Breaking NewsKERALANEWSTop News

നിങ്ങൾക്ക് കിട്ടുന്ന സിലിണ്ടറിൽ 14.2 കി.ഗ്രാം പാചക വാതകം ഉണ്ടെന്ന് ഉറപ്പിക്കാറുണ്ടോ? പാചകവാതകത്തിന്റെ പേരിൽ ഏജൻസികളുടെ വകയും പകൽക്കൊള്ള; സിലിണ്ടറുകൾ വീട്ടിലെത്തിക്കണമെങ്കിൽ ചോദിക്കുന്ന പണം വേറെ കൊടുക്കണം

തിരുവനന്തപുരം: പാചകവാതക വിലവർധനവിലൂടെ എണ്ണക്കമ്പനികൾ പൊതുജനത്തെ കൊള്ളയടിക്കുമ്പോൾ ജനത്തിന് കൂടുതൽ ദുരിതം സമ്മാനിച്ച് ഏജൻസികളും. സിലിണ്ടറുകൾ വീട്ടിലെത്തിക്കുന്നതിന് 100 രൂപ വരെയാണ് ഏജൻസികളുടെ ഡെലിവറി ജീവനക്കാർ ഈടാക്കുന്നത്. ഇത് നൽകാൻ തയ്യാറാകാത്തവർക്ക് സിലിണ്ടറുകൾ‌ വൈകിച്ചാകും പ്രതികാര നടപടി. വീടുകളിൽ സിലിണ്ടർ എത്തിക്കുന്നതിനുള്ള ട്രാൻസ്‌പോർട്ടിംഗ് ചാർജ്ജുൾപ്പെടെയുള്ള തുകയാണ് ബില്ലിലുണ്ടാകുക എങ്കിലും അധിക ചാർജ്ജ് നൽകാതെ സിലിണ്ടർ കിട്ടാറില്ലെന്ന് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. പല ഡെലിവറി വാഹനങ്ങളിലും ഇലക്ട്രോണിക്സ് ത്രാസുകളും ഉണ്ടാകാറില്ല.

ഡെലിവറി ചാർജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്രപൊതുമേഖലാ എണ്ണക്കമ്പനികളും വ്യക്തമാക്കുമ്പോഴാണ് ഏജൻസികളുടെ വക പകൽക്കൊള്ള. എന്നാൽ തട്ടിപ്പ് ചോദ്യം ചെയ്‌താൽ ഗ്യാസ് ഏജൻസിയിൽ നേരിട്ട് ചെന്ന് സിലിണ്ടർ എടുക്കണമെന്നാകും ഡെലിവറി സ്റ്റാഫുകളുടെ മറുപടി. ലിക്വിഡ് പെട്രോളിയം ഗ്യാസ് (റെഗുലേഷൻ ഒഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ) ഓർഡർ 2000 എന്ന നിയമത്തിന്റെ കീഴിലാണ് പാചകവാതക വിതരണം. ഉപഭോക്താവ് കണക്ഷൻ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത വിലാസത്തിൽ ഏജൻസി നിർബന്ധമായും സിലിണ്ടറെത്തിക്കണം. രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ സിലിണ്ടറെത്തിക്കാൻ കഴിയില്ലെങ്കിൽ അതിനുള്ള അനുമതി ഉപഭോക്താവിൽ നിന്ന് ഏജൻസി എഴുതിവാങ്ങണമെന്നാണ് നിയമം.

ഡെലിവറി ചാർജ് സംബന്ധിച്ച് കൃത്യമായ മാർ​ഗനിർദ്ദേശൺ നിലനിൽക്കെയാണ് ഇത്തരം കൊള്ള നടക്കുന്നത്. അഞ്ച് കിലോമീറ്റർ വരെ ഡെലിവറി ചാർജ്ജ് നൽകേണ്ടതില്ല. അഞ്ച് മുതൽ 10 കിലോമീറ്റർ വരെ 20 രൂപയും 10 മുതൽ 15 കിലോമീറ്റർ വരെ 25 രൂപയുമാണ് ഡെലിവറി ചാർജ്ജ്. ഇത്തരത്തിൽ പരമാവധി ഈടാക്കാവുന്ന തുക 30 രൂപയാണ്. ഇത് ഉൾപ്പെടെയാണ് ബില്ലിൽ കാണിക്കുന്ന തുകയും. ഏജൻസിയിൽ പോയി സിലിണ്ടറെടുത്താൽ ഉപഭോക്താക്കൾക്കുള്ള റിബേറ്റ്- 27 രൂപയാണ്.

സിലിണ്ടറിന്റെ ഭാരം ഉപഭോക്താവ് അറിയണം

നിറഞ്ഞ സിലിണ്ടറിന്റെ ഭാരം- 29.5 കിലോ​ഗ്രാമാണ്. അതിൽ 14.2 കിലോ​ഗ്രാം പാചകവാതകം ഉണ്ടാകണം. 15.3 കിലോ സിലിണ്ടറിന്റെ ഭാരമാണ്. എന്നാൽ, ഭൂരിപക്ഷം ഉപഭോക്താക്കൾക്കും തങ്ങൾക്ക് കിട്ടുന്ന സിലിണ്ടറിനുള്ളിൽ എത്ര ​ഗ്യാസുണ്ട് എന്നത് സംബന്ധിച്ച് യാതൊരു ധാരണയുമില്ല എന്നതാണ് സത്യം.

ഉപഭോക്താവ് ആവശ്യപ്പെട്ടാൽ സിലിണ്ടർ തൂക്കി ഭാരം ഉറപ്പാക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. സിലിണ്ടർ കൊണ്ടുവരുന്ന വാഹനത്തിൽ ഇലക്ട്രോണിക് ത്രാസ് നിർബന്ധമാണ്. ഭാരം തൂക്കിയില്ലെങ്കിൽ ഉപഭോക്താവിന് സിലിണ്ടർ തിരസ്കരിക്കാം.തൂക്കക്കുറവ് കാണിച്ച് ലീഗൽ മെട്രോളജിയിൽ പരാതി കൊടുക്കാം. എന്നാൽ, ശിക്ഷിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല എന്നതാണ് ഇതിന്റെ പോരായ്മ.

ഏജൻസികൾ കേന്ദ്രപൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കീഴിലായതിനാൽ സംസ്ഥാന വകുപ്പുകൾക്ക് ശിക്ഷാനടപടികൾ സ്വീകരിക്കാൻ പൂർണ അധികാരമില്ല. ഇതുസംബന്ധിച്ച് താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസർമാർക്ക് ലഭിക്കുന്ന പരാതി നടപടിയെടുക്കാൻ ഓയിൽ കമ്പനികൾക്ക് നൽകുകയാണ് പതിവ്. തുടർന്ന് നടപടിയില്ലെങ്കിൽ ഉപഭോക്താവ് ഏജൻസിയുടെ മാനേജരെയും കളക്ടറെയും സമീപിക്കാം. എന്നിട്ടും നടപടിയില്ലെങ്കിൽ ഉപഭോക്തൃ പരിഹാര ഫോറത്തെ സമീപിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close