KERALANEWS

ഓണനാളുകളില്‍ മലയാളി കുടിച്ച് തീര്‍ത്തത് 750 കോടിയുടെ മദ്യം ; ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് തിരുവനന്തപുരത്ത്


തിരുവനന്തപുരം: ഓണനാളുകളില്‍ മലയാളി കുടിച്ച് തീര്‍ത്തത് 750 കോടിയുടെ മദ്യമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോഡ് മദ്യവില്പനയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകള്‍. ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ നടന്നത്.

ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഉത്രാട ദിനത്തിലാണ്. 85 കോടിയുടെ വില്പനയാണ് അന്നുമാത്രം നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാല്‍ തന്നെ ഉത്രാടദിനത്തില്‍ ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഉത്രാട ദിനത്തില്‍ കൂടുതല്‍ മദ്യം വിറ്റത് തലസ്ഥാനത്താണ്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ നിന്ന് ഉത്രാട ദിനം വിറ്റുപോയത് 1,04,00,000 രൂപയുടെ മദ്യമാണ്. ആദ്യമായാണ് ഒരു ഔട്ട്‌ലെറ്റില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ മദ്യം വില്‍ക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ വില്പനയാണ് ഇത്.

ഇരിങ്ങാലക്കുട ഔട്‌ലെറ്റില്‍ നിന്നും വിറ്റത് 96 ലക്ഷത്തിന്റെ മദ്യമാണ്.ഉത്രാടത്തിന് മാത്രം 85 കോടിയുടെ മദ്യമാണ് സംസ്ഥാന വ്യാപകമായി വിറ്റഴിഞ്ഞത്.കണ്‍സ്യൂമര്‍ഫെഡില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കുന്നംകുളത്തെ ഔട്ട്‌ലെറ്റിലാണ്. 58 ലക്ഷം രൂപയുടെ വില്‍പ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വില്‍പ്പനയായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

ഓണത്തോടനുബന്ധിച്ച് മൂന്നുഷോപ്പുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും. ഈ മൂന്നിടത്തും ഓണ്‍ലൈന്‍ വില്പന വിജയകരമായിരുന്നുവെന്നാണ് ബെവ്‌കോ വ്യക്തമാക്കുന്നത്.

ഓണത്തിനോടുബന്ധിച്ച് പത്ത് ദിവസങ്ങളില്‍ മദ്യവില്‍പ്പനയിലുണ്ടായത് റെക്കോര്‍ഡ് നേട്ടമാണ്. 70 ശതമാനം വില്‍പ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലാണ്.30 ശതമാനം വില്‍പ്പന ബാറുകളിലാണ് നടന്നത്. 260 ഔട്‌ലെറ്റുകള്‍ വഴിയായിരുന്നു ഇത്തവണത്തെ വില്പന.പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാല്‍ അഞ്ചു ഔട്ട് ലെറ്റുകള്‍ തുറന്നിരുന്നില്ല. ഏറ്റവും കൂടുതല്‍ വിറ്റുപോയത് ബ്രാന്‍ഡിയാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ 10 ലക്ഷം രൂപയ്ക്കടുത്താണ് വരുമാനം. തിരക്ക് കുറയ്ക്കാന്‍ 181 അധിക കൗണ്ടറുകള്‍ ബെവ്‌കോ തുറന്നിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുമായെത്തുന്നവര്‍ക്ക് മാത്രമായിരുന്നു മദ്യം നല്‍കിയിരുന്നത്. നിയന്ത്രണങ്ങള്‍ കച്ചവടത്തെ ബാധിക്കാതിരിക്കാന്‍ കോര്‍പ്പറേഷന്‍ എടുത്ത മുന്‍കരുതലുകളാണ് കച്ചവടം കൂട്ടിയതെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close