Breaking NewsINDIANEWSTop News

മഹാരാഷ്ട്രയിൽ അധികാര മാറ്റത്തിന് സമയമായെന്നുറപ്പിച്ച് ബിജെപി; അമിത് ഷായെ കാണാൻ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിക്ക് പുറപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ അധികാര മാറ്റത്തിന് സമയമായെന്നുറപ്പിച്ച് ബിജെപി. ഇന്ന് രാത്രിയിലോ നാളെ ഉച്ചക്ക് മുമ്പോ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാ​ഗമായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് അന്തിമ രൂപം നൽകാൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിക്കു പുറപ്പെട്ടു. ഫഡ്നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

നാഗ്പൂരിലെ ഫഡ്നാവിസിന്റെ വീടിന്റെ സുരക്ഷ വർധിപ്പിച്ചതായി പൊലീസ് അറിയിച്ചു. മുംബൈയിലെ ശിവസേന ഭവനിലും മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയായ ‘മാതോശ്രീ’യിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന നില ചർച്ച ചെയ്യുന്നതിനായി മുംബൈ പൊലീസ് കമ്മിഷനർ സഞ്ജയ് പാണ്ഡെ മുഖ്യമന്ത്രിയെ കണ്ടു.

ശിവസേനയുമായി എംഎൽഎമാർ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ ശിവസേന പ്രവർത്തകർ അക്രമത്തിനു മുതിരാൻ സാധ്യതയുണ്ടെന്നാണു പൊലീസ് റിപ്പോർട്ട്. അതേസമയം അസന്തുഷ്ടരായ കുറച്ച് ശിവസേന എംഎൽഎമാർ മറ്റൊരു സംസ്ഥാനത്തേക്കു പോയതു മാത്രമാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് എൻസിപി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. എംഎൽഎമാരെ ശിവസേന തിരികെയെത്തിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ജയന്ത് പാട്ടീൽ വ്യക്തമാക്കി.

അതേസമയം, ശിവസേന എംപിമാരും വിമതപക്ഷത്തേക്കു ചേക്കേറുന്നു എന്നാണ് റിപ്പോർട്ട്. ഒരു ഡസനിലേറെ എംപിമാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തേക്കു പോയെന്നാണു റിപ്പോർട്ടുകൾ. രാജൻ വിചാർ (താനെ), ഭാവ്ന ഗൗലി (വാഷിം), കൃപാൽ തുമാനെ (റംതേക്), ശ്രീകാന്ത് ഷിൻഡെ (കല്യാൺ), രാജേന്ദ്ര ഗാവിട്ട് (പൽഗർ) തുടങ്ങിയവരാണു വിമതപക്ഷത്തെത്തിയത്.

ഇതിൽ രാജൻ വിചാർ, ശ്രീകാന്ത് ഷിൻഡെ എന്നിവർ ഗുവാഹത്തിയിൽ വിമതർ തങ്ങുന്ന റിസോർട്ടിലാണുള്ളത്. വിമത പക്ഷത്തേക്കു മാറിയെന്ന ആരോപണം കൃപാൽ തുമാനെ വ്യാഴാഴ്ച രാവിലെ തള്ളിയിരുന്നു. ശിവസേനയ്ക്ക് മഹാരാഷ്ട്ര നിയമസഭയിൽ 55 എംഎൽഎമാരാണുള്ളത്. അതിൽ 40 പേർ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.

ലോക്സഭയിൽ 19 എംപിമാരും രാജ്യസഭയിൽ മൂന്ന് എംപിമാരുമാണു ശിവസേനയ്ക്കുള്ളത്. അതേസമയം, ഉദ്ധവ് താക്കറെയ്ക്കു പിന്തുണയുമായും ശിവസേന എംപിമാർ രംഗത്തെത്തി. ഇതു പോരാടേണ്ട സമയമാണെന്ന് ശിവസേന രാജ്യസഭാംഗം പ്രിയങ്കാ ചതുർവേദി ട്വിറ്ററിൽ കുറിച്ചു. സർക്കാരിനെ നിലനിർത്താൻ എല്ലാം ചെയ്യുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറും പറഞ്ഞു. ഉദ്ധവ് താക്കറെയ്ക്കു പൂർണ പിന്തുണ നൽകുന്നതായും പവാർ വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close