Breaking NewsINDIANEWSTop News

മഹാരാഷ്ട്രയിൽ ബിജെപി നടത്തിയത് വെറും ഓപ്പറേഷൻ താമരയല്ല; ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മുഖ്യമന്ത്രിപദം നഷ്ടപ്പെടുത്തിയ ഉദ്ധവ് താക്കറെക്ക് സ്വന്തം പാർട്ടി പോലും നഷ്ടമാകുന്നു

മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ എന്ന ശക്തനായ ശിവസേന നേതാവിന് അധികാരവും സ്വന്തം പാർട്ടിയും നഷ്ടമാകുമ്പോൾ ബിജെപിക്ക് ഒരിക്കൽ മഹാരാഷ്ട്രയിലേറ്റ നാണക്കേടിനുള്ള പ്രതികാരം. ശരത് പവാർ എന്ന ‘മറാഠാ സ്‌ട്രോങ്മാൻ’ നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങളെ അതിലേറെ പ്രഹരശേഷിയോടെയാണ് ബിജെപി നേരിട്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രി പദത്തിൽ കണ്ണുനട്ടിരുന്ന താക്കറെ കുടുംബം ബിജെപിയുമായി തെറ്റിപ്പിരിഞ്ഞത് മുഖ്യമന്ത്രി പദത്തിന്റെ പേരിലായിരുന്നെങ്കിൽ, ഇപ്പോഴിതാ, ഉദ്ധവ് താക്കറെക്ക് സ്വന്തം പിതാവ് രൂപം നൽകിയ പാർട്ടികൂടി നഷ്ടമാകുകയാണ്.

ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി ഒരാൾ മത്സരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യതാക്കറെയെയാണ് ഇത്തവണ കളത്തിലിറക്കിയത്. ആദിത്യയെ കളത്തിലിറക്കിയതിലൂടെ നേരത്തെ തന്നെ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയായിരുന്നു ശിവസേനയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിന് ശേഷമുള്ള നീണ്ട നാളത്തെ അനിശ്ചിതത്വത്തിന് അന്ത്യമായി ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം അധികാരത്തിലേറുമ്പോൾ, ആദിത്യയക്ക് പകരം ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി എത്തുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അമിത് ഷായുടെ ചാണക്യ തന്ത്രത്തെ പോലും അതിജീവിച്ചാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായത്. മഹാരാഷ്ട്ര പിടിച്ചെടുക്കുക, ഭരണം സ്ഥാപിക്കുക എന്നത് ബിജെപി നേതൃത്വത്തിന്റെ വ്യക്തമായ കാര്യപരിപാടിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ഉൾപ്പെട്ട അഞ്ചംഗസംഘമാണ് എൻ.സി.പി നേതാവ് അജിത് പവാറിനെ നിഗൂഢമായ ചരടുവലികളിലൂടെ ബിജെപി പക്ഷത്തെത്തിച്ചത്. ശിവസേനാ സർക്കാർ നിലവിൽവരുമെന്ന് അർധരാത്രിവരെ പ്രതീതി സൃഷ്ടിച്ചശേഷം അതിരാവിലെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയത് ഈ ചരടുവലികളുടെ അന്ത്യത്തിലായിരുന്നു.

എന്നാൽ താൻ കെട്ടിപ്പടുത്ത പാർട്ടിയുടെയും സ്വന്തം കുടുംബത്തിന്റെയും അടിത്തറയിളക്കാൻപോന്ന ഈ നീക്കം കൈയുംകെട്ടി നോക്കിനിൽക്കാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിപ്രതാപിയായ ശരദ് പവാറിനാവുമായിരുന്നില്ല. ‘മറാഠാ സ്‌ട്രോങ്മാൻ’ എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ള പവാർ പതിറ്റാണ്ടുകളുടെ രാഷ്ട്രീയാനുഭവക്കരുത്ത് കൈമുതലാക്കി നടത്തിയ എതിർനീക്കങ്ങൾ ചടുലവും പ്രഹരശേഷിയേറിയതുമായിരുന്നു. ഇതോടെയാണ് അവസാനനിമിഷം കൈവിട്ടുപോകുമെന്ന പ്രതീക്ഷിച്ച മഹാരാഷ്ട്രഭരണം ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിനു തിരിച്ചുപിടിക്കാനായത്.

