KERALANEWSTrending

‘കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്’ വഴി ചെലവ് കുറഞ്ഞ കാന്‍സര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ അവതരണം; ലോകാരോഗ്യ സംഘടനയില്‍ ഏറെക്കാലം വിദഗ്ദ്ധ ഉപദേശക സമിതിയംഗം; ഒടുവിൽ കാൻസറിനെതിരെ പടപൊരുതിയ അദ്ദേഹത്തിന്റെ വിയോഗം കാൻസർ ബാധിതനായി; അർബുദ ചികിത്സാരംഗത്തെ അതികായകന് പ്രണാമം

കേരളത്തിൽ കാൻസർ രോഗ ചികിത്സയ്ക്ക് അടിസ്ഥാനമിടുക മാത്രമല്ല രാജ്യത്തിനുതന്നെ അഭിമാനമാകും വിധം റീജണൽ കാൻസർ സെന്റർ (ആർ.സി.സി ) എന്ന മഹത്തായ സ്ഥാപനം പടുത്തുയർത്തിയ സാരഥിയുമായിരുന്നു അന്തരിച്ച ഡോ. എം കൃഷ്ണന്‍ നായര്‍. കാൻസറിനെതിരെ പടപൊരുതിയ അദ്ദേഹത്തിന്റെ വിയോഗം കാൻസർ ബാധിതനായിട്ടായിരുന്നുവെന്നത് ദു:ഖത്തോടെ മാത്രമെ ഓർമ്മിക്കാൻ കഴിയുകയുള്ളു. കഴിഞ്ഞ കുറേക്കാലമായി അദ്ദേഹം രോഗബാധിതനായിരുന്നു.

സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സമഗ്ര കാന്‍സര്‍ സെന്ററുകളിലൊന്ന് സ്ഥാപിക്കുന്നതിനും കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി എന്നിവയില്‍ ഇന്ത്യയില്‍ ആദ്യമായി പ്രോഗ്രാമുകള്‍ ആരംഭിച്ചതും അദ്ദേഹമായിരുന്നു. ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ദ്ധ സംഘത്തിലെ അംഗമായിരുന്നു. ലോകാരോഗ്യ സംഘടനയില്‍ ഒരു ദശകത്തിലേറെക്കാലം കാന്‍സറിനെക്കുറിച്ചുള്ള വിദഗ്ദ്ധ ഉപദേശക സമിതിയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. നിലവില്‍, ഡബ്ല്യുഎച്ച്ഒയുടെ ഡയറക്ടര്‍ ജനറല്‍, ഡബ്ല്യുഎച്ച്ഒ, കാന്‍സര്‍ ടെക്‌നിക്കല്‍ ഗ്രൂപ്പ് (സിടിജി) എന്നിവയുടെ ഉപദേശക സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായിരുന്നു അദ്ദേഹം.

ക്ളിനിക്കൽ ഓങ്കോളജിയിൽ എം.ഡി പൂർത്തിയാക്കിയ കൃഷ്ണൻനായർ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗത്തിൽ ചേരുകയും തുടർന്ന് കാൻസർ ചികിത്സാ വിഭാഗത്തിന് അവിടെ തുടക്കം കുറിക്കുകയും ചെയ്തു. ആർ.സി.സി സ്ഥാപിക്കുകയെന്നത് കൃഷ്ണൻനായരുടെ ആശയമായിരുന്നു. അന്നത്തെ മുഖ്യമന്ത്രിമാരായ കെ.കരുണാകരന്റെയും ഇ.കെ.നായനാരുടെയുമൊക്കെ പിന്തുണയും ലഭിച്ചതോടെ കൃഷ്ണൻ നായർ തന്റെ ജീവിതം തന്നെ അതിനായി സമർപ്പിക്കുകയായിരുന്നു. ആർ.സി.സി സ്ഥാപിച്ചപ്പോൾ അദ്ദേഹം ആവിഷ്ക്കരിച്ച കാൻസർ കെയർ ഫോർ ലൈഫ് എന്ന പദ്ധതി രോഗബാധിതരായ പാവപ്പെട്ടവർക്കും മധ്യവർഗ്ഗക്കാർക്കും വലിയ ആശ്വാസമായി മാറി. 100 രൂപയടച്ച് ചേരുന്നവർക്ക് ആജീവനാന്ത ചികിത്സാ സഹായം നൽകുന്ന പദ്ധതിയായിരുന്നു അത്.

കാൻസർ രോഗം ഗൗരവമായി കാണേണ്ട ഒന്നാണെന്ന് കൃഷ്ണൻനായർ കേരളത്തെ പഠിപ്പിച്ചു. സ്തനാർബുദത്തിനെതിരെ സ്ത്രീകളെ ബോധവത്ക്കരിക്കുന്നതിലും അദ്ദേഹം വിജയിച്ചു. ദേശീയതലത്തില്‍, അസോസിയേഷന്‍ ഓഫ് റേഡിയേഷന്‍ ഗൈനക്കോളജിസ്റ്റുകളുടെ പ്രസിഡന്റ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സയന്റിഫിക് അഡൈ്വസറി ബോര്‍ഡ് അംഗം, ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ റേഡിയേഷന്‍ ആന്‍ഡ് ഐസോടോപ്പ് ടെക്‌നോളജി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിലെ പശ്ചാത്തല വികിരണത്തിന്റെ മനുഷ്യന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം സമഗ്രമായ പഠനം നടത്തി. വൈദ്യശാസ്ത്രരംഗത്ത് മുന്നൂറിലധികം പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.

ആർ.സി.സിയിലിരിക്കെ ഹോപ്കിൻസ് സർവകലാശാലയുമായി ചേർന്ന് ഗവേഷണത്തിന് മുതിർന്നതിനെതിരെ ചിലർ നടത്തിയ കുപ്രചാരണങ്ങൾ കൃഷ്ണൻനായരെ മാനസികമായി തളർത്തിയിരുന്നു. അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ വിശുദ്ധി സംരക്ഷിക്കപ്പെടുകതന്നെ ചെയ്തു. എന്നാൽ ആ വിവാദത്തിന്റെ പിന്നാമ്പുറം ചികയുമ്പോൾ ചില വ്യക്തികൾക്ക് കാൻസർ ചികിത്സാ രംഗത്ത് പേരെടുക്കാൻ നടത്തിയ ചില നീക്കങ്ങളുടെ ഭാഗമായിരുന്നു അതെന്ന് വ്യക്തമാകും.

ഇന്ത്യയില്‍ ആദ്യമായി കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്ന പേരില്‍ ഒരു സ്ഥാപനത്തെ അടിസ്ഥാനമാക്കിയുള്ളതും വളരെ ചെലവുകുറഞ്ഞതുമായ കാന്‍സര്‍ ഇന്‍ഷുറന്‍സ് പദ്ധതി അദ്ദേഹം അവതരിപ്പിച്ചു. പ്രതിരോധത്തിനും നേരത്തേ കണ്ടെത്തുന്നതിനുമായി അഞ്ച് ജില്ലാതല പെരിഫറല്‍ സെന്ററുകളും ടെര്‍മിനല്‍ കാന്‍സര്‍ രോഗികള്‍ക്ക് മോര്‍ഫിന്‍ ലഭ്യതയോടെ വേദന പരിഹാരവും സാന്ത്വന പരിചരണ ശൃംഖലയും സ്ഥാപിച്ചു.

ഇന്ത്യൻ കാൻസർ ചികിത്സാ ഉപദേശക സമിതിയിൽ അംഗമായ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. രോഗപ്രതിരോധത്തിന് കൃത്യമായ വ്യായാമം അത്യന്താപേക്ഷിതമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ആളായിരുന്നു കൃഷ്ണൻനായർ. തിരുവനന്തപുരത്തെ മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിനെത്തുന്നവർക്ക് കൃഷ്ണൻനായരും സുഹൃദ് സംഘവും ആവേശത്തോടെ നടക്കുന്നത് പതിവ് കാഴ്ചയായിരുന്നു.

ഏതാനും വർഷം മുമ്പുവരെ തലസ്ഥാനത്തെ പൊതുജീവിതത്തിലും സജീവസാന്നിദ്ധ്യമായിരുന്നു. കാൻസർബാധിതയായി അകാലത്തിൽ മകളുടെ വേർപാട് സംഭവിച്ചതും കൃഷ്ണൻനായരെ ഏറെ വിഷാദത്തിലാഴ്ത്തിയിരുന്നു. മരുമകനായ രവീന്ദ്രനും പേരക്കുട്ടിക്കുമൊപ്പം കുറെക്കാലം ഡൽഹിയിൽ അതിനുശേഷം താമസിച്ചിരുന്നു. ഇന്ത്യയുടെ ഡെപ്യൂട്ടി സി ആൻഡ് എ.ജിയായി രവീന്ദ്രൻ ഈയിടെയാണ് സർവീസിൽ നിന്ന് വിരമിച്ചത്.കേരളത്തിലും അക്കൗണ്ടന്റ് ജനറലായി രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.

വളരെ സ്നേഹസമ്പന്നനായിരുന്നു കൃഷ്ണൻനായർ. വ്യക്തിപരമായ സൗഹൃദങ്ങൾക്കെന്നും വിലകൽപ്പിച്ചിരുന്നു.ആർ.സി.സിയിൽ പ്രവർത്തിക്കുമ്പോഴും പിന്നീട് പട്ടം എസ്.യു.ടി ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിന് ചുക്കാൻപിടിച്ചു. എസ്.യു.ടി യിൽ കൃഷ്ണൻനായരുടെ നേതൃത്വത്തിലായിരുന്നു നടി ശ്രീവിദ്യ കാൻസറിന് ചികിത്സ തേടിയിരുന്നത്. കൃഷ്ണൻനായരുടെ വേർപാട് കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ്. സമൂഹത്തിന് കൃഷ്ണൻനായർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കാലം അതെന്നും ഓർമ്മിക്കുകതന്നെ ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close