NEWSSocial Media

യേശുദാസന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി ; അദ്ദേഹം വരച്ച ചിത്രവും പങ്കുവെച്ചു

ഇന്ന് അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസന് ആദരാഞ്ജലികൾ അർപ്പിച്ചു മമ്മൂട്ടി. എക്കാലവും തന്നെ പ്രോത്സാഹിപ്പിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത സുഹൃത്ത് എന്നാണ് യേശുദാസനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഇത് കുറിച്ചത്. ഇതിന് ശേഷം യേശുദാസൻ വരച്ച തന്റെ ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പോസ്റ്റിനെ പൂർണരൂപം,

“സിനിമയിലെ എന്റെ ആരംഭകാലത്തും , പിന്നീടും എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വന്ദ്യ സുഹൃത്തിന് വിട.
കാർട്ടൂണിസ്റ്റ് യേശുദാസന് ആദരാഞ്ജലികൾ”

മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ 1938 ജൂൺ 12നാണ് യേശുദാസൻ ജനിച്ചത്. തന്റെ ക്ലാസ് മുറിയിലെ മണ്ണിൽ നിന്നു തന്നെ വരയ്ക്കാൻ തുടങ്ങിയ യേശുദാസൻ ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. ജനയുഗം ആഴ്ചപ്പതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവൻ’ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാർട്ടൂണുകൾ എന്നവകാശപ്പെടാവുന്നതാണ്. ഈ കഥാപാത്രമാണ് അദ്ദേഹത്തെ ഒരു ജനപ്രിയകാർട്ടൂണിസ്റ്റാക്കിയതും. വനിതയിലെ ‘മിസ്സിസ് നായർ’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടൻ’ എന്നീ കാർട്ടൂൺ കഥാപാത്രങ്ങളും മലയാളി വായനക്കാർക്ക് സമ്മാനിച്ചതും യേശുദാസനാണ്.

1963-ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ച ‘ദാസ്’ കേരളത്തിൽ തിരിച്ചെത്തിയ ശേഷം അന്നത്തെ രാജ്യസഭാംഗമായ സി. അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതൽ ‘ബാലയുഗം’ എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതലയെടുക്കുകയും ചെയ്തു. ശങ്കേഴ്സ് വീക്കിലിയുടെ ചുവടുപിടിച്ച് തുടങ്ങിയ ‘അസാധു’ എന്ന ജനപ്രിയ രാഷ്ട്രീയ മാസിക കൊല്ലത്തു നിന്നും സിനിമാ ഹാസ്യമാസികയായ ‘കട്ട്-കട്ട്’, ‘ടക്-ടക്’ എന്നീ പ്രസിദ്ധീകരണങ്ങളും തുടങ്ങി. പ്രസിദ്ധീകരണരംഗത്തുനിന്നും പിന്മാറിയ യേശുദാസൻ 1985-ൽ മലയാള മനോരമ ദിനപത്രത്തിൽ ചേർന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിൽ പ്രവർത്തിച്ചു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close