സഹോദരപുത്രനായ അജിത് പവാർ മറുപക്ഷത്തിലേക്ക് ചുവടുമാറ്റിയതോടെ ശരദ് പവാർ തന്റെ ശക്തികളെല്ലാം പുറത്തെടുത്തു. എണ്ണയിട്ട യന്ത്രംപോലെയാണ് തുടർന്നുള്ള മണിക്കൂറുകളിൽ അദ്ദേഹം പ്രവർത്തിച്ചത്. ശരദ് പവാർ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചപ്പോൾ ചീട്ടുകൊട്ടാരംപോലെ തകർന്നത് ബിജെപി സംഘപരിവാർ കേന്ദ്രങ്ങൾ പാടിപ്പുകഴ്‌ത്തിയ ‘അമിത് ഷാ മാജിക്’ ആയിരുന്നു. എന്നാൽ, ഒരിക്കൽ കൈക്കുമ്പിളിൽ നിന്നും പവാർ തട്ടിയെടുത്ത് ഉദ്ധവിന് നൽകിയ മഹാരാഷ്ട്രയുടെ അധികാരം തിരികെ പിടിക്കാൻ ക്ഷമയോടെ ബിജെപി നടത്തിയ കരുനീക്കങ്ങളാണ് ഇപ്പോൾ ഫലം കാണുന്നത്.

1960കളിൽ മുംബൈയെയും മഹാരാഷ്ട്രയേയും ഇളക്കി മറിച്ചാണ് ശിവസേന എന്ന പാർട്ടിക്ക് ജന്മം നൽകി കൊണ്ട് ബാൽതാക്കറെ എന്ന നേതാവ് രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിക്കുന്നത്. പ്രാദേശിക വാദത്തിലും ഹിന്ദുത്വയിലും ഊന്നിയായിരുന്നു ശിവസേനയുടെ ജനനം. ആദ്യം മുംബൈയിലും പിന്നീട് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലും ശക്തിയായി വളർന്ന ശിവസേന, മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അത്ര കാർക്കശ്യം നിറഞ്ഞയാളായിരുന്നു ബാൽ താക്കറെ. പിതാവും പാർട്ടി സ്ഥാപകനുമായ ബാൽ താക്കറെയിൽനിന്ന് തീർത്തും വ്യത്യസ്തനാണ് ഉദ്ധവ് താക്കറെ.

ബാൽ താക്കറെയുടേത് കാർക്കശ്യത്തിന്റെ മുഖമായിരുന്നെങ്കിൽ മകൻ താക്കറെ വെറും പാവം. ശിവസേനയെ മര്യാദക്കാരുടെ പാർട്ടിയാക്കാൻ പ്രത്യക്ഷപ്പെട്ട സൗമ്യ മുഖമായിരുന്നു ഉദ്ധവിന്റെത്. അതു കൊണ്ട് തന്നെയാണ് ഉദ്ധവ് തന്നെ മുഖ്യമന്ത്രിയാകണം എന്ന് സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പി.യും ശഠിച്ചതും. മറ്റാരായാലും അംഗീകരിക്കാൻ പറ്റില്ലെന്ന് ഇവർ നിർബന്ധിക്കാൻ കാരണവും മറ്റൊന്നല്ല. ഇതോടെ തിരഞ്ഞെടുപ്പിനെ നേരിടാതെ തന്നെ ശിവസേനയുടെ ആ സൗമ്യ മുഖം മുഖ്യമന്ത്രി കസേരയിലേക്ക് എടുത്തുയർത്തപ്പെടുകയായിരുന്നു.

രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കും മുമ്പ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്നു ഉദ്ധവ് താക്കറെ. താക്കറെയുടെ മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയവനാണ് ഉദ്ധവ്. എങ്കിലും രാഷ്ട്രീയ കാര്യം വന്നപ്പോൾ 2003ൽ വർക്കിങ് പ്രസിഡന്റ് ആക്കി പാർട്ടിയുടെ ചരട് അദ്ദേഹം ഏൽപ്പിച്ചത് ഉദ്ധവിനെയാണ്. ഇതോടെ രാഷ്ട്രീയത്തിന്റെ ചൂടേറിയ ദിനങ്ങളിലേക്കായിരുന്നു ഉദ്ധവ് ചെന്നിറങ്ങിയത്. ശിവസേനയെ മര്യാദക്കാരുടെ പാർട്ടിയാക്കുക എന്നതായിരുന്നു ഉദ്ധവ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഉദ്ധവ് വന്നതോടെയാണ് നാരായണൻ റാണെയും രാജ് താക്കറെയും ശിവസേനയിൽ നിന്ന് വേറിട്ടുപോയതും. മറ്റു പാർട്ടികളിലെ നേതാക്കളുമായി നല്ലബന്ധം പുലർത്തുന്നു എന്നതുതന്നെയാണ് ഉദ്ധവ് എന്ന നേതാവിനെ വേറിട്ടുനിർത്തുന്നതും.

ബാൽ താക്കറെയുടെ തീപ്പൊരിപ്രസംഗമൊന്നും വശമില്ലെങ്കിലും അദ്ദേഹത്തിന്റെ സൗമ്യ മുഖം അണികൾ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ മുഖ്യമന്ത്രി ഒപ്ഷനെങ്കിൽ മാത്രമേ സഖ്യം സമ്മതിക്കൂവെന്ന എൻസിപിയുടെയും കോൺഗ്രസിന്റെയും കർക്കശ നിലപാടാണ് ഉദ്ധവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ഉദ്ധവിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം. ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായിരുന്ന നാരയൺ റാണെക്കെതിരെ സാമ്‌നയിലൂടെ രൂക്ഷ വിമർശനമാണ് ഉദ്ധവ് ഉന്നയിച്ചിരുന്നത്. ഉദ്ധവ്-റാണെ തർക്കം ഒടുവിൽ റാണെയുടെ പുറത്തുപോകലിന് വഴിവെച്ചു.

2002ലെ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെയാണ് ഉദ്ധവ് താക്കറെ പാർട്ടിയിൽ ശക്തിപ്രാപിച്ചത്. 2003 മുതൽ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി. 2012ൽ ബാൽ താക്കറെയുടെ മരണ ശേഷം പാർട്ടിയുടെ അമരക്കാരനായി. ഇതിനിടെ 2006ൽ ബന്ധുവായ രാജ് താക്കറെ പാർട്ടിവിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപവത്കരിച്ചു. 1966ൽ ശിവസേനയുടെ രൂപവത്കരണത്തിന് ശേഷം ആദ്യമായാണ് കോൺഗ്രസുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കുന്നത് എന്നതും ചരിത്രം. ഒരു തെരഞ്ഞെടുപ്പിലും ഉദ്ധവ് താക്കറെ മത്സരിച്ചിട്ടില്ല.

ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ശിവസേന വളരുമ്പോഴും പാർട്ടി സ്ഥാപകൻ ബാൽ താക്കറെ അധികാരത്തിൽ നിന്ന് എപ്പോഴും അകന്നുനിന്നു. താൻ മാത്രമല്ല, കുടുംബാംഗങ്ങളെയും താക്കറെ തെരഞ്ഞെടുപ്പ് ഗോദയിൽനിന്ന് മാറ്റി നിർത്തിയിരുന്നു. അതുതന്നെയായിരുന്നു ശിവസൈനികർ താക്കറെ കുടുംബത്തിന് പിന്നിൽ ഉറച്ചുനിൽക്കാനുണ്ടായ കാരണവും. അധികാരത്തിനും അപ്പുറം മറാത്താ വാദവും ഹിന്ദുത്വവുമായിരുന്നു ശിവസേനയുടെ ശക്തി.

യഥാർഥ പാർട്ടി തങ്ങളെന്ന് ഷിൻഡെ

യഥാർഥ ശിവസേന തന്റേതാണെന്നാണ് ഏക്നാഥ് ഷിൻഡെയുടെ അവകാശ വാദം. നിലവിൽ സ്വതന്ത്ര എംഎൽഎമാർ ഉൾപ്പെടെ 50 എംഎൽഎമാർ തനിക്കൊപ്പം ഉണ്ട് എന്ന് ഷിന്ദേ അവകാശപ്പെടുന്നു. മഹാവികാസ് അഘാടി സഖ്യത്തിൽനിന്ന് ശിവസേന പുറത്തുവന്ന് ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കണമെന്നാണ് ഷിൻഡെ ആവശ്യപ്പെടുന്നത്.

