INDIANEWSTECH

ഭ്രമണപഥത്തിൽ 7 വർഷം പിന്നിട്ട് മംഗൾയാൻ; ചൊവ്വയിലെ ഓരോ മാറ്റങ്ങളെയും ഒപ്പിയെടുത്ത ഇന്ത്യൻ പേടകം

ഇന്ത്യയുടെ മാർസ് ഓർബിറ്റർ ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തിൽ ഏഴ് വർഷം പൂർത്തിയാക്കി. 6 മാസത്തെ ചൊവ്വ പര്യവേഷണത്തിനായി അയച്ച പേടകം ഇപ്പോൾ 7 വർഷം പിന്നിട്ടിരിക്കുകയാണ്. മാർസ് ഓർബിറ്റർ മിഷൻ (MOM) മംഗൾയാൻ എന്നും അറിയപ്പെടുന്നു. ഐഎസ്ആർഒയുടെ ആദ്യ ഗ്രഹദൗത്യമാണ് മംഗൾയാൻ. 2013 നവംബർ 5 ന് വിക്ഷേപിച്ച പേടകം 2014 സെപ്റ്റംബർ 24 ന് ആദ്യ ശ്രമത്തിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി എത്തി.

മംഗൾയാൻ പ്രാഥമികമായി ഒരു സാങ്കേതിക പ്രദർശന സംരംഭമാണ്. ഇതിന്റെ എല്ലാ ദൗത്യ ലക്ഷ്യങ്ങളും വിജയകരമായി പൂർത്തിയായതായി ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഏജൻസി ഉദ്യോഗസ്ഥർ പറയുന്നു. ചെറിയ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഒരു വർഷം കൂടി മംഗൾയാൻ ഭ്രമണം തുടരുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്. ചൊവ്വയിലെ ജലസാന്നിധ്യം, അണുവികീരണങ്ങൾ, അന്തരീക്ഷഘടന എന്നിവയുടെ പഠനത്തിന്റെ ഭാഗമായാണ് മംഗൾയാൻ വിക്ഷേപിക്കുന്നത്. 3 ചൊവ്വ വർഷങ്ങൾ പേടകം നിലവിൽ പിന്നിട്ടു. ഓരോ സമയത്തും ചൊവ്വയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ മംഗൾയാൻ പേടകം കൃത്യമായി ഒപ്പിയെടുത്തു.

പേടകം വഴി പഠിച്ച പാഠങ്ങൾ ഭാവിയിലെ ഗ്രഹദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം ഉയർത്തി. ബഹിരാകാശ പേടകവും അതിന്റെ അഞ്ച് ശാസ്ത്രീയ ഉപകരണങ്ങളും ഐഎസ്ആർഒ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും എംഒഎം ബഹിരാകാശ പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റയുടെ ശാസ്ത്രീയ വിശകലനം പുരോഗമിക്കുകയാണെന്നും അധികൃതർ പറയുന്നു. ചൊവ്വയ്ക്ക് ചുറ്റും ഒരു ബഹിരാകാശ പേടകം ഇത്രയും കാലം പ്രവർത്തിക്കാൻ കഴിയുമെന്ന് ഇന്ത്യയ്ക്ക് സ്ഥാപിക്കാൻ കഴിഞ്ഞത് വളരെ സംതൃപ്തി നൽകുന്ന നിമിഷമാണെന്നും അവർ പറയുന്നു.

ചൊവ്വയുടെ അന്തരീക്ഷത്തിൽ കാലാനുസൃതമായി ഉണ്ടായ മാറ്റങ്ങളെ പേടകം ഒപ്പിയെടുത്തു. മംഗൾയാൻ ഒപ്പിയെടുത്ത നിരവധി ചിത്രങ്ങളും വസ്തുതകളും ഉപയോഗിച്ച് ചൊവ്വയുടെ അറ്റ്ലസ് തയ്യാറാക്കുകയാണ് ഐഎസ്ആർഒ ഇപ്പോൾ. മംഗൾയാന്റെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തിയും സന്തോഷവുമാണെന്ന് ടീമിനെ നയിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓറനൈസേഷന്റെ (ISRO) ചെയർമാനായിരുന്ന കെ രാധാകൃഷ്ണൻ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close