KERALANEWS

വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷണം നടത്തുന്നയാള്‍ പോലീസ് പിടിയില്‍; പിടിയിലായത് ആക്രികച്ചവടക്കാരന്‍

കിളികൊല്ലൂര്‍ : വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷണം ചെയ്യുന്നയാള്‍ പോലീസ് പിടിയിലായി. പുതുചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന പളളിമുക്ക് സുധീര്‍ മന്‍സിലില്‍ ഷെമീര്‍ (40) ആണ് പോലീസ് പിടിയിലായത്. കല്ലുംതാഴം മഹാവിഷ്ണു ക്ഷേത്ര ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും ബാറ്ററിയും മറ്റും മോഷണം പോയതിന് സബീര്‍ എന്നയാള്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ലോറിയിലേയും ബാറ്ററികള്‍ മോഷണം പോയതായി കണ്ടെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ മോഷ്ടവിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന പുതുച്ചിറയിലെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.

മോഷണം പോയ ബാറ്ററികളും പോലീസ് ഈ വീട്ടില്‍ നിന്നും കണ്ടെടുത്തു. ആക്രി വ്യാപാരം നടത്തുന്ന ഇയാള്‍ ഇങ്ങനെ ലഭിക്കുന്ന ബാറ്ററികള്‍ വില്‍പ്പന നടത്തുകയോ പൊളിച്ച് നല്‍കുകയോ ആണ് ചെയ്തിരുന്നതെന്ന് പോലീസിനെ അറിയിച്ചു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെ യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്, മധു, ജയന്‍ സക്കറിയ എ.എസ്സ്.ഐ സന്തോഷകുമാര്‍.പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close