യഥാർഥ ശിവസേന തന്റേതാണെന്ന് അവകാശപ്പെട്ട ഏക്നാഥ് ഷിന്ദെൻഡെ, നിലവിലെ ചീഫ് വിപ്പ് സുനിൽ പ്രഭുവിനെ മാറ്റി ഭാരത് ഗോഗവാലയെ ചീഫ് വിപ്പായി നിയമിക്കുകയും ചെയ്തിരുന്നു. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗം നിയമപരമല്ലെന്നും ഷിൻഡെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ 8 മന്ത്രിമാർ വിട്ടു നിന്നിൽക്കുകയും ചെയ്തിരുന്നു.

അക്രമങ്ങളിലൂടെയും കലാപങ്ങളിലൂടെയും വളർന്നുവന്ന പാർട്ടി

ഓരോ അക്രമങ്ങളും കലാപങ്ങളും നടക്കുമ്പോൾ വോട്ട് കൂടുമെന്നത് ബിജെപിക്കുപോലും കാണിച്ചുകൊടുത്തത് സേനയാണ്. ഭയപ്പെടുത്തി നിശബ്ദരാക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. മുംബൈ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 1961-ൽ കമ്യൂണിസ്റ്റ്പാർട്ടി, സമിതി, പ്രജാസോഷ്യലിസ്റ്റ് പാർട്ടി എന്നിവരും സ്വതന്ത്രരും നേടിയ സീറ്റുകളാണ് 1968-ൽ നടന്ന തിരഞ്ഞെടുപ്പിൽ ശിവസേന തട്ടിയെടുത്തത്. മുംബൈയിലേക്ക് ഓരോ ദിവസവും മുന്നൂറ് കുടുംബങ്ങൾ കുടിയേറുന്നെന്നും വർഷത്തിൽ ഒരു ലക്ഷത്തോളം ഇതരസംസ്ഥാനക്കാൻ നഗരത്തിലെത്തുന്നെന്നും ശിവസേന ആരോപിച്ചു. ഇത്തരം കണക്കുകൾ ശിവസേന രൂപവത്കരണത്തിനുശേഷം പുറത്തുവിട്ടാണ് തെക്കെ ഇന്ത്യക്കാർക്കെതിരായ വികാരം ആളിക്കത്തിച്ചത്.1972-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ശിവസേന ദാദർ ഉൾപ്പെടെയുള്ള മേഖലയിൽ 56 ശതമാനത്തിലധികം വോട്ടുനേടി ഉന്നതവിജയം കൊയ്തു. തെക്കെ ഇന്ത്യക്കാർക്കെതിരെ വ്യാപകകലാപങ്ങളുമുണ്ടായി. മലയാളസിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് തീയിട്ടു. ഒട്ടേറെ മലയാളികൾക്കും തമിഴർക്കും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. ഓരോ ആക്രമവും ശിവസേനയെ വളർത്തുകയായിരുന്നു. പിന്നീട് ഹിന്ദുത്വപാർട്ടിയായി ശിവസേന മാറി. ബാബ്‌റി മസ്ജിദ് തകർക്കലിനുശേഷം മുംബൈയിൽനടന്ന വർഗീയ ലഹളകളിൽ ശിവസേനയുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രീകൃഷ്ണകമ്മീഷൻ എടുത്തുകാട്ടി. അത് താക്കറെയുടെ അറസ്റ്റിൽ കലാശിച്ചു. പക്ഷേ വൈകാതെ അതിൽനിന്നും അദ്ദേഹം രക്ഷപ്പെട്ടു.

തൊഴിലാളികൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകളെ ഒതുക്കാൻ പറ്റിയ അവസരമായിക്കണ്ട അക്കാലത്തെ മുഖ്യമന്ത്രിമാരായ വസന്ത് റാവു നായിക്കും വസന്ത്ദാദ പാട്ടിലും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചതും ചരിത്രം.1969ൽ കൃഷ്ണ ദേശായി എന്ന കമ്മ്യൂണിസ്റ്റ് എംഎ‍ൽഎ.യുടെ കൊലപാതകത്തിന് പിന്നിലും ശിവസേനയാണെന്ന് ആരോപണമുയർന്നു.അധികം താമസിയാതെ തന്നെ തൊഴിലാളി യൂണിയനുകളിൽ സ്വാധീനമുറപ്പിക്കാൻ ശിവസേനക്കായി. കൃഷ്ണദേശായിയുടെ കൊലപാതകത്തിനുശേഷം പരേലിൽനടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 1979 വോട്ടിന് ശിവസേന ജയിച്ചു. പിന്നീടുനടന്ന എല്ലാ നിയമസഭാതിരഞ്ഞെടുപ്പിലും ശിവസേനയുടെ ശക്തികൂടിവന്നു. 1995-ൽ ശിവസേന-ബിജെപി. സഖ്യം മഹാരാഷ്ട്ര നിയമസഭാധികാരം പിടിച്ചെടുത്തു. ശിവസേനയിൽനിന്ന് പ്രമുഖനേതാക്കളായ ഛഗൻ ഭുജ്ബൽ, നാരായൺറാണെ എന്നിവർ വിട്ടുപോയി. അതോടെ അധികാരത്തിലേക്കുള്ളവഴി ശിവസേനയ്ക്കുമുന്നിൽ അടഞ്ഞു. താക്കറെ കുടുംബത്തിലുണ്ടായ അധികാര വടംവലിയുടെ പേരിൽ ശിവസേനവിട്ട് പുറത്തുപോയ രാജ് താക്കറെ നവനിർമ്മാൺസേന രൂപവത്കരിച്ചു. ഇന്ന് ഉദ്ധവ് താക്കറെ ആധുനിക മുംബൈ സ്വപ്നം കാണുമ്പോൾ താക്കറെയുടെ അക്രമവഴിയും മണ്ണിന്റെ മക്കൾ വാദും പിന്തുടരുന്നത് നവ നിർമ്മാൻ സേനയാണ്.

നിരവധി രാജ്യദ്രോഹ കുറ്റങ്ങളാണ് താക്കറെ ചെയ്തത്. മത സ്പർധ വളർത്തൽ, ദേശീയതയെ ചോദ്യം ചെയ്യൽ, കലാപം, ജനങ്ങളെ ഭീഷണിപ്പെടുത്തൽ, കൊള്ളിവെയ്‌പ്പ്, കൊലപാതകം തുടങ്ങി ഏതാണ്ടെല്ലാ ക്രിമിനൽ കുറ്റങ്ങളും താക്കറെയ്ക്ക് മേൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. എല്ലാം കടുത്ത ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യങ്ങൾ തന്നെയാണ്. എന്നിട്ടും, സർക്കാരോ നിയമവിദഗ്ധരോ താക്കറെയ്ക്കെതിരെ നീങ്ങുന്നില്ല. കേന്ദ്രമായാലും സംസ്ഥാന സർക്കാരായാലും താക്കറെയുടെ വിവാദ പ്രസ്താവനകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.വിവാദ പ്രസ്താവന നടത്തിയതിന്റെ പേരിൽ ഒരിക്കൽ മാത്രമാണ് താക്കറെയെ അറസ്റ്റ് ചെയ്തത്. അതും ഒരു മണിക്കൂർ. പിന്നീട് ഇദ്ദേഹത്തിനെതിരെ നിരവധി പേർ കേസ് ഫയൽ ചെയ്തെങ്കിലും പുലിമടയിൽ കയറിചെല്ലാൻ നിയമം മടിച്ചു നിന്നു

താക്കറെയുടെ ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് മന്ത്രിമാർ പോലും മുട്ടുകുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പതിനഞ്ച് വർഷം മുംബൈയിൽ സ്ഥിരതാമസമുള്ളവർക്കു മാത്രമേ ഡ്രൈവിങ് ലൈസൻസ് നൽകൂ എന്ന് കോൺഗ്രസ് മുഖ്യമന്ത്രി അശോക് ചവാൻ ഉത്തരവിട്ടത് താക്കറെയെയും പേടിച്ചായിരുന്നു. പിന്നീട് ദേശീയതലത്തിൽ പ്രതിഷേധമുയർന്നപ്പോൾ മുഖ്യമന്ത്രി ചവാൻ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ലൈസൻസ് മാത്രമല്ല, തൊഴിലും, യാത്രയും എല്ലാം ഇവിടത്തുകാർക്ക് മാത്രമെന്നാണ് ഇവരുടെ വാദം.

വളർന്നത് കമ്യൂണിസ്റ്റ് പാർട്ടിയെ ഒതുക്കി

അറുപതുകളിലും എഴുപതുകളിലും മുംബൈ നഗരത്തിൽ ശക്തമായിരുന്നു സിഐടിയുവും എഐടിയുസിയും. ഇവരെ ഒതുക്കാൻ വേണ്ടി ഇന്ദിരാഗാന്ധിയുടെവരെ പരോക്ഷ പിന്തുണ ശിവസേനക്ക് കിട്ടിയിരുന്നു. ഹിറ്റ്ലറെപ്പോലെ തന്നെ കമ്യൂണിസ്റ്റുകളും ശിവസേനയുടെ ആജന്മ്മ ശത്രുക്കൾ ആയിരുന്നു. 1966ൽ ശിവസേന രൂപം കൊണ്ടതുമുതൽ 1980കൾ വരെ കമ്മ്യൂണിസ്റ്റ് പാർട്ടികളും ശിവസേനയും തമ്മിൽ ബോംബെയിലടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വലിയ സംഘർഷങ്ങളും രക്തചൊരിച്ചിലുകളും നടന്നിട്ടുണ്ട്. സിപിഎമ്മിന്റേയും സിപിഐയുടേയും നിരവധി പ്രവർത്തകർ ശിവസേനക്കാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളെ അടിച്ചൊതുക്കിയാണ് ശിവസേനയുടേയും ബാൽതാക്കറേ എന്ന നേതാവിന്റെയും ഉദയം തന്നെ. കൃഷ്ണ ദേശായ് എന്ന സിപിഐ എംഎൽഎയുടെ കൊലപാതകമടക്കം നിരവധി സംഭവങ്ങൾ ഇത്തരം സംഘർഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ജനങ്ങൾക്കിടയിലുണ്ടായിരുന്ന ശക്തമായ സ്വാധീനം ഇല്ലാതാക്കാനും ഇടതുപക്ഷ പ്രവർത്തകരെ കായികമായി ആക്രമിക്കാനും അന്നത്തെ കോൺഗ്രസ് സർക്കാരുകളുടെയും കോർപ്പറേറ്റ് മുതലാളിമാരുടേയും പിന്തുണയോടെ ശിവസേന പ്രവർത്തിച്ചതായി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി അശോക് ധാവ്‌ളെ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ശിവസേനയെ ഒരു പ്രാദേശിക തീവ്രവാദ കക്ഷിയായി മാത്രമല്ല ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനയായി തന്നെയാണ് സിപിഎം വിലയിരുത്തുന്നത്. ഇതിനിടെ അഞ്ചവർഷം മുമ്പ് നാസിക് ജില്ലാ പരിഷത്തിൽ ശിവസേനയ്ക്ക് സിപിഎം നൽകുന്ന പിന്തുണയും വൻ വിവാദമായിരുന്നു. ടിപ്പിക്കൽ അവസരവാദ കൂട്ടുകെട്ടായാണ് ഇത് വിലയിരുത്തപ്പെട്ടത്.

1966 മുസ്ലിലീഗുമായി ധാരണ ഉണ്ടാക്കിയ പർട്ടിയാണ് ശിവസേന. 1973ൽ മുസ്ലിംലീഗിന്റെ സഹായത്തോടെ സുധീർ ജോഷിയെ മുബൈയ് മേയർ ആയി തിരഞ്ഞെടുത്തു. 1979 വരെ മുസ്ലിംലീഗുമായി അടുത്ത് പ്രവർത്തനം നടത്തിയ ശിവസേന 1980ന് ശേഷം ബിജെപിയോട് അടുത്തു. 1977 ബാൽ ധാക്കരെയും, ശിവസേനയും അടിയന്താവസ്ഥയേയും, ഇലക്ഷനിൽ കോൺഗ്രസിനെയും അനുകൂലിച്ചു, പക്ഷെ ഇലക്ഷനിൽ കോൺഗ്രസ് ദയനീയമായി പരാജയപെട്ടു. 1977 മുബൈയ് മേയർ ആയി കോൺഗ്രസിന്റെ മുരളി ദോറായെ ഇലക്ഷനിൽ ശിവസേന അനുകൂലിച്ചു.

