INSIGHT

മാര്‍ക്ക് ജിഹാദ് ! ആര്‍ക്ക് ജിഹാദ് ! നമുക്കൊരു ഗവേഷണ ജിഹാദായാലോ ?

കുറച്ച് കാലായിട്ട് കേട്ടോണ്ടിരിക്കണ വാക്കാണ് ഈ ജിഹാദ് ജിഹാദ് എന്ന് പറയണത്. സത്യത്തിൽ എന്തുട്ടാ ഈ ജിഹാദ് എന്ന് പറഞ്ഞ? ഇത് എത്ര തരണ്ട് ? ഏതൊക്കെ ? എനിക്ക് