Breaking NewsNEWSTop News

മോഡലിം​ഗും ഇഷ്ടപ്പെട്ടിരുന്ന നഴ്സിം​ഗ് വിദ്യാർത്ഥിനി വീട്ടിൽ നിന്നിറങ്ങിയത് സുഹൃത്തിന്റെ ജന്മദിനാഘോഷം എന്ന് പറഞ്ഞ്; 21കാരി നൈറ്റ് ഡ്രൈവിന് പോയത് മദ്യലഹരിയിലായ സുഹൃത്തുക്കൾക്കൊപ്പം; ഒപ്പമുണ്ടായിരുന്ന ജിബിൻ ആശുപത്രിയിൽ പോകാതെ മുങ്ങിയതും ദുരൂഹം; മൻഫിയയുടെ മരണത്തിൽ ദുരൂഹതകളേറെ

കൊച്ചി: കഴിഞ്ഞ ദിവസം പുലർച്ചെ ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്സിം​ഗ് വിദ്യാർത്ഥിനി മൻഫിയ വീട്ടിൽ നിന്നിറങ്ങിയത് സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനെന്ന് പറഞ്ഞ്. തിങ്കളാഴ്ച്ച വൈകിട്ട് വീട്ടിൽ നിന്നും പോയ 21കാരി ചൊവ്വാഴ്ച്ച പുലർച്ചെ അപകടം നടക്കുന്നതിന് തൊട്ടുമുമ്പും വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. പുലർച്ചെ ഒന്നരയോടെ വീട്ടിലേക്ക് ഫോൺ ചെയ്ത മൻഫിയ രണ്ട് മണിയോടെ അപകടത്തിൽ പെടുകയായിരുന്നു. പുലർച്ചെ നാലുമണിക്കാണ് മൻഫിയയുടെ മരണ വാർത്ത വീട്ടുകാരറിഞ്ഞത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കളമശ്ശേരി പത്തടിപ്പാലത്തിനു സമീപമായിരുന്നു മൻഫിയയുടെ മരണത്തിനിടയായ അപകടം നടന്നത്. പാലക്കാട് സ്വദേശി കരിംപ്പെട്ട വീട്ടിൽ സൽമാനുൽ ഫാരിസ് (26), വരാപ്പുഴ സ്വദേശി പള്ളിയേക്കൽ വീട്ടിൽ ജിബിൻ ജോൺസൺ (28) എന്നിവർക്ക് പരിക്കേറ്റു. ഇതു വഴി പോയ ഒരു കാര്‍ യാത്രക്കാരന്‍ അപകടത്തില്‍ പെട്ട മന്‍ഫിയയെയും സല്‍മാനുലിനെയും ഇടപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മന്‍ഫിയ മരിച്ചിരുന്നു. കാറില്‍ മന്‍ഫിയയ്ക്കും സല്‍മാനുലിനും ഒപ്പമുണ്ടായിരുന്ന ജിബിന്‍ ആശുപത്രിയില്‍ പോയില്ല. മദ്യലഹരിയിലായിരുന്ന ഇയാള്‍ അപകട സ്ഥലത്തിന് സമീപം കിടന്നുറങ്ങിയ ശേഷം വരാപ്പുഴയിലെ വീട്ടിലേക്കു പോയെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.

നഴ്‌സിങ് വിദ്യാർത്ഥിയായ മൻഫിയ മോഡലിങ്ങും ചെയ്യുന്നുണ്ടായിരുന്നു. മോഡലിങ് രംഗത്ത് കടുതൽ വളരണമെന്ന് അവൾ അഗ്രഹിച്ചിരുന്നു. അമിത വേഗത്തിൽ പാഞ്ഞ കാർ മെട്രോ പില്ലറിലിടിച്ചായിരുന്നു മ്ൻഫിയയുടെ മരണം. ജിബിനും സുഹൃത്തായ മൻഫിയയും കൂടി മൻഫിയയുടെ വീട്ടിൽനിന്ന് ബൈക്കിൽ സൽമാനുൽ വാടകയ്ക്ക് താമസിക്കുന്ന കളമശ്ശേരി എച്ച്.എം ടി. കവലയ്ക്ക് സമീപത്തെ ഫ്ളാറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മൂവരും ഭക്ഷണം കഴിച്ച ശേഷം നൈറ്റ് ഡ്രൈവിന് ഇറങ്ങി. കാറിൽ പാലാരിവട്ടം വരെ പോയി മടങ്ങുമ്പോൾ നിയന്ത്രണം വിട്ട കാർ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കും ഇടയിൽ മെട്രോ തൂണിൽ ഇടിച്ചു കയറുകയായിരുന്നു. സൽമാനുലാണ് കാർ ഓടിച്ചിരുന്നത്. മുൻ സീറ്റിലായിരുന്നു മൻഫിയ. യുവതിക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളും മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. കാറോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെ പിന്നീട് അറസ്റ്റ് ചെയ്തു.

അപകടത്തിൽ പരിക്കേറ്റ ജിബിൻ മുങ്ങിയതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. പരിക്കേറ്റ ജിബിൻ ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിലേക്ക് പോയത് അസ്വാഭാവികമാണ്. അതിനാൽത്തന്നെ ജിബിൻ പറയുന്ന മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നവംബർ ഒന്നിന് പുലർച്ചെ ദേശീയപാതയിൽ കാർ മീഡിയനിലിടിച്ചുണ്ടായ അപകടത്തിൽ മുൻ മിസ് കേരള ജേതാക്കളടക്കം മൂന്നുപേരാണ് മരിച്ചത്. ഈ അപകടം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഇതിൽ അന്വേഷണം പൂർത്തിയാകും മുമ്പാണ് മറ്റൊരു അപകട മരണം നഗര മധ്യത്തിലുണ്ടാകുന്നത്. മാതാവ്: നബീസ. സഹോദരൻ: മൻഷാദ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം പേങ്ങാട്ടുശേരി ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close