ബുദ്ധമത വിശ്വാസികളായ ദളിതരുമായി സ്ഥിരം കലാപങ്ങളിൽ ഏർപെട്ടിരുന്ന ശിവസേന 1984ൽ തങ്ങളുടെ നയത്തിന് മയം വരുത്തി. 1984ൽ ബിജെപിയുടെ കൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിച്ചു, പിന്നീട് 1989 വിണ്ടും ഒരുമിച്ച് മത്സരിച്ചു. ബിജെപിയുടെ കൂടെ ഉണ്ടാക്കിയ സഖ്യം ആണ് ശിവസേനയുടെ ഭാവി മാറ്റിയത്. 1966 മുതൽ 1989 വരെ മഹാരാഷ്ട്രയിൽ വലിയ ചനലങ്ങൾ സൃഷ്ടിക്കാൻ ആകാതെ കോൺഗ്രസിന്റെ തണലിൽ കമ്മ്യൂണിറ്റ് പാർട്ടിക്ക് എതിരെ തൊഴിലാളി വർഗത്തിന്റെ പ്രശങ്ങളിൽ പ്രവർത്തിരുന്ന ചെറിയ പാർട്ടി ആയിരുന്നു ശിവസേന. 1984നു ശേഷം ബിജെപിയുടെ യുടെ കൂടെ നിന്നാണ് ഇന്നു കാണുന്ന പ്രതാപം ശിവസേന നേടിയത്.

ദാവൂദ് ഇബ്രാഹീം ടീമീന് ബദൽ അധോലോകവും

മുംബൈ നഗരത്തെ എക്കാലവും നിയന്ത്രിച്ചിരുന്ന അധോലോക സംഘത്തിന്റെ ബലാബലത്തിനും ശിവസേന മാറ്റങ്ങൾ ഉണ്ടാക്കി. പ്രാദേശികമായ ഹഫ്ത്ത പരിക്കുന്നത്വരെ പലപ്പോഴും സേന പ്രവർത്തകർ ഏറ്റെടുത്തു. അപ്പോഴും കുടിയേറ്റക്കാർക്ക് ഇരട്ടിയും മറാത്തക്കാർക്ക് പകുതിയും മാത്രമായിരുന്നെന്ന് മുബൈയുടെ അധോലോക ചരിത്രം നന്നായി അറിയാവുന്ന എഴുത്തുകാരി ശോഭാഡേയപ്പൊലുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹാജി മസ്താൻ -ദാവൂദ് സംഘത്തെ ഒതുക്കാനായി അരുൺ ഗാവ്ലി- ചോട്ടാ രാജൻ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് സേന പ്രോൽസാഹിപ്പിച്ചത്. അതായത് മുസ്ലിം അധോലോകത്തിന് പകരം ഹിന്ദു അധോലോകമെന്ന് താക്കറെ ഒരിക്കൽ തമാശയായി പറഞ്ഞിരുന്നു. പിൽക്കാലത്ത ചോട്ടാ രാജൻ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരായപ്പോൾ നിഷ്‌ക്കരുണം തള്ളിപ്പറയുകയും ചെയ്തു.

ഇതാണ് ശിവസേനയുടെ അല്ലെങ്കിൽ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു പൊതുരീതി. എപ്പോൾ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരാവുന്നുവോ അപ്പോൾ അവർ തള്ളിപ്പറയും. തന്നെ എതിർക്കുന്ന ആർക്കുമെതിരെയും വിഷം ചീറ്റുക എന്നതായിരുന്നു താക്കറേയുടെ ശൈലി. മുംബൈയുടെ ഐക്കണായി അറിയപ്പെട്ടിരുന്ന സച്ചിൻ പോലും താക്കറെയുടെ നാക്കിന്റെ ചൂടറിഞ്ഞു. പാക് ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന ശിവസേനയുടെ നിലപാടിനെതിരെ സച്ചിൻ തെണ്ടുൽക്കറുടെ പ്രസ്താവന പോലും താക്കറെയെ ചൊടിപ്പിച്ചു. സച്ചിൻ ക്രിക്കറ്റ് കളിച്ചാൽ മതിയെന്നും രാഷ്ട്രീയത്തിൽ ഇടപെടേണ്ട എന്നുമാണ് താക്കറെ പറഞ്ഞത്.

താക്കറെക്കും ശിവസേനയ്ക്കും കേൾക്കാൻ പാടില്ലാത്ത മറ്റൊരു വാക്കു കൂടിയുണ്ട്, പാക്കിസ്ഥാൻ. ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധം വളർത്താൻ വേണ്ടി ക്രിക്കറ്റ് കളിക്കാൻ വരുന്ന പാക് താരങ്ങളെ പോലും ശിവസേന വെറുതെ വിടാറില്ല. എന്നാൽ, ഈ താക്കറെ തന്നെ നിരവധി പാക് പൗരന്മാരെ സ്വീകരിച്ച് വിരുന്ന് നൽകിയിട്ടുമുണ്ട്. ക്രിക്കറ്റ് താരം മിയൻദാദ്, നുസ്‌റത്ത് ഫത്തേഹ് അലി ഖാൻ തുടങ്ങിയവരൊക്കെ താക്കറെയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നും പലരും എഴുതിയിട്ടുണ്ട്. ഇന്ത്യക്കാർക്കെതിരെ ഓസ്ട്രേലിയയിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ കടുത്ത നിലപാടുമായി താക്കറെ രംഗത്ത് വന്നിരുന്നു. ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ മഹാരാഷ്ട്രയിൽ കളിക്കാൻ അനുവദിക്കില്ല എന്ന് താക്കറെ പറഞ്ഞു.നമ്മുടെ കുട്ടികളെ ഓസ്ട്രേലിയയിൽ കുത്തിമുറിവേൽപ്പിക്കുകയും ചുട്ടുകരിക്കുകയും വെടിവയ്ക്കുകയും ചെയ്യുമ്പോഴും നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അവർക്കൊപ്പം കളിക്കുന്നതിൽ ഒരു മടിയുമില്ല, അവർക്ക് എന്തെങ്കിലും ദേശസ്നേഹമുണ്ടോ?; താക്കറെ പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ പ്രകോപനപരമായ ലേഖനത്തിൽ ചോദിക്കുന്നു.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ മഹാരാഷ്ട്രയിൽ നിരോധിച്ചുകൊണ്ടുള്ള താക്കറെയുടെ ലേഖനത്തിൽ, ഇതേ രീതിയിൽ സംസ്ഥാനത്ത് പാക്കിസ്ഥാൻ ടീമിനെതിരെ ശിവസേന പ്രവർത്തകർ കൈക്കൊണ്ട നടപടിയും ഓർമ്മിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സർവകലാശാല നൽകിയ അംഗീകാരം നിരസിച്ചതിനെ താക്കറെ തന്റെ ലേഖനത്തിൽ പ്രശംസിക്കുന്നു. ക്രിക്കറ്റ് താരങ്ങളും ബച്ചനെ പോലെ ആത്മാഭിമാനം പ്രദർശിപ്പിച്ചാൽ നന്നായിരിക്കുമെന്ന് പറയുന്ന താക്കറെ ക്രിക്കറ്റ് പണത്തിന്റെ കളിയാണെന്നും അതിൽ ആത്മാഭിമാനവും രാജ്യസ്നേഹവും ഇല്ലെന്നും കുറ്റപ്പെടുത്തി. ഗസൽ സമ്രാട്ട് ഗുലാം അലിയുടെ പരിപാടി അലങ്കോലമാക്കിയത്ഴ ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് നടന്ന വാങ്കഡേ സ്റ്റേഡിയത്തിലെ പിച്ച് നശിപ്പിച്ചത്. ശിവസേന നടത്തിയ അക്രമങ്ങൾ പറഞ്ഞാൽ തീരില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close