INSIGHTNEWSTop News

പ്രതിസന്ധി ഘട്ടത്തിലും പ്രീസ്റ്റും വണ്ണും തിയേറ്ററിൽ തന്നെ ഇറക്കി ഹിറ്റടിപ്പിച്ച യഥാർത്ഥ സ്റ്റാർഡം; ചന്തുവിനെയും പഴശിരാജയെയും വൈക്കം മുഹമ്മദ് ബഷീറിനെയും അംബേദ്കറേയും വെള്ളിത്തിരയിൽ പകർന്നാടാൻ ഭാഗ്യം ലഭിച്ച നടൻ; അതാണ് മെഗാസ്റ്റാർ മമ്മൂട്ടി; സിജു കൃഷ്ണൻ എഴുതുന്നു

സിജു കൃഷ്ണൻ

മമ്മൂട്ടി എന്ന പ്രതിഭാസത്തോടുള്ള എന്റെ ആരാധനയ്ക്ക് ഏകദേശം എന്റെ പ്രായം തന്നെ ഉണ്ടാകും. ഈ ആരാധന എങ്ങനെയുണ്ടായെന്നു ചോദിച്ചാൽ ഒറ്റ വരിയിലോ ഒരു ഖണ്ഡികയിലോ എഴുതി തീർക്കുവാനാകില്ല. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ഞാൻ താമസിക്കുന്നത്.
എന്റെ നെഴ്സറി വിദ്യാഭ്യാസമൊക്കെ കറ്റാനം ഗാനം തിയേറ്ററിന് സമീപമുള്ള സ്വരാജ് നെഴ്സറിയിലായിരുന്നു.1983 കാലം, ചുവരുകളിൽ പതിച്ചിരുന്ന രുഗ്മ എന്ന സിനിമയുടെ പോസ്റ്ററുകൾ കണ്ടാണ് ഞാൻ ദിവസവും പോകുകയും വരികയും ചെയ്തിരുന്നത്. എന്റെ അപ്പൂപ്പനാണ് എന്നെ നെഴ്സറിയിൽ കൊണ്ടു വിട്ടിരുന്നത്.

പലപ്പോഴും തിയേറ്ററിനു മുമ്പിലെ വമ്പിച്ച ജനക്കൂട്ടം കണ്ട് സിനിമാ കാണണമെന്ന ആഗ്രഹം എനിക്കുമുണ്ടായി. ഒരിക്കൽ സ്കൂളിലേക്കു പോകുന്ന വഴി സിനിമാ കാണണമെന്ന് വാശി പിടിച്ച് ഞാൻ കരഞ്ഞു. കരച്ചിൽ ബഹളങ്ങളിലേക്ക് എത്തി. ഒടുവിൽ അപ്പൂപ്പൻ എന്നെ ഗാനം തിയേറ്ററിലേക്ക് കൊണ്ടുപോയി. അന്ന് ആ സിനിമ ഏതെന്നോ കഥ എന്തായിരുന്നെന്നോ ഒന്നും അറിയില്ല. അതിലെ അവസാന സീൻ ഇന്നും മനസിലുണ്ട്, മമ്മൂക്ക വില്ലനെ ജീപ്പ് കയറ്റി കൊല്ലുന്ന രംഗം. വളലെ പിന്നീടാണ് ആ സിനിമ മൂന്ന് മാസങ്ങൾക്ക് മുമ്പ് എന്നാണെന്ന് ഞാൻ മനസിലാക്കിയത്. അതിലെ നായകനെ അന്നു മുതൽ എനിക്കിഷ്ടമായി തുടങ്ങി. പിന്നീട് എത്രയെത്ര സിനിമകൾ.

കറ്റാനം ഗാനം തിയേറ്ററിൽ മിക്കപ്പോഴും മമ്മൂക്കാ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. സന്ദർഭം, മണിത്താലി, കാണാമറയത്ത്, ആ രാത്രി അങ്ങനെ എത്രയെത്ര സിനിമകൾ. സിനിമകൾ ആസ്വദിക്കാനുള്ള തിരിച്ചറിവൊന്നുമില്ല എങ്കിലും നായകനെ കാണാൻ വേണ്ടിയാണ് വീട്ടിൽ വഴക്കിട്ട് വീട്ടുകാരേയും കൂട്ടി അക്കാലത്ത് സിനിമയ്ക്ക് പോയിരുന്നത്. 1985-86 കാലം, മമ്മൂക്ക കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിലെ അഭിഭാജ്യ ഘടകമായി മാറിയ കാലം, അന്നത്തെ സിനിമകളെല്ലാം ഞാൻ തിയേറ്ററിൽ തന്നെ കാണുമായിരുന്നു. യാത്ര, നിറക്കൂട്ട്, ഉപഹാരം, കാതോട് കാതോരം, ശ്യാമ, വാർത്ത, ക്ഷമിച്ചു എന്നൊരു വാക്ക്, സ്നേഹമുള്ള സിംഹം, അവനാഴി, പ്രണാമം അങ്ങനെ എത്രയെത്ര സിനിമകൾ. ആരാധന തലയ്ക്കു പിടിച്ച പ്രായം. ഒരു കുഴപ്പം മാത്രം, വീട്ടുകാരോടൊപ്പം മാത്രമേ തിയേറ്ററിൽ പോകാൻ കഴിയൂ.

കാലം കടന്നു പോയി. മമ്മൂക്ക താരത്തിൽ നിന്നും സൂപ്പർ താരമായി വളർന്നു കൊണ്ടേയിരുന്നു. ഇടക്കാലത്ത് ചില സിനിമകൾ തുടരെ പരാജയപ്പെട്ടു. പത്രങ്ങളിലൊക്കെ മമ്മൂക്ക സിനിമകൾ വീണുപോകുന്നത് വാർത്തയായി വന്നുകൊണ്ടേയിരുന്നു. വല്ലാത്ത മന:പ്രയാസമായിരുന്നു ആ നാളുകളിൽ. സിനിമ പരാജയപ്പെടുന്നതിലല്ല എനിക്കു വിഷമം, സിനിമ കൊള്ളില്ലെന്നു പറഞ്ഞ് അച്ഛൻ സിനിമയ്ക്കു കൊണ്ടു പോകാത്തതിലാണ് എനിക്കു സങ്കടം. അങ്ങനെയിരിക്കെ ഒരു ദിവസം മനോരമ പത്രത്തിൽ ന്യുഡൽഹി എന്ന സിനിമയുടെ പരസ്യം കണ്ടു. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനോട് സഹപ്രവർത്തകർ പറഞ്ഞത്രെ, ന്യൂഡൽഹി ഗംഭീര സിനിമായാണെന്ന്. ഇത് അച്ഛൻ അമ്മയോട് പറയുന്നതു കേട്ടു.

ആ ഞായറാഴ്ച്ച ഫസ്റ്റ് ഷോയ്ക്ക് സിനിമ കാണാൻ വേണ്ടി ഞങ്ങളിറങ്ങി. തിയേറ്ററിന്റെ മുമ്പിലെത്തിയപ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുന്നു. ചോദിച്ചപ്പോൾ സെക്യൂരിറ്റി പറഞ്ഞു, ടിക്കറ്റ് തീർന്നു, കുറേ ദിവസമായി ഇങ്ങനെയൊക്കെ തന്നെയാണെന്ന്. ജീവിതത്തിൽ ആദ്യമായി ടിക്കറ്റ് കിട്ടാതെ മടങ്ങി. പിന്നെ ന്യൂഡൽഹി ഒരു തരംഗമായി മാറി. മൂന്ന് ആഴ്ച്ചകൾക്കു ശേഷമാണ് ഞങ്ങൾക്ക് സിനിമ കാണാൻ പറ്റിയത്. ജികെ ആയി മമ്മൂക്ക പൊളിച്ചടുക്കുന്നത് വിസ്മയത്തോടെയാണ് ഞങ്ങൾ കണ്ടിരുന്നത്. ആദ്യമായിട്ടാണ് കാണികൾ സിനിമ തീർന്നു കഴിഞ്ഞപ്പോൾ എഴുനേറ്റു നിന്ന് കയ്യടിക്കുന്നത് കാണുന്നത്. പിന്നീട് മമ്മൂക്കയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് എത്രയെത്ര ജോഷി ചിത്രങ്ങളിലൂടെ മമ്മൂക്ക ജന ഹൃദയങ്ങൾ കീഴടക്കി. മമ്മൂക്കയുടെ കരിയറിനോടൊപ്പം അദ്ദേഹത്തോടുള്ള എന്നിലെ ആരാധനയും വളർന്നു കൊണ്ടേയിരുന്നു. ഒരിക്കലെങ്കിലും മമ്മൂക്കയെ നേരിൽ കാണുക എന്നത് അന്നത്തെ എന്റെ ജീവിതാഭിലാഷമായിരുന്നു.

ജീവിതത്തിൽ ആദ്യമായി ഒറ്റയ്ക്കു തിയേറ്ററിൽ പോയി കണ്ട സിനിമ അമരമാണ്. ഗാനം തിയേറ്ററിന്റെ ഏറ്റവും മൂമ്പിൽ തടിക്കസേരയിലിരുന്നാണ് അന്ന് സിനിമ കണ്ടത്. അമരം അതൊരു അനുഭവമായിരുന്നു. പിന്നീട് അച്ഛനോടും അമ്മയോടുമൊപ്പം ഈ സിനിമ വീണ്ടും തിയേറ്ററിൽ പോയി കണ്ടു. പത്താം ക്ലാസ് കഴിഞ്ഞ് കായംകുളം MSM കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നതോടുകൂടി സിനിമ കാണാനുള്ള അവസരങ്ങൾ ഉണ്ടായത്.
ഒട്ടുമിക്ക സിനിമകളും കാണും. മമ്മൂക്ക ചിത്രങ്ങളാണേൽ രണ്ടും മൂന്നും തവണ കണ്ടിരിക്കു, അതാണ് ശീലം. ഒരിക്കലെങ്കിലും മമ്മൂക്കയെ നേരിൽ കാണുക എന്നത് ജീവിതാഭിലാഷമായി കൊണ്ടു നടന്നു.

പിന്നീട് ഡിഗ്രിക്കു പഠിക്കുമ്പോഴും പിജിക്കു പഠിക്കുമ്പോഴുമെല്ലാം മനസിൽ മമ്മൂക്ക മാത്രം. മമ്മൂക്ക ചിത്രങ്ങളുടെ അഭിപ്രായങ്ങൾ ചലച്ചിത്ര വാരികകളിൽ അയച്ചൂ കൊടുത്ത് അത് പ്രസിദ്ധീകരിക്കുന്നതും നോക്കിയിരിക്കുന്നതും അന്നത്തെ ഒരു ശീലമായിരുന്നു. വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് ചെറിയ ഒരു ജോലിയൊക്കെയായി ഇരിക്കുമ്പോഴാണ് കല്യാണം നടക്കുന്നത്. കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ഒരു പെരുന്നാൾ ദിവസമായിരുന്നു. അന്നാണ് മമ്മൂക്കയുടെ രാജമാണിക്യം റിലീസായത്. ഭാര്യയുമായുള്ള ആദ്യ സിനിമ രാജമാണിക്യം. അതും ആദ്യം ദിനം ആദ്യ ഷോ. പിന്നീട് എത്രയോ തവണ ഞങ്ങൾ ആ സിനിമ തിയേറ്ററിൽ തന്നെ പോയി കണ്ടു.

ജീവിതത്തിൽ ആദ്യമായി മമ്മൂക്കയെ നേരിട്ടു കാണുന്നത് തുറപ്പു ഗുലാന്റെ വിജയാഘോഷം മാവേലിക്കരയിൽ നടക്കുമ്പോഴായിരുന്നു.
ഗുലാന്റെ 75-ാം ദിവസത്തെ ആഘോഷത്തിനു വന്ന മമ്മൂക്കയ്ക്ക് മമ്മൂട്ടി ടൈംസിനു വേണ്ടി ഉപഹാരം നൽകിയത് ഞാനായിരുന്നു.

മമ്മൂട്ടി ടൈംസ് ഫിലിം മാഗസിനിലേക്ക് ലേഖനങ്ങൾ എഴുതി അയയ്ക്കുന്നതും അന്നത്തെ പ്രധാന പരിപാടിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം സുഹൃത്തായ മമ്മൂട്ടി ടൈംസിന്റെ എഡിറ്റർ റഫീഖ് വിളിക്കുന്നു, ” മാഗസിനിൽ സബ് എഡിറ്ററായി ഒഴിവുണ്ട്, താൽപര്യമുണ്ടെങ്കിൽ വരിക” എന്തു താൽപര്യമില്ലായ്ക ? മമ്മൂക്കയെ കാണണം അത്രതന്നെ !! അടുത്ത ദിവസം എറണാകുളത്തിന് വിട്ടു. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി റെഫീഖിനെ വിളിച്ചപ്പോൾ പറഞ്ഞു, ആലുവ YMCA യിൽ മമ്മൂക്കയും ബ്ലസിയുമുണ്ട്, ഇന്നവിടെ പുതു മുഖങ്ങളുടെ റിഹേഴ്സൽ നടക്കുന്നുണ്ട് അങ്ങോട്ടു പൊക്കോളൂ എന്ന്. ആലുവയിൽ എത്തി YMCA യിലേക്ക് കടക്കുമ്പോൾ ഒരു ഭയം, ഒരുപാട് താരങ്ങൾ, പത്ര പ്രവർത്തകർ.

ഇക്കയും ബ്ലസിയും ചേർന്നുള്ള പത്ര സമ്മേളനം. മാധ്യമ പ്രവർത്തകരുടെ കൂട്ടത്തിൽ ഒരു കസേര എനിക്കും കിട്ടി. പ്രസ്സ് മീറ്റിംങ് കഴിയുന്നതു വരെ ഞാൻ അദ്ദേഹത്തെ നോക്കിത്തന്നെയിരുന്നു. പ്രസ്സ് മീറ്റിംഗ് കഴിഞ്ഞ് അദ്ദേഹം മടങ്ങി. ഞാൻ ചുമ്മാ റിഹേഴ്സലൊക്കെ കണ്ടു നിൽക്കുമ്പോൾ അന്റോ ജോസഫിന്റെ അസിസ്റ്റന്റ് മരിച്ചു പോയ ഉണ്ണിച്ചേട്ടൻ ( ഉണ്ണി രൂപവാണി ) രണ്ടു കുട്ടികളെ എനിക്കു പരിചയപ്പെടുത്തി. പളുങ്കിലെ മമ്മൂക്കയുടെ മക്കളായി വേഷമിടുന്നവർ. അവർ ഡയലോഗ് പഠിക്കുന്നില്ല, ഒന്നു പറഞ്ഞു കൊടുക്കാൻ പറഞ്ഞു. നന്നേ കുസൃതികളായ ആ കുട്ടികളെ ആദ്യമായി ഡയലോഗ് പഠിപ്പിച്ചത് ഞാനാണ്. അതിൽ ഒരാൾ ഇന്നത്തെ പ്രശസ്ത നടിയും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ.

ടൈംസിൽ സബ് എഡിറ്ററായി ജോലി തുടങ്ങിയ നാളിലാണ് പളുങ്കിന്റെ ഷൂട്ടിംങ് തുടങ്ങിയത്. തൊടുപുഴയിലായിരുന്നു ഷൂട്ടിംങ്. ഒരു ദിവസം എഡിറ്റർ റഫീക്ക പറഞ്ഞു, ആ ലക്കം ടൈംസിന്റെ ആദ്യ പ്രതി തൊടുപുഴയിലെ ലൊക്കേഷനിലെത്തി ഇക്കയ്ക്ക് കൊടുക്കണമെന്ന്.
അടിപൊളി ജഗപൊഗ ! സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന അവസ്ഥ ! അടുത്ത ദിവസം കുറച്ചു മാഗസീനുകളുമായി ഞാൻ തൊടുപുഴയ്ക്ക് വെച്ചു പിടിച്ചു. തൊടുപുഴ ബസ്സ് സ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ പിന്നെയും പോകണം. ഒരു ഒാട്ടോയിൽ ലൊക്കേഷനിൽ എത്തി. ഗ്രാമീണ അന്തരീക്ഷം നിറഞ്ഞ ലൊക്കേഷൻ. ആയിരങ്ങൾ ഷൂട്ടിംങ് കാണാൻ തിക്കിത്തിരക്കുന്നു.

ഞാൻ ഒരു തരത്തിൽ ഷൂട്ടിംങ് നടക്കുന്ന വീട്ടിലെത്തി. മോനിച്ചനായി മമ്മൂക്ക തകർക്കുന്നു. ഏറെ നേരം ഷൂട്ടിംങ് കണ്ടു. ഇടയ്ക്ക് ബ്രേക്ക് വന്നപ്പോൾ മമ്മൂക്ക ഒരു മുറിയിലേക്ക് കയറി വാതിൽ ചാരി. ഞാൻ ജനൽ വഴി ഇതെല്ലാം കാണുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ റഫീക്ക വിളിച്ചു, എത്രയും വേഗം മാഗസിൻ മമ്മൂക്കയെ കാണിക്കണം, അതിനു ശേഷമേ വിൽപ്പനയ്ക്ക് കൊടുത്തു വിടൂ. ഞാൻ വേഗം വീടിനുള്ളിലേക്ക് കയറി, അവിടെ അധികം ആരുമില്ല, ചാരിയ വാതിൽ മെല്ലെ തുറന്ന് ഞാൻ അകത്തേക്ക് നോക്കി. മോനിച്ചന്റെ വേഷത്തിൽ മമ്മൂക്ക ഒരു കസേരയിൽ ഇരുന്ന് മയങ്ങുന്നു. അദ്ദേഹത്തെ വിളിച്ചുണർത്താൻ ഒരു ഭയം. എങ്കിലും മെല്ലെ അദ്ദേഹത്തിന്റെ മുന്നിലെത്തി, കൈയ്യിലിരുന്ന മാഗസിനുകൾ അടങ്ങിയ കവർ മാറ്റി വെച്ച് ഞാൻ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ടു വണങ്ങി. അതിവേഗം പിന്നിലേക്കു നടന്നപ്പോൾ ഘനഗംഭീരമായ ശബ്ദം മുഴങ്ങി. പേടിച്ചറച്ച് ഞാർ പറഞ്ഞു, ടൈംസിലെ പുതിയ ആളാണ്, മാഗസീനുമായി വന്നതണെന്നുമൊക്കെ ഒരു വിധം പറഞ്ഞൊപ്പിച്ചു.

ഞാൻ മാഗസിനുകൾ അദ്ദേഹത്തിനു നൽകി. അദ്ദേഹം എല്ലാം മറിച്ചു നോക്കി. മാഗസിനീൽ നിന്നും മുഖമെടുക്കാതെ തന്നെ അദ്ദേഹം പേരും നാടുമൊക്കെ ചോദിച്ചു. സ്ഥലം മാവേലിക്കര എന്നു പറഞ്ഞപ്പോൾ , നമ്മുടെ നരേന്ദ്ര പ്രസാദ് സാറിന്റെ നാടാണല്ലോ എന്നു പറഞ്ഞു. പേടി ലേശം മാറി. നരേന്ദ്ര പ്രസാദ് സാറിന്റെ അടുത്തു തന്നെയാണ് താമസിക്കുന്നതെന്നു പറഞ്ഞു. അപ്പോഴേക്കും ഷോട്ട് റെഡിയാണെന്നു പറഞ്ഞ് ജോർജ്ജേട്ടൻ വന്നു. ഞാൻ മെല്ലെ മുറിയിൽ നിന്നിറങ്ങി. കുറേ നേരം കൂടി ഷൂട്ടിംങ് കണ്ട് ഞാൻ എറണാകുളത്തിനു മടങ്ങി. ബസിൽ മടങ്ങുമ്പോൾ എന്റെ പൊന്നോ ! സ്വർഗം കിട്ടിയ സന്തോഷം. അതൊരു തുടക്കമായിരുന്നു.

പിന്നിടെത്രയോ തവണ, മാഗസിൻ പ്രിന്റിനു കൊടുക്കുന്നതിനു മുമ്പുള്ള പ്രൂഫ് കാണിക്കാനും പ്രിന്റ് ആയതിനു ശേഷം ഫസ്റ്റ് കോപ്പി കൊടുക്കാനുമായി മൂന്നു വർഷത്തോളം നിരന്തരം ആ മഹാത്ഭുതത്തിന്റെ മുന്നിലെത്താനുള്ള ഭാഗ്യം എനിക്കു കിട്ടി.
അതിനുള്ള അവസരം തന്ന റെഫീക്ക് ഇക്കയെ എപ്പോഴും നന്ദിയോടെ മാത്രമേ എനിക്ക് ഒാർക്കാൻ കഴിയൂ.

വർഷങ്ങൾ കഴിഞ്ഞു, എനിക്ക് രണ്ടാമത്തെ കുഞ്ഞു പിറന്ന സമയം. പിറക്കുവാൻ പോകുന്ന കുഞ്ഞിനൊരു പേര്, ഗർഭധാരണം മുതൽ ദമ്പതികൾക്കിടയിൽ ഇതൊരു ആലോചനയാണ്. നൂറു പേരുകൾ മനസിൽ വന്നാലും അതൊന്നും തൃപ്തികരമാവാതെ അടുത്തതിലേക്കു മനസു പായിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു കാടുകയറി ചിന്തയുടെ ആവശ്യമേ ഇല്ലായിരുന്നു. ആൺകുട്ടിയാണെങ്കിൽ ഒറ്റപ്പേര് ; #മാധവൻ, ഒന്നുകൂടി സ്റ്റൈലിഷാക്കിയാൽ #മാധവ്, അത്രതന്നെ. മമ്മൂക്കയെ കൊണ്ട് പേര് ഇടീക്കണമെന്നതും ഈ കോവിഡ് കാലത്തെ നടക്കാതെ പോയ ആഗ്രഹമാണ്.

മാധവൻ എന്ന പേര് എന്തുകൊണ്ട് എന്ന ചോദിച്ചാൽ , എന്റെ അച്ഛന്റെ, അതായത് ഇവന്റെ മുത്തച്ഛന്റെ പേര് കൃഷ്ണൻ, ഭഗവാന്റെ പേരും കൃഷ്ണൻ, ഭഗവാന്റെ മറ്റൊരു പേരാണ് മാധവൻ, സംഭവം കളറായെന്നു കുടുംബക്കാർ കരുതിക്കോട്ടെ. എന്നാൽ കഥയിലൊരു ട്വിസ്റ്റുണ്ട്, അതെന്താണെന്നു വെച്ചാൽ, ഇഷ്ടതാരത്തിന്റെ ജനപ്രിയ കഥാപാത്രങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന വല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണി,
ഹിറ്റ്ലർ മാധവൻകുട്ടി, ദ്രോണയിലെ പട്ടാഴി മാധവൻ, കാഴ്ച്ചയിലെ പാവം മാധവൻ, അനുഭവങ്ങൾ പാളിച്ചകളിലെ മാധവൻകുട്ടി, ഈറൻ സന്ധ്യയിലെ മാധവൻകുട്ടി, വാർത്തയിലെ മാധവൻകുട്ടി … സംശയം ഒന്നും വേണ്ട, മമ്മൂക്കയോടുളള ആരാധനയുടെ ഭാഗം തന്നെയാണ് ഈ വിളിപ്പേര്. മാധവൻ അഥവാ മാധവ്.

കടുത്ത ആരാധകനെന്ന നിലയിലും അദ്ദേഹത്തോടുളള ഐക്യദാർഡ്യം പ്രകടിപ്പിക്കാനുളള അവസരം എന്ന നിലയിലും മറ്റേതു പേരാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത് ? മാധവ് എന്ന മാധവൻ, ഞങ്ങളുടെ കുഞ്ഞുമാധവൻ. ഇവനിലെ സിനിമാ ആസ്വാദനം തുടങ്ങുന്ന കാലത്തും ഇവന്റെ യൗവനവും കൗമാരവുമെല്ലാം കടന്നു പോകുന്നത കാലങ്ങളിലും നിത്യ യൗവ്വനമായി, നിത്യ ഹരിത വിസ്മയമായി മെഗാസ്റ്റാർ ഇവിടെ നിറഞ്ഞു നിൽക്കും. ഒരു സംശയവും വേണ്ടാ, ഉറപ്പിച്ചോളൂ. The Hero of Next Generation.

മലയാള, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറു ഭാഷകളിൽ നായക വേഷത്തിൽ അഭിനയിച്ച നടനാണ് മമ്മൂക്ക. ഏറ്റവും കൂടുതൽ തവണ (3)മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ മലയാള നടൻ. ചന്തുവിനെയും പഴശിരാജയെയും വൈക്കം മുഹമ്മദ് ബഷീറിനെയും അംബേദ്കറേയും, YSR നേയും വെള്ളിത്തിരയിൽ പകർന്നാടാൻ ഭാഗ്യം ലഭിച്ച നടൻ. സമീപകാലത്ത് ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകൾ മലയാള സിനിമയ്ക്കു നൽകിയ മുൻ നിര നടൻ. പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ഒടിടി പ്ലാറ്റ് ഫോമിന് സിനിമകൾ മറിച്ചു വിറ്റ് തടിയൂരിയപ്പോൾ പ്രീസ്റ്റും വണ്ണും തിയേറ്ററിൽ തന്നെ ഇറക്കി ഹിറ്റടിപ്പിച്ച യഥാർത്ഥ സ്റ്റാർഡം, അതാണ് മെഗാസ്റ്റാർ മമ്മൂട്ടി.

അഭിനയത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയ പ്രിയപ്പെട്ട ഇക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യങ്ങളും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ.
പിന്നെ ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ, അറബിക്കടലും, എന്റെ കുടുംബവും , പിന്നെ മമ്മൂക്കയും, എത്ര കണ്ടാലും കണ്ടാലും മതിയാകില്ല.

(മമ്മുട്ടി ടൈംസ് ഫിലിം മാ​ഗസിന്റെ മുൻ സബ് എഡിറ്ററും മമ്മുട്ടി സിനിമകളുടെ ഓൺലൈൻ പ്രമോട്ടറുമാണ് ലേഖകൻ)

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close