NEWSTrendingWORLD

പടിഞ്ഞാറാൻ ആഫ്രിക്കയിൽ ഭീതി പടർത്തി എബോള വൈറസിന് സമാനമായ മാർബർഗ്ഗ് വൈറസ്; രോഗബാധിതരിൽ മരണനിരക്ക് 88 ശതമാനം വരെയെന്ന് റിപ്പോർട്ടുകൾ

ജനീവ : എബോള വൈറസിന് സമാനമായ മാർബർഗ്ഗ് വൈറസ് റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് പടിഞ്ഞാറാൻ ആഫ്രിക്കയിൽ ഭീതി പടരുന്നു. ആഫ്രിക്കൻ രാജ്യമായ ഗിനിയയിലാണ് മാർബർഗ്ഗ് വൈറസ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ് മാർബർഗ്ഗ് വൈറസ്. വവ്വാലിൽ നിന്ന് പകരുന്ന ഇവ പിടിക്കപ്പെടുന്നവരിൽ 88 ശതമാനം പേർക്ക് വരെ മരണം സംഭവിക്കാൻ സാധ്യതയുണ്ട്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ശ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്ക് ഈ രോഗം പകരും. ജർമ്മനിയിലെ മാർബർഗ്ഗ് പട്ടണത്തിൽ ആദ്യം കണ്ടെത്തിയതിനാലാണ് വയറസിന് ഈ പേര് ലഭിച്ചത്.

ആഗസ്റ്റ് രണ്ടിന് ഗ്വക്കെഡോയിൽ മരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച സാംപിൾ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ എബോള നെഗറ്റീവ് ആയെങ്കിലും മാർബർഗ്ഗ് പോസിറ്റീവ് ആവുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കൾ നിരീക്ഷണത്തിലാണ്.

വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒൻപത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. മലമ്പനി , മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് മാർബർഗ്ഗ് രോഗബാധയ്ക്കും ഉണ്ടാകുന്നത്. അതിനാൽ ഇവയെ പ്രാഥമിക അവസ്ഥയിൽ കണ്ടെത്താനാകുന്നില്ല. 24 മുതൽ 88 ശതമാനം വരെയാണ് മുമ്പ് രോഗബാധയുണ്ടായ ഇടങ്ങളിലെ മരണനിരക്ക്.

ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ നേരത്തെ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇതാദ്യമായാണ് രോഗം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അംഗീകൃത വാക്സിനുകളോ ആൻറിവൈറൽ ചികിത്സകളോ ഇല്ലെങ്കിലും പ്രത്യേക ലക്ഷണങ്ങളുടെ ചികിത്സകൾ രോഗികൾക്ക് നൽകി വരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close