
കൊല്ലം: ബിജെപി നേതാവ് മാമ്പഴത്തറ സലീം ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവച്ചു. ഇദ്ദേഹം സിപിഎമ്മിൽ ചേരുമെന്നാണ് റിപ്പോർട്ട്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന സലീം സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും ചേക്കേറുകയായിരുന്നു.
1995ലായിരുന്നു സലിമിന്റെ കന്നിപോരാട്ടം. അരിവാൾ ചുറ്റിക നക്ഷത്രമായിരുന്നു സലിമിന്റെ ചിഹ്നം. സി പി എം സ്ഥാനാർത്ഥിയായി കഴുതുരുട്ടി വാർഡിൽ നിന്ന് മത്സരിച്ച് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി. 2000ലും 2005ലും സിപിഎമിനു വേണ്ടി തന്നെ മത്സരിച്ച് വിജയിച്ചു.എന്നാൽ, സി പി എമ്മുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് 2009ൽ പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. 2010ൽ കഴുതുരുട്ടിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. അന്ന് വൈസ് പ്രസിഡണ്ട് ആയി.
കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കേ 2015ൽ ഇടപ്പാളയത്ത് നിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല. കാലുവാരിയതാണെന്ന് ആരോപിച്ച് സലിം പിന്നീട് പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്നു. നിരവധി അസ്വാരസ്വങ്ങൾക്ക് ശേഷം 2017 ജൂലൈയിൽ സലിം കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേരുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കഴുതുരുട്ടി വാർഡിൽ മത്സരിച്ച സലീം വിജയിച്ചിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വിജയിച്ച ആദ്യ ബിജെപി നേതാവായിരുന്നു സലീം.