്പനിയിൽ 20 വർഷം ജോലി നോക്കി. തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ജോലിയിൽ പ്രവേശിച്ചു.

ഈ സമയം, ആദർശം വിട്ടൊരു കളിയുമില്ലെന്ന പ്രഖ്യാപനവുമായി പി ടി തോമസ് കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്നു. വികസനവും പരിസ്ഥിതിയും നേർക്കുനേർ വരുമ്പോൾ പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള മൂല്യബോധമുള്ള രാഷ്ട്രീയക്കാരനായിരുന്നു പി.ടി തോമസ്. തന്റെ രാഷ്ട്രീയ ഭാവി പോലും ഇരുളടഞ്ഞ് പോകുമായിരുന്നിട്ടും മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന നിലപാടിൽ പി.ടി തോമസ് ഉറച്ചുനിന്നു. പി.ടിയുടെ നിലപാടുകളായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിക്കുകയും ചെയ്തു.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കാൻ നിലപാടെടുത്തപ്പോൾ ഇടുക്കിയിൽ പി.ടി തോമസിന് നഷ്ടമായത് രാഷ്ട്രീയ ഭാവിയിൽ നിർണായകമായ പാർലമെന്റ് സീറ്റാണ്. നഷ്ടം ജീവനോളം വിലപ്പെട്ടതാണെങ്കിലും നിലപാടിൽ കടുകിട മാറാൻ പി.ടി തയ്യാറായില്ല. വിട്ടുവീഴ്ച വേണമെന്ന് പലരും പറഞ്ഞിട്ടും ഇടുക്കിയിൽ നിന്ന് കുടിയിറക്കപ്പെട്ടപ്പോഴും പി.ടി പതറിയില്ല. പക്ഷേ പ്രളയജലം കേരളത്തെ മുക്കിയപ്പോൾ പൊതുജനം പി.ടിയുടെ നിലപാടുകളെ സ്തുതിച്ചു.

മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?

പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് പി.ടി നിലപാട് സ്വീകരിച്ചപ്പോൾ അന്നത്തെ ഇടുക്കി സഭാ മേധാവിക്ക് പി.ടി അനഭിമതനായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിയായിരുന്ന പി.ടിക്ക് ആ സീറ്റ് നഷ്ടമാകുകയും ചെയ്തു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ അന്നും ഇന്നും ഉപദേശിച്ചവരുണ്ട്. ഒരു ദിവസമാണ് ജീവിക്കുന്നതെങ്കിലും അന്തസോടെ, വ്യക്തിത്വം നിലനിർത്തി ആർക്കും അടിമപ്പെടാതെ ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. മരണം വരെ അത് പാലിക്കുകയും ചെയ്തു.

പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള സ്‌കൂളിൽ നടന്നുപോയി പഠിക്കാൻ തീരുമാനിച്ച ഉപ്പുതോടുകാരൻ പയ്യന്റെ കരളുറപ്പ് കേരളം പലകുറി കണ്ടു. ഏത് തരം വികസനത്തേക്കാളും പ്രാമുഖ്യം നൽകേണ്ടത് പരിസ്ഥിതി സംരക്ഷണത്തിനാണെന്ന് എന്നും ഉറച്ച് വിശ്വസിച്ചിരുന്നയാളാണ് പി.ടി. കസ്തൂരി രംഗൻ റിപ്പോർട്ടിനെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അതേസമയം ഗാഡ്ഗിൽ നിർദേശങ്ങളെ കോൺഗ്രസ് അടക്കം മുഖ്യധാരാ പാർട്ടികൾ അവഗണിച്ചത് കേരള ചരിത്രത്തിലെ മൗഡ്യവും ദുഖപര്യവസാനിയുമായ അധ്യായമായി അവശേഷിക്കുമെന്ന് തുറന്നുപറഞ്ഞു. സഭയ്‌ക്കെതിരായി നിലപാട് എടുത്തതിന് ഇടുക്കിയിൽ വിവിധയിടങ്ങളിൽ പി.ടിയുടെ ശവഘോഷയാത്ര നടത്തിയാണ് എതിരാളികൾ പ്രതികരിച്ചത്. അന്തർ സംസ്ഥാന നദീജല കൈമാറ്റങ്ങളിൽ കേരളത്തിന്റെ നഷ്ടങ്ങളുടെ കണക്ക് പി.ടി നിരന്തരം ഓർമപ്പെടുത്തിയിരുന്നു.

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി

മരണത്തോടെയാണ് പി ടി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ നിലപാടുകളുടെ മഹത്വം നാട് കൂടുതൽ തിരിച്ചറിഞ്ഞത്. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന തോമസ് 2021 ഡിസംബർ 22 ന് വെല്ലൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു പി ടിയുടെ അന്ത്യം. തനിക്ക് മതപരമായ അന്ത്യ കർമ്മങ്ങൾ ചെയ്യരുതെന്നും പുഷ്പങ്ങൾ‌ തന്റെ മൃതശരീരത്തിൽ മൂടരുതെന്നും അദ്ദേഹം ഉറ്റസുഹൃത്തിന് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു. മൃതശരീരം പൊതുശ്മശാനത്തിൽ സംസ്കരിക്കണമെന്നും ചിതാഭസ്മത്തിൽ കുറച്ച് പള്ളി സമ്മതിക്കുമെങ്കിൽ അമ്മയുടെ കല്ലറയിൽ സൂക്ഷിക്കണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു. അന്ത്യ യാത്രയിൽ വയലാറിന്റെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന കവിത കേൾപ്പിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു.

വീണ്ടും മഹാരാജാസിലേക്ക്

സഭയേയും പ്രായോ​ഗിക രാഷ്ട്രീയത്തിന്റെ വക്താക്കളെയും എതിർത്ത പിടി ജീവിതത്തിലും മരണത്തിലും തന്റെ എതിരാളികളെ തോൽപ്പിച്ചു. ഇപ്പോഴിതാ, മരണ ശേഷവും തന്റെ പ്രതിയോ​ഗികളെ ഉമ നിലംപരിശാക്കി തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുമ്പോഴും ചിരിക്കുന്നത് പി ടി തോമസ് തന്നെയാണ്. തങ്ങളുടെ പ്രണയം മൊട്ടിട്ട മഹാരാജാസ് കോളജിലായിരുന്നു വോട്ടെണ്ണൽ എന്നതും ഉമക്ക് സന്തോഷം നൽകുന്ന മറ്റൊരു സം​ഗതിയാണ്.

പിടി ഉയർത്തിയ ആദർശ രാഷ്ട്രീയത്തിന്റെ പതാക ഉമ മാത്രമല്ല, മുഴുവൻ കോൺ​ഗ്രസുകാരും ഉയർ‌ത്തി തന്നെ പിടിക്കും എന്ന സന്ദേശമാണ് തൃക്കാക്കര നൽകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close