celebrityKERALANEWSTrendingviral

ജയൻ; മലയാളത്തിന്റെ പൗരുഷത്തിന്റെ പര്യായം വിടവാങ്ങിയിട്ട് ഇന്ന് 41 വർഷം

മലയാളത്തിന്റെ പൗരുഷം എന്ന് ഇപ്പഴും പലരും പറയുന്നത് ജയനെക്കുറിച്ച് ആയിരിക്കും. സങ്കൽപ്പങ്ങൾ മാറിയിരിക്കും, പക്ഷേ പൗരുഷത്തിന്റെ പര്യായമെന്ന് ‘ഒരുകാലം’ വാഴ്‍ത്തിയ നടനെ അങ്ങനെയല്ലാതെ പറയാതിരിക്കാൻ കഴിയില്ല. കോളിളക്കത്തിന്റെ ക്ലൈമാക്സില്‍ പൂര്‍ണതയ്‍ക്ക് വേണ്ടി ശ്രമിച്ചപ്പോള്‍ മലയാളത്തിന്റെ പൗരുഷം ജയന് ജീവൻ വെടിയേണ്ടി വന്ന അതേ ദിവസമാണ് ഇന്ന്.

അദ്ദേഹത്തിന്റെ ജനനം മുതല്‍ അവസാനദിവസം വരെയുള്ള എല്ലാ കാര്യങ്ങളും ഓരോ മലയാളിക്കും കാണാപ്പാഠമാണ്. വടക്കന്‍പാട്ടിലെ പാണന്റെ പാട്ടുപോലെ മനുഷ്യര്‍ കൈമാറി കൈമാറി പതിഞ്ഞ കഥകള്‍.

കൃഷ്‍ണൻ നായർ എന്ന ജയൻ കരിയര്‍ തുടങ്ങിയത് നേവി ഓഫീസറായിട്ടായിരുന്നു. 15 വര്‍ഷം നേവിയില്‍ സേവനമനുഷ്‍ടിച്ചതിന് ശേഷമാണ് ജയൻ സിനിമയില്‍ സജീവമാകുന്നത്. 1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. വില്ലൻ വേഷങ്ങളിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് ആക്ഷൻ രംഗങ്ങളിലൂടെ നായകനായി വളര്‍ന്നു. ചെറിയ രംഗങ്ങളില്‍ ആണെങ്കിലും മികവ് കാട്ടിയിരുന്നു ജയൻ. ഹരിഹരന്റെ ശരപഞ്‍ജരം എന്ന സിനിമയിലൂടെയാണ് ജയൻ നായകനാകുന്നത്.

അങ്ങാടി എന്ന സിനിമയിലെ ചുമട്ടുതൊഴിലാളിയാണ് ജയനെ ജനകീയനാക്കി. ഗാംഭീരമുള്ള ശബ്‍ദവും സാഹസികതുള്ള ആക്ഷനും ഒരുപോലെ അങ്ങാടിയിലും മറ്റ് സിനിമകളിലും ജയനെ പ്രേക്ഷകനോട് അടുപ്പിച്ചു. ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടിയിലെ അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ച്, ജയനെ സൂപ്പർ സ്റ്റാർ പദവിയിലേയ്ക്കുയർത്തി.

മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന പേര് ജയൻ സ്വന്തമാക്കി. ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ താല്‍പര്യം കാട്ടുന്ന ജയന് ജീവൻ വെടിയേണ്ടി വന്നതും ആ കാരണം കൊണ്ട് തന്നെയാണ്. 1974 മുതൽ 80 വരെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. മിക്കതും വൻ ഹിറ്റുകളുമായിരുന്നു.

കോളിളക്കം എന്ന സിനിമ പൂര്‍ണതയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ജയന്റെ മരണം. തമിഴ്‍നാട്ടിലെ ഷോളാവാരത്തായിരുന്നു ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. ആദ്യ ടേക്കില്‍ തന്നെ സംവിധായകൻ തൃപ്‍തനായിരുന്നു. എന്നാല്‍ അതൃപ്‍തനായ ജയൻ വീണ്ടും ടേക്ക് എടുക്കാൻ പറഞ്ഞുവെന്നാണ് സിനിമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. റീടേക്കില്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയുമായിരുന്നു. ജയൻ മരിച്ചത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല ആരാധകര്‍. ജയന്റെ മരണസമയത്ത് ഹിറ്റ് ചിത്രമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന ‘ദീപ’ത്തില്‍ മരണവാര്‍ത്ത ചേര്‍ത്തിരുന്നു. സിനിമ കണ്ടിരുന്നവര്‍ പൊട്ടിക്കരഞ്ഞുവെന്നാണ് പറയുന്നത്. ചിലര്‍ വിശ്വസിച്ചില്ല. പുതിയ സിനിമയുടെ പരസ്യമാണെന്ന് വിചാരിച്ച് തിയറ്ററില്‍ തുടര്‍ന്നുവെന്നും പറയുന്നു. എന്തായാലും മരണശേഷവും കാലമിത്രയായിട്ടും ജയൻ മലയാളികളുടെ മനസില്‍ സാഹസികത കാട്ടിക്കൊണ്ടേയിരിക്കുന്നുവെന്നു തന്നെ പറയാം.

2011-ൽ ഗ്രാഫിക്സിന്റെ സഹായത്തോടെ അവതാരം എന്ന ചിത്രത്തിൽ ജയനെ നായകനായി അവതരിപ്പിക്കുകയുണ്ടായി. എസ്. ആർ. ലാൽ എഴുതിയ ജയന്റെ ജീവചരിത്രം വിഷയമാവുന്ന ‘ജയന്റെഅജ്ഞാതജീവിതം’ എന്ന നോവൽ പുസ്തകമാക്കുന്നുവെന്നതൊക്കെ ഇക്കാലത്തും ജയന്റെ ഓർമകൾക്ക് മരണമില്ലെന്നതിന്റെ ഉദാഹരണമാണ് ജയൻ ഇതിഹാസനായകൻ എന്ന പേരിൽ വാട്ട്സപ്പ് കൂട്ടായ്മയും ഫെയ്സ്ബുക്ക് പേജുമൊക്കെ സജീവമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close