KERALANEWSTop News

‘അവൾക്കൊപ്പം എന്നും’; ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധിയ്‌ക്കെതിരെ പ്രതികരണവുമായി നടിമാർ

തിരുവനന്തപുരം: പീഡനക്കേസില്‍ ജലന്ധർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധിയ്‌ക്കെതിരെ പ്രതികരണവുമായി മലയാള സിനിമയിലെ നടിമാർ. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, അടക്കമുള്ളവരാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്. ‘അവൾക്കൊപ്പം എന്നും’ എന്ന കുറിപ്പോടെയാണ് താരങ്ങൾ പ്രതികരണം രേഖപ്പെടുത്തിയത്.

നേരത്തെ വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ എൻഎസ് മാധവനും രം​ഗത്തെത്തിയിരുന്നു. ”യേശു ഒരു കഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍ പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.”എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

അതേസമയം, ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

അതേസമയം പീഡനക്കേസില്‍ ജലന്ധർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധിയ്ക്ക് ശേഷം പ്രതികരിച്ച് ഫ്രാങ്കോ മുളയ്‌ക്കൽ. വിധി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം കോട്ടയത്തെ ധ്യാനകേന്ദ്രത്തിൽ കുർബാന അർപ്പിച്ചു. കുർബാന മദ്ധ്യേ തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് അദ്ദേഹം നന്ദി അർപ്പിച്ചു. ദൈവത്തിൽ നിന്ന് വന്ന വിധിയായി കരുത്തുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. കുർബാനയ്‌ക്ക് ശേഷം വിശ്വാസികൾ ഫ്രാങ്കോ മുളയ്‌ക്കലിന് മധുരം നൽകി ആശംസകൾ നേർന്നു.

‘ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയിലും വരാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. ദൈവം ഉണ്ടെന്നും ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള മിഷനറിയാണ് ഞാൻ. അതിന് ദൈവം അവസരം തന്നു. പ്രാർത്ഥനയ്‌ക്ക് ശക്തിയുണ്ടെന്ന് ജാതി, മത വ്യത്യാസമില്ലാതെ എല്ലാവർക്കും മനസ്സിലായി. സത്യത്തെ സ്‌നേഹിക്കുന്നവരും, സത്യത്തിന് വേണ്ടി നിൽക്കുന്നവരും എപ്പോളും എന്റെ കൂടെയുണ്ടായിരുന്നു’ എന്ന് ഫ്രാങ്കോ മുളയ്‌ക്കൽ പറഞ്ഞു.

ഫലം ഉള്ള മരത്തിൽ കല്ലെറിയും, അതിൽ അഭിമാനമാണുള്ളത്. ഏവരും തുടർന്ന് പ്രാർത്ഥിക്കുക ദൈവത്തെ സ്തുതിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്തെ ധ്യാന കേന്ദ്രത്തിൽ കുർബാന അർപ്പിച്ച ശേഷം ജന്മനാടായ തൃശ്ശൂരിലേയ്‌ക്കാണ് അദ്ദേഹം പുറപ്പെടുക. തന്റെ മാതാപിതാക്കളെ അടക്കിയ കല്ലറയിൽ ചെന്ന് പുഷ്പാജ്ഞലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സമീപകാല കേരള ചരിത്രം പരിശോധിക്കുമ്പോൾ ഒറ്റപ്പെട്ട ഒരു സംഭവം തന്നെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനം. പല നാടകീയവും നിർണായകവുമായ മുഹൂർത്തങ്ങൾക്കും വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും കേരളക്കര സാക്ഷിയായി. ബിഷപ്പിനെതിരെ 6 വര്ഷം നീണ്ട നിയമ പോരാട്ടമായിരുന്നു പരാതിപ്പെട്ട കന്യാസ്ത്രീ നടത്തിയത്. ലൈംഗിക ചൂഷണത്തിന് പരാതിപ്പെട്ട കന്യാസ്ത്രീയ്ക്ക് കഴിഞ്ഞ കാലയളവിൽ നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കൊടും ക്രൂരതയും അവഗണനയുമായിരുന്നു. പരാതിയിൽ നിന്ന് പിന്തിരിയാൻ സഹോദരനെ കള്ളകേസിൽ കുടുക്കിയും കന്യാസ്ത്രീയുടെ സ്വഭാവ ശുദ്ധിയെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തും വേട്ടക്കാർ പരസ്യമായി വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും കന്യാസ്ത്രീ പരാതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു.

നാൾ വഴികൾ

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തിൽ വച്ച് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തുവെന്നതാണ് കേസ്. ഫ്രാങ്കോ തന്നെ പലവട്ടം പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ മദർ സുപ്പീരിയറിന് പരാതി നൽകുന്നത് 2018 മാര്‍ച്ച് 26ന്. സംഭവം ഒതുക്കാനുള്ള ആദ്യ ശ്രമം നടക്കുന്നത് ജൂണ്‍ 2നും. കോടനാട് വികാരിയുടെതായിരുന്നു അനുരഞ്ജന ശ്രമം. ജൂണ്‍ 7ന് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നൽകി. 21 ദിവസങ്ങൾക്ക് ശേഷം ജൂൺ 28നാണ് പൊലീസ് കേസിൽ എഫ്ഐആർ ഇടുന്നത്. കേസന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്. ജൂലൈ ഒന്നിന് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. 2018 ജൂലൈ 5ന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിനു മുന്നിൽ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യ മൊഴി നൽകി.

ജൂലൈ 7ന് ദേശീയ വനിത കമ്മീഷന്‍റെ ഇടപെടലുണ്ടാവുന്നു. ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു. ജൂലൈ 8ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് വ്യാജമെന്ന് കണ്ടെത്തി പിന്നീട് തള്ളി.

ജൂലൈ 14ന് അന്വേഷണസംഘം പാലാ ബിഷപ്പിന്‍റെ മൊഴിയെടുത്തു. കന്യാസ്ത്രീ വാക്കാല്‍ പരാതി പറഞ്ഞെന്നായിരുന്നു കല്ലറങ്ങാട്ടിന്‍റെ മൊഴി. പിന്നാലെ കേസിൽ നിന്ന് പിൻമാറാൻ കന്യാസ്ത്രീമാരേയും ബന്ധുക്കളേയും സ്വാധീനിക്കാൻ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശ്രമങ്ങളുണ്ടായി. 2018 ജൂലൈ 25ന് കേസിൽ നിന്ന് പിൻമാറാൻ രൂപത അധികാരികൾ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ വെളിപ്പെടുത്തി. ജൂലൈ 30ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഓഗസ്റ്റ് പത്തിന് അന്വേഷണസംഘം ജലന്ധറിലെത്തി. 13ന് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്തു.

അതി നാടകീയ സംഭവവികാസങ്ങളാണ് പിന്നെ കണ്ടത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമുണ്ടായി. മാധ്യമപ്രവർത്തകർക്കെതിരെ വരെ കയ്യേറ്റമുണ്ടായി. ഒടുവിൽ ചോദ്യം ചെയ്യൽ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിച്ചു നൽകി. ബിഷപ്പിന് ജലന്ധർ മേഖലയിൽ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നിൽക്കണ്ടായിരുന്നു ഇത്. ജലന്ധറിൽ വച്ച് ഉദ്ദേശിച്ച രീതിയിൽ ചോദ്യം ചെയ്യൽ നടക്കില്ലെന്ന് ബോധ്യമായി. ഫ്രാങ്കോ മുളയ്ക്കലിന് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് കേരള പൊലീസ് തീരുമാനിച്ചത് ഇതിന് ശേഷമാണ്. ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചു.

ഓഗസ്റ്റ് 28ന് തന്നെ വധിക്കാൻ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി വന്നു. സെപ്റ്റംബർ പത്തിന് കേസിൽ ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. എന്ത് നടപടി സ്വീകരിച്ചുവെന്നായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യം. സെപ്റ്റംബര്‍ 15ന് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു.

2018 സെപ്റ്റംബര്‍ 19ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഹാജരായി. വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാൻ ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു ക്യാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരേപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ്. 21-ാം തീയതി എട്ട് മണിയോടെയാണ് ഫ്രാങ്കോ അറസ്റ്റിലായത്.

2018 സെപ്റ്റംബർ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബർ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു. എന്നാൽ 25 ദിവസം നീണ്ട ജയിൽ വാസത്തിന് ശേഷം 2018 ഒക്ടോബർ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

2019 ഏപ്രില്‍ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവര്‍ സിറ്റേഴ്‌സിന്‍റെ പ്രതിഷേധത്തിൽ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഏപ്രില്‍ 9ന് കുറ്റപത്രമായി. 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി. ആദ്യം അഡീഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതൽ ഹർജി തള്ളി. 2020 സെപ്റ്റംബര്‍ 16ന് കോട്ടയം അഡിഷനൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ വിചാരണ തുടങ്ങി. നവംബർ അഞ്ചിന് ഫ്രാങ്കോയുടെ വിടുതൽ പുനഃപരിശോധന ഹർജിയും സുപ്രീംകോടതി തള്ളി.

2021 ഡിസംബര്‍ 29ന് വാദം കേസിൽ വാദം പൂര്‍ത്തിയായി. 2022 ജനുവരി 10ന് കേസിന്‍റെ വിധി ജനുവരി 14ന് പറയാൻ കോടതി തീരുമാനിച്ചു. കോട്ടയം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ആണ് കേസിൽ വിധി പറയുക.

ഫ്രാങ്കോയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ

മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം (കുറഞ്ഞ ശിക്ഷ പത്ത് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ ജീവപര്യന്തം, കൂടെ പിഴയും )

ആവർത്തിച്ചുള്ള ബലാൽസംഗം ( കുറഞ്ഞ ശിക്ഷ പത്ത് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ ജീവപര്യന്തം, കൂടെ പിഴയും )

അധികാര ദുർവിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം ( കുറഞ്ഞ ശിക്ഷ അഞ്ച് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ പത്ത് വർഷം വരെ കഠിനതടവ് )

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ( കുറഞ്ഞ ശിക്ഷ പത്ത് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ ജീവപര്യന്തം, കൂടെ പിഴയും )

അന്യായമായ തടഞ്ഞുവെയ്ക്കൽ ( ഒരുവർഷം വരെ തടവും പിഴയും )

സ്ത്രീകൾക്കെതിരായ അതിക്രമം ( രണ്ട് വർഷം വരെ തടവും പിഴയും )

ഭീഷണിപ്പെടുത്തൽ ( ഏഴ് വർഷം വരെ ജയിൽശിക്ഷ )

ആകെ 83 സാക്ഷികളാണ് കേസിലുള്ളത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, ഭഗൽപൂർ ബിഷപ് കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവരും 25 കന്യാസ്ത്രീകളും, 11 വൈദീകരും, രഹസ്യ മൊഴിയെടുത്ത 7 മജിസ്‌ട്രേറ്റുമാരും, വൈദ്യ പരിശോധന നടത്തിയ ഡോക്ടറും, ബിഷപ്പിന്റെ ഡ്രൈവറും അടങ്ങുന്നതാണ് സാക്ഷി പട്ടിക. ആകെ 122 തെളിവുകൾ ബിഷപ്പിന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, മഠത്തിലെ സന്ദർശക രജിസ്റ്റർ അടക്കം അനുബന്ധ രേഖകളും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close