SPORTS

റൊണാൾഡോയുടെ മിന്നും ഗോളിൽ മാഞ്ചസ്റ്ററിന് അപ്രതീക്ഷിത ജയം ; പോയിന്റ് പട്ടികയിൽ മൂന്നാമത്

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിലെ ഇന്നലെ നടന്ന മത്സരത്തിൽ റൊണാൾഡോയുടെ മിന്നും ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിയ്യാറലിനെതിരെ അപ്രതീക്ഷിത ജയം. 1 -1 സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ കളിയിൽ ഇഞ്ചുറി സമയത്തെ അവസാന നിമിഷങ്ങളിലാണ് ജയത്തിലേക്കുള്ള ഗോൾ നേടുന്നത്. കൃത്യമായ പാസ്സിനെ മികച്ച രീതിയിൽ ഫിനിഷ് ചെയ്ത റൊണാൾഡോ മാഞ്ചസ്റ്ററിനെ അനായാസമായി വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ചാമ്പ്യൻസ് ലീഗിൽ തൊണ്ണൂറാം മിനിറ്റിലോ അതിന് ശേഷമോ റൊണാൾഡോ നേടുന്ന പന്ത്രണ്ടാമത്തെ ഗോളാണിത്. ഈ ഗോളുകളിൽ രണ്ടാം സ്ഥാനത്തുള്ള മെസ്സി പോലും ആറ് ഗോളുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. സമ്മർദ സമയത്ത് പോലും ശ്രദ്ധയോടെ കളിക്കുന്ന റൊണാൾഡോയുടെ മികവിനെ ഈ കണക്ക് സൂചിപ്പിക്കുന്നു.

ഗോളുകൾ ഒന്നും പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം അമ്പത്തിമൂന്നാം മിനിറ്റിലാണ് വിയ്യാറൽ അവരുടെ ആദ്യ ഗോൾ നേടുന്നത്. എന്നാൽ അറുപതാം മിനിറ്റിൽ തന്നെ ടെല്ലസിലൂടെ മാഞ്ചസ്റ്റർ സമനില സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ തോൽവി നേരിട്ട മാഞ്ചസ്റ്ററിന് ഈ വിജയം അനിവാര്യമായിരുന്നു. റൊണാൾഡോ എന്ന തുറുപ്പ് ചീട്ടിനെ മുന്നിൽ നിർത്തി കളിക്കുന്ന മാഞ്ചസ്റ്ററിന് ഈ വിജയം ആവശ്യമായിരുന്നു.

ഇതോടെ ഗ്രൂപ്പ് എഫിൽ രണ്ടു കളികളിൽ നിന്ന് ഒരു വിജയവുമായി മാഞ്ചസ്റ്റർ മൂന്നാം സ്ഥാനത്താണ്. രണ്ടു കളികളിൽ നിന്ന് നാലു പോയിന്റുള്ള അറ്റ്ലാന്റായാണ് മുന്നിൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close