പുഴുക്കളെയും വണ്ടുകളെയും വളർത്തി പണം സമ്പാദിക്കാം; സ്ഥലവും മൂലധനവും വളരെ കുറച്ച് മതി; വ്യത്യസ്തനായ ദീപുവിനെ പരിചയപ്പെടാം

കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് പെറ്റ് വ്യവസായം. അരുമകളായി മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർക്ക് നന്നായി ശോഭിക്കാൻ കഴിഞ്ഞാൽ കൈ നിറയെ പണവും സമ്പാദിക്കാം എന്നതാണ് ഇതിന്റെ മെച്ചം. ലൗബേർഡ്സ് മുതൽ മുന്തിയ ഇനം നായകളും ഒട്ടകങ്ങളും വരെ കേരളത്തിലെ പെറ്റ് ഷോപ്പുകളിൽ കാണാം. എന്നാൽ, വ്യത്യസ്തമായ പെറ്റുകളാണ് എറണാകുളം ജില്ലയിലെ ഞാറയ്ക്കൽ മരോട്ടിക്കൽ വീട്ടിൽ ദീപുവിനുള്ളത്. ഇത്തിരിക്കുഞ്ഞൻ വണ്ടുകളും പുഴുക്കളുമാണ് ദീപുവിന്റെ അരുമകൾ. ചിരിച്ചു തള്ളാൻ വരട്ടെ, വിദേശത്ത് നിന്നുപോലും ദീപുവിന്റെ അരുമകൾക്ക് ആവശ്യക്കാരുണ്ട്. കൈനിറയെ പണം ലഭിക്കുന്നുണ്ട് എന്നർത്ഥം.
തന്റെ കിളികൾക്കു വേണ്ടിയാണ് തുടക്കത്തിൽ ദീപു വണ്ടിനെയും പുഴുവിനെയും വളർത്തിയത്.പലതരം പക്ഷിത്തീറ്റകൾ മാർക്കറ്റിൽ ലഭ്യമാണെങ്കിലും സ്വാഭാവിക ഭക്ഷണത്തിനു വേണ്ടിയുള്ള അന്വേഷണം പുഴുക്കളിലാണ് ചെന്നെത്തിയത്. എന്നാൽ പുഴുക്കളെ വാങ്ങാൻ കിട്ടില്ലല്ലോ? അന്വേഷണം തുടർന്നപ്പോൾ വണ്ടുകളെ വളർത്തി ഇണചേരലിനും മുട്ടയിടലിനും അവസരം നൽകി ലാർവകളെ ശേഖരിച്ചു വളർത്തിയെടുക്കാൻ കഴിയുമെന്നു പൂണെ സ്വദേശിയിൽനിന്നു വിവരം കിട്ടി. അതോടെയാണു വണ്ടു വളർത്തൽ തുടങ്ങിയത്.
സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചതോടെ പുഴുക്കൾക്കു വേണ്ടി അന്വേഷണങ്ങൾ എത്തിത്തുടങ്ങി. അലങ്കാര പക്ഷികളെ വളർത്തുന്നവരായിരുന്നു ഉത്തരേന്ത്യയിൽ നിന്നുള്ള ആവശ്യക്കാരിലേറെയും. പല ജീവികളുടെയും പ്രോട്ടീൻ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഏറ്റവും അനുയോജ്യം ഇത്തരം പുഴുക്കളാണെന്നതും അവയുടെ ഡിമാൻഡ് കൂട്ടി. മാത്രമല്ല ജീവനുള്ള ഇരകളോടു പക്ഷികൾക്കുള്ള പ്രിയവും പുഴുക്കളുടെ വിപണി മൂല്യം വർധിപ്പിക്കുന്നു.
വലിയ പയറിനെക്കാൾ അൽപം കൂടി വലുപ്പമുള്ള പറക്കാൻ കഴിയാത്ത ‘മീൽ വേം’ വണ്ടുകളെയാണ് ലാർവകൾക്കു വേണ്ടി ദീപു വളർത്തുന്നത്. ആദ്യഘട്ടത്തിൽ മാത്രം ഇവയെ പുറത്തുനിന്നു വാങ്ങിയാൽ മതി. പിന്നെ മുട്ടയിട്ടു പെരുകിക്കൊള്ളും. മൂന്നര മാസത്തോളം ആയുസ്സുള്ള വണ്ട് അതിനുള്ളിൽ പല ഘട്ടങ്ങളിലായി അഞ്ഞൂറോളം മുട്ടകൾ ഇടുമെന്നാണു കണക്ക്. ഗോതമ്പ് തവിടു നിറച്ച പ്ലാസ്റ്റിക് ട്രേകളിലാണു വണ്ടുകളെ വളർത്തുന്നത്. ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചു ജലാംശം കഴിയുന്നത്ര ഇല്ലാതാക്കി ട്രേയിൽ വച്ചുകൊടുത്താൽ വണ്ടുകൾ വട്ടംകൂടി ഭക്ഷണമാക്കിക്കൊള്ളും.
ഇണചേരലും മുട്ടയിടലുമൊക്കെ ട്രേയിൽത്തന്നെ. ഓട്സ്, സോയാബീൻ തുടങ്ങിയവയും ഭക്ഷണമായി നൽകാം. ലാർവകൾ വലുതായി തുടങ്ങിയാൽ മറ്റൊരു ട്രേയിലേക്കു മാറ്റാം. ദിവസങ്ങൾകൊണ്ട് പുഴുക്കൾ വലുപ്പം വയ്ക്കും. തീരെ ചെറിയ പുഴു ഒന്നിന് ഒരു രൂപയും വലുതിന് 2 രൂപയും ലഭിക്കും. ആയിരത്തിനും രണ്ടായിരത്തിനുമൊക്കെയുള്ള ഓർഡറുകളാണ് പലപ്പോഴും ദീപുവിന് ലഭിക്കാറുള്ളത്. വായുസഞ്ചാരമുള്ള പെട്ടികളിൽ നാടു കടക്കുന്ന പുഴുക്കൾ ഞുളയ്ക്കുന്ന പരുവത്തിൽത്തന്നെ ഓർഡർ ചെയ്തവരുടെ കൈകളിലേക്കും അവരുടെ അരുമകളുടെ വായിലേക്കുമെത്തും.
ദീപുവിന്റെ ഫോൺ നമ്പർ: 8000100030