Breaking NewsKERALANEWSTop News

വയനാട് ഡിസിസി സെക്രട്ടറിയെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ തല്ലിയത് വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ; തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചത് വെള്ളമെടുക്കാന്‍ അടുക്കളയിലെത്തിയപ്പോഴും; ആര്‍ പി ശിവദാസനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവ് നൽകിയ പരാതി ഇങ്ങനെ

വയനാട് ഡിസിസി സെക്രട്ടറി ആര്‍ പി ശിവദാസന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും പാർട്ടി ഇടപെട്ടില്ലെന്നാണ് വനിതാ നേതാവിന്റെ പരാതി. ഇത് സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് യുവതി അയച്ച കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ലൈവ് പുറത്തു വിട്ടു. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായിക്കെയാണ് യുവതി ശിവദാസന്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി നല്‍കിയത്. വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് കെപിസിസി അധ്യക്ഷന്‍ നേരിട്ട് പരാതി നല്‍കുന്നതെന്നും യുവതിയുടെ കത്തില്‍ പറയുന്നു.

കത്തില്‍ പറയുന്നത്: ”പരാതി നല്‍കിയതിന് പിന്നാലെ ശിവദാസന്‍ കുടുംബത്തെ പലതരത്തിലും അപമാനിച്ച് കൊണ്ടിരിക്കുകയാണ്. മകളുടെ വിവാഹം രണ്ടുതവണ ശിവദാസന്‍ മുടക്കി. പല സ്ത്രീകളോടും ആര്‍പി ശിവദാസന്‍ മോശമായി പെരുമാറിയിട്ടുണ്ട്. മീനങ്ങാടിയിലുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ശിവദാസന്‍ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു, ഒടുവില്‍ അവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. പുല്‍പ്പള്ളിയിലുള്ള ഒരു ഭര്‍തൃമതിയുടെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത് അറിഞ്ഞ് നാട്ടുകാര്‍ ശിവദാസനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കാര്യം പുല്‍പ്പള്ളിയിലെ നേതാക്കള്‍ക്ക് അറിയാം. കെപിസിസി അധ്യക്ഷന്‍ സ്വന്തമായതിനാല്‍ തന്നെ ഒന്നും ചെയ്യില്ലെന്ന് വീമ്പ് പറഞ്ഞു നടക്കുകയാണ് ശിവദാസന്‍.” പൊലീസില്‍ പരാതി നല്‍കി മാധ്യമ വിചാരണ നല്‍കി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാകാതിരിക്കാനാണ് ഇത്രയും നാളും ക്ഷമിച്ചതെന്നും യുവതി മുല്ലപ്പള്ളിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ശിവദാസന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാണിച്ച് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞദിവസം യുവതി പരാതി നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ കാര്യം പറയാന്‍ വീട്ടിലെത്തിയപ്പോഴാണ് ശിവദാസന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ വധിക്കുമെന്നും സോഷ്യല്‍മീഡിയ വഴി മോശമായി ചിത്രീകരിച്ച് അപമാനിക്കുമെന്നും ശിവദാസന്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

പരാതിയില്‍ പറയുന്നത്: ”2019 ഡിസംബര്‍ ആറിന് രാവിലെ 11 മണിക്കാണ് സംഭവം. ഡിസംബര്‍ 7ന് രാഹുല്‍ ഗാന്ധിയുടെ ബത്തേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ശിവദാസന്‍ സംഭാഷണത്തിന് ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയിലെത്തിയപ്പോള്‍ പിന്നാലെ വന്ന ശിവദാസന്‍ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറി ഓടിയപ്പോള്‍ ഒച്ചവയ്ക്കരുതെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്നും മകളെയും തന്നെയും കുറിച്ച് മോശമായ രീതിയില്‍ സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തി പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തിലാക്കുമെന്നും ഭീഷണിപ്പെടുത്തി ശിവദാസന്‍ പുറത്തേക്ക് പോകുകയായിരുന്നു. കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിനാലും സ്വാധീനമുള്ള വ്യക്തിയായതിനാല്‍ നടപടിയുണ്ടാവില്ലെന്ന് കരുതിയത് കൊണ്ട് അന്ന് പൊലീസില്‍ പരാതി നല്‍കാതിരുന്നത്. വിവരം കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ പരാതി നല്‍കണമെന്നാണ് പറഞ്ഞത്.” മകള്‍ക്ക് വരുന്ന വിവാഹാലോചനകള്‍ ശിവദാസന്‍ മുടക്കുകയാണെന്നും അതിനാലാണ് ഇപ്പോള്‍ പരാതി നല്‍കിയ യുവതി പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close