
റാസല്‍ഖൈമ: ചെറിയ ഇടവേളക്കുശേഷം റാസല്‍ഖൈമയില്‍ മറ്റൊരു മലയാള ചലച്ചിത്രം നിർമ്മിക്കുകായാണ് ഒരു ‘പ്രേത ഭവന’മാണ് ചിത്രത്തിന്റെ പശ്ചാത്തലം.പ്രിയ നടി മഞ്ജുവാര്യര്‍ കേന്ദ്ര കഥാ പാത്രമായി വേഷമിടുന്ന ‘ആയിശ’യുടെ ചിത്രീകരണത്തിനാണ് റാസല്‍ഖൈമ വേദിയാകുന്നത്. ഇന്തോ-അറബ് സംസ്കാരവും നാടകീയ കുടുംബ മുഹൂര്‍ത്തങ്ങളും ഇഴചേര്‍ത്തൊരുക്കുന്ന ചിത്രമാണിത്. ഒരേസമയം മലയാളത്തിലും അറബിയിലും ചിത്രീകരിക്കുന്ന പ്രഥമ ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റാസല്‍ഖൈമയില്‍ ഏറക്കാലം അഭ്യൂഹ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞുനിന്ന ‘നിഗൂഢ ഭവന’വും ചിത്രത്തിന്റെ ഭാഗമാവുകയാണ്. ഇവിടെയാണ് ചിത്രീകരണം നടക്കുന്നത്.
‘ആ വലിയ വീട്ടില്‍ പ്രവേശിക്കരുത്, കയറിയാല്‍ പ്രേതബാധയേല്ക്കും, അവിടെ ജിന്നുകളുടെ വിളയാട്ടമാണ്’ തുടങ്ങിയവയെല്ലാം ഈ ഭവനത്തെകുറിച്ച് കേട്ടിരുന്നു. റാക് നോര്‍ത്ത് ദൈത്ത് കുന്നിൻ മുകളിലെ നാല് നില ഭവനത്തെക്കുറിച്ച് തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെ വിദേശികള്‍ക്കിടയിലും ഇത്തരം കിംവദന്തികൾ പങ്കുവെക്കപ്പെട്ടിരുന്നു. നാല് വര്‍ഷം മുമ്പ് താരീഖ് അല്‍ ശര്‍ഹാന്‍ അല്‍ നുഐമി വിലയ്ക്ക് വാങ്ങിയ ഭവനത്തിന് ‘അല്‍ ഖസ്ര് ആല് ഗാമിദ്’ എന്ന നാമകരണം ചെയ്തു.
25,000ത്തോളം ചതുരശ്ര വിസ്തൃതിയില്‍ 39ഓളം മുറികളുള്‍ക്കൊള്ളുന്ന പാര്‍പ്പിടം 1985ല്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ ഖാസിമിയുടെ മുന്‍കൈയിലാണ് നിര്‍മാണം തുടങ്ങിയത്. ഇന്ത്യന്‍-മൊറോകോ-ഇറാന് വാസ്തു വിദ്യയുടെ മനോഹാരിതയാണ് ’90ല്‍ നിര്‍മാണം പൂര്‍ത്തിയായ ഭവനത്തിന്റെ മുഖ്യ ആകര്‍ഷണം.
മലയടിവാരങ്ങളില്‍ അടുക്കിവെച്ച കല്ലുകളില്‍ തീര്‍ത്ത കൂരകളിലെ വാസം അവസാനിപ്പിച്ച് നഗരത്തില്‍ താമസം തുടങ്ങിയ തദ്ദേശീയര്‍ കൊട്ടാരസമാനമായ വീടുനിര്‍മാണത്തെ അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ചുമരുകളിലും മച്ചുകളിലും ലോകോത്തര ചിത്രപ്പണികളും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും സ്ഥാനം പിടിച്ചതാണ് വീടിനെക്കുറിച്ച് പ്രേത വര്‍ത്തമാനങ്ങള്‍ക്ക് വഴിവെച്ചത്.
കൊച്ചുകുട്ടികളുടെ മുഖം ജാലകങ്ങളിലൂടെ കാണുന്നതും ചില സമയങ്ങളില്‍ ആളുകളെ വിളിക്കുന്നതുമായ അഭ്യൂഹങ്ങളാണ് നാട്ടില്‍ പരന്നത്. തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെ വിദേശികളും ഈ കിംവദന്തികള്‍ പ്രചരിപ്പിച്ചതോടെ മൂന്ന് പതിറ്റാണ്ട് കാലം നിഗൂഢതയില്‍ കഴിഞ്ഞ ഈ പാര്‍പ്പിടം നിലവില്‍ സന്ദര്‍കര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..