KERALANEWS

കൊലപാതകത്തിലും ആത്മഹത്യയിലും വിറങ്ങലിച്ച് നിന്നവർക്ക് മുമ്പിൽ മകൾക്ക് സല്യൂട്ട് നൽകി അച്ഛൻ മാധവൻ; ചേതനയറ്റ പെങ്ങളുടെ ശരീരം കണ്ട് വിറങ്ങലിച്ച് അനുജൻ അശ്വന്ത്; കരഞ്ഞ് തളർന്ന് അമ്മ; മാനസ യാത്രയാപ്പോൾ ബാക്കിവെച്ചത് നെയ്തെടുത്ത കുറേ സ്വപ്നങ്ങൾ മാത്രം…

നാടിനെ നടുക്കിയ കൊലപാതകത്തിലും ആത്മഹത്യയിലും വിറങ്ങലിച്ച് നിന്നവർക്ക് മുമ്പിലൂടെ മാനസയുടെ മൃതദേഹം പാർവണം വീട്ടിലേയ്ക്ക് എത്തിച്ചപ്പോൾ അരങ്ങേറിയത് വികാരനിർഭരമായ രംഗങ്ങളായിരുന്നു. തലതുളച്ച് രണ്ട് വെടിയുണ്ടകൾ കടന്നുപോയിട്ടും ആ മുഖം ഉലഞ്ഞിരുന്നില്ല. പക്ഷെ ആ മുഖം കണ്ട് നിൽക്കാനുള്ള ശക്തി പെറ്റമ്മയ്ക്കും ജീവൻ നൽകി സ്നേഹിച്ച അച്ഛനും സ്നേഹിച്ച് കൊതി തീരാത്ത അനുജനും ഇല്ലായിരുന്നു. നിയന്ത്രണം വിട്ട് കരഞ്ഞ ആ വീട്ടുകാരെ സമാധാനിപ്പിക്കാൻ കഴിയാതെ മറ്റുള്ളവരുടെ കണ്ണും ഈറനണിഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മാനസയുടെ മൃതദേഹം പാർവണം വീട്ടിലേയ്ക്ക് എത്തിച്ചത്. അമ്മയ്ക്കും അടുത്തബന്ധുക്കൾക്കും അവസാന നോക്കിനായി അൽപ സമയം വീട്ടിനുള്ളിൽ വെച്ചപ്പോൾ കൂട്ട നിലവിളിക്കായിരുന്നു ഒരു നാട് സാക്ഷിയായത്. ഡോക്ടറായി തിരിച്ചുവരേണ്ട മോളുടെ മരവിച്ച ശരീരം കാണാനാവാതെ അമ്മ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. ഈ രംഗം കണ്ടുനിന്നവരുടെയും നെഞ്ചു പിടച്ചു. മകൾക്ക് സല്യൂട്ട് നൽകിയായിരുന്നു അച്ഛൻ മാധവൻ മകളെ യാത്രയാക്കിയത്. ചേതനയറ്റ പെങ്ങളുടെ ശരീരം കണ്ട് വിറങ്ങലിച്ച് നിന്ന അനുജൻ അശ്വന്ത് സംസ്‌കാര ചടങ്ങുകൾ നിർവഹിച്ചു.

വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം ഒമ്പതരയോടെ കണ്ണൂർ പയ്യാമ്പലത്തെ പൊതുശ്മാശനത്തിലെത്തിച്ച്‌ സംസ്‌കരിക്കുകയായിരുന്നു. ഒടുവിൽ പ്രണയപ്പകയിൽ ഇഞ്ചിഞ്ചായി മരിച്ച മാനസ എന്ന ഡെന്റൽ ഡോക്ടർ ചിതയിൽ എരിഞ്ഞമർന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മാനസക്ക് സംഭവിച്ച ദുരന്ത വാർത്ത കുടുംബാംഗങ്ങളും നാട്ടുകാരുമറിയുന്നത്.

കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം രാത്രി ഏറെനേരം വിഡിയോകോൾ ചെയ്ത് സംസാരിച്ച മകളുടെ വിയോഗവാർത്ത അമ്മ അറിഞ്ഞത് ടീവിയിൽ ബ്രെക്കിങ് വാർത്തകണ്ടായിരുന്നു. അപ്പോഴും മകൾക്ക് സംഭവിച്ച ദുരന്തം അറിയാതെ തളാപ്പിൽ ട്രാഫിക് ജോലിയിലായിരുന്നു അച്ഛൻ മാധവൻ. അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥർ മാധവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു.

നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നാടാകെ അറിഞ്ഞിട്ടും രഖിലിന്റെ വീട്ടിൽ സംഭവ ദിവസം രാത്രി വരെ ആരും ഒന്നും അറിഞ്ഞിരുന്നില്ല. രഖിലിന്റെ അച്ഛൻ രഘൂത്തമനും അമ്മ രജിതയും വീട്ടിൽ‌ ഉണ്ടായിരുന്നെങ്കിലും കുറച്ചു നാളുകളായി ടിവി കേടായിരുന്നതിനാൽ അവർ ഒന്നും അറിഞ്ഞില്ല. സംഭവം അറിഞ്ഞ് വീടിന്റെ അകലെ മാറി ആളുകളും പൊലീസും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരുമെല്ലാം എത്തിയെങ്കിലും അവരും വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലാത്തതിനാൽ വീട്ടിൽ കയറാൻ മടിച്ചു നിന്നു. പഞ്ചായത്ത് അംഗത്തെ വീട്ടിലേക്കു പറഞ്ഞയച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലെന്നു വ്യക്തമായത്.

ഒടുവിൽ രാത്രി 7.30ന് ആണ് പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞതും രഘുത്തമൻ ഒന്നും പറയാനാകാാതെ ഇരുന്നു പോയി. പിന്നെ നിലവിളിയായി…. രണ്ട് ദിവസം മുമ്പ് രഖിൽ വീട്ടിൽ വന്നിരുന്നുവെന്നും എറണാകുളത്ത് ഇന്റർവ്യൂവിനു പോകുന്നെന്നു പറഞ്ഞാണു വീട്ടിൽ നിന്നു പോയതെന്നും രഘൂത്തമൻ പറഞ്ഞിരുന്നു. ഇത് കൃത്യം നിർവഹിക്കാൻ രഖിൽ നടത്തിയ യാത്രയാണോ എന്ന് സംശയം നിലനിൽക്കുന്നുണ്ട്. തന്റെ കാർ വിറ്റതായി രഖിൽ പറഞ്ഞിരുന്നതായും എന്നാൽ ഇതിനെ കുറിച്ച്‌ കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്നും സുഹൃത്ത് ആദിത്യനും മറ്റുള്ളവരും മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ രാഖിൽ തന്റെ കാർ വിറ്റത് തോക്കു വാങ്ങാൻ പണത്തിന് വേണ്ടിയാണെന്നാണ് സൂചനകൾ. ബിഹാറിൽ നിന്നാണ് തോക്ക് ലഭിച്ചതെന്ന കാര്യം ഉറപ്പായിട്ടുണ്ട്. രഖിലിന്റെ ബിസിനസ് പങ്കാളി ആദിത്യൻ മറ്റു രണ്ടു സുഹൃത്തുക്കൾ എന്നിവർ നിരീക്ഷണത്തിലാണ്. ഇതിൽ ആദിത്യന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്റർനെറ്റ് മുഖേനെ തോക്ക് വാങ്ങാനുള്ള പദ്ധതി നടക്കില്ലെന്ന് കണ്ടപ്പോഴാണ് രഖിൽ മറ്റുവഴികൾ തേടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close