INDIANEWS

ആഡബര കപ്പലിലെ ലഹരിപാർട്ടിയിൽ ബിജെപി നേതാവിന്റെ ഭാര്യാസഹോദരനും പിടിയിലായി; മണിക്കൂറുകൾക്കകം അയാൾ പുറത്തിറങ്ങിയെന്ന് ആരോപണം; പുറത്ത് വരുന്നത് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ബിജെപിയും തമ്മിലുള്ള ഒത്തുകളി

മുംബൈ: സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ആഡംബര കപ്പലിലെ ലഹരിപാർട്ടി റെയ്ഡ് കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിടുമ്പോൾ ബിജെപിക്കെതിരെ ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി രം​ഗത്ത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിൽ സംശയം ഉയർത്തിയാണ് ചില വീഡിയോകൾ നവാബ് മാലിക് പുറത്തുവിട്ടത്. ആകെ അറസ്റ്റിലായത് എട്ടുപേരല്ല, 11 പേരാണെന്നും ബിജെപി നേതാക്കളുടെ ഒത്താശയോടെ ഇതിൽ മൂന്നുപേരെ വിട്ടയച്ചു എന്നുമാണ് മന്ത്രിയുടെ ആരോപണം.

‘ ആഡംബര കപ്പലിലെ റെയ്ഡിന് ശേഷം എൻസിബി മേധാവി സമീർ വാങ്കഡെ പറഞ്ഞത് 8-10 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ്. എന്നാൽ, യഥാർത്ഥത്തിൽ 11 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. റിഷഭ് സച്ച്‌ദേവ. പ്രതീക് ഗാബ, അമീർ ഫർണിച്ചർവാല എന്നിവരെയാണ് വിട്ടയച്ചത്. ഇവരുടെ പേരുകൾ കോടതി വാദം കേട്ടതിനിടെ ഉയർന്നിരുന്നു’, നവാബ് മാലിക് ആരോപിച്ചു.

ആരുടെ നിർദ്ദേശപ്രകാരമാണ് മൂന്നു പേരെ വിട്ടയച്ചതെന്ന് എൻസിബി വെളിപ്പെടുത്തണം. സമീർ വാങ്കഡെയും ബിജെപി നേതാക്കളും തമ്മിൽ സംസാരിച്ചതായി ഞങ്ങൾ കരുതുന്നു. ബിജെപി നേതാവ് മോഹിത് കാംബോജ് തന്റെ ഭാര്യാസഹോദരൻ റിഷഭ് റച്ച്‌ദേവയെ മുക്തനാക്കിയെന്നും നവാബ് മാലിക്ക് ആരോപിച്ചു. വിട്ടയച്ച മൂന്നു പേരുടെ പേരുകൾ വാട്‌സാപ്പ് ചാറ്റുകളിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു

പുറത്തുവന്ന വീഡിയോകളിൽ സച്ച്‌ദേവ, അമീർ ഫർണിച്ചർവാല, പ്രതീക് ഗാബ എന്നിവർ എൻസിബി ഓഫീസിൽ നിന്ന് പുറത്തേക്ക് പോകുന്നത് കാണാം. ഇക്കാര്യം മുംബൈ പൊലീസ് അന്വേഷിക്കണമെന്നും മഹാരാഷ്ട്ര മന്ത്രി ആവശ്യപ്പെട്ടു. മുംബൈ പൊലീസിന്റെ ആന്റി നാർക്കോട്ടിക്‌സ് സെൽ സ്വതന്ത്ര അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്ക് താൻ കത്തെഴുതുമെന്നും ആവശ്യമെങ്കിൽ റെയ്ഡുകളെ കുറിച്ച്‌ അന്വേഷണ കമ്മീഷനെ വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

എൻസിബിയുടെ നടപടികൾ സംസ്ഥാനത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് നേരത്തെ മാലിക് ആരോപിച്ചിരുന്നു. കോൺഗ്രസും, എൻസിപിയും ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ശിവസേനയും ചേർന്ന സഖ്യസർക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. റിയ ചക്രവർത്തി മുതൽ ദീപിക പദുക്കോണും, ആര്യൻ ഖാനും അടക്കമുള്ളവർക്ക് എതിരെയുള്ള കേസുകൾ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും മാലിക് നേരത്തെ ആരോപിച്ചിരുന്നു. പല കേസുകളും വ്യാജമാണെന്നും ഒന്നു കണ്ടെടുത്തിട്ടില്ലെന്നും മാലിക് പറഞ്ഞിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം, ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനുൾപ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച പുലർച്ചെയാണ് ആര്യൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്. കേസിന്റെ പ്രാധാന്യം, ചോദ്യം ചെയ്യൽ, തെളിവ് ശേഖരിക്കൽ എന്നിവയുടെ പ്രാധാന്യം കോടതിയിൽ എൻ.സി.ബി വാദിച്ചു. ഇത് അംഗീകരിച്ചാണ് കസ്റ്റഡി നീട്ടാൻ കോടതി ഉത്തരവിട്ടത്. ആര്യൻ ഖാൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ നിർണായകമായ കണ്ടെത്തലുകൾ എൻ.സി.ബി നടത്തിയിരുന്നു.

അതേസമയം കസ്റ്റഡിയിൽ വേണമെന്ന എൻ.സി.ബിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. എൻ.സി.ബി കസ്റ്റഡിയിൽ കൂടുതൽ ചോദ്യംചെയ്യലുകൾ ആവശ്യമില്ലെന്ന് പറഞ്ഞ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.അതേസമയം ജാമ്യം കിട്ടാനുള്ള നീക്കങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ തന്നെ കുറച്ചുകൂടി എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ആര്യൻ ഖാന്റെ അഭിഭാഷകന് കഴിയും. തെറ്റ് ചെയ്തിട്ടില്ലെന്നും ആര്യൻ ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചുവെങ്കിലും ഇത് അംഗീകരിച്ചില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close