INDIANEWS

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സന്ദർശിച്ച് എം.എ യൂസഫലി; കശ്മീരിലടക്കമുള്ള ലുലു ഗ്രൂപ്പിന്റെ പദ്ധതികൾക്ക് പിന്തുണ നൽകുന്നതിൽ നന്ദി അറിയിച്ചു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സന്ദർശിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. തന്റെ ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചും മന്ത്രിക്ക് നന്ദി അറിയിച്ചുമാണ് യൂസഫലി സന്ദർശനത്തിന്റെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബർ 12 നാണ് സന്ദർശനം നടത്തിയത്. അമിത് ഷാജിയെ ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചുവെന്നും ഗുജറാത്ത് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ വിപുലീകരണ പദ്ധതികളെക്കുറിച്ചും കശ്മീരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഞങ്ങളുടെ പ്രധാന ഇറക്കുമതികളെക്കുറിച്ചും സംക്ഷിപ്തമായി എന്നും പറഞ്ഞ അദ്ദേഹം അമിത്ഷാ നൽകിയ പിന്തുണക്കും നന്ദി അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി പറഞ്ഞിരുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം യൂസഫലി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്നൗ തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോപ്പിംഗ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകും. ഇതുൾപ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയിൽ നടത്തിയത്. കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ വിവിധ ഉത്തേജക പദ്ധതികൾ നടപ്പിലാക്കിയതിലൂടെ വാണിജ്യ വ്യവസായ ലോകം പുത്തനുണർവ്വാണ് കൈവരിച്ചതെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.

പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്ത് കൂടുതലായി മുതൽ മുടക്കാൻ തയ്യാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സർക്കാരിന്റെ പുതിയ നയമാണ്. ഭക്ഷ്യ സംസ്കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. നോയിഡയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഉത്തർ പ്രദേശ് സർക്കാരാണ് ഇതിനാവശ്യമായ സ്ഥലം അനുവദിച്ചത്. കശ്മീരിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. കശ്മീർ ഉൽപ്പന്നങ്ങൾക്ക് മികച്ച ആവശ്യകതയാണ് ഗൾഫ് നാടുകളിലുള്ളത്. ഗുജറാത്തിൽ പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം, ഹൈപ്പർമാർക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നു എന്നും ടൂസഫലി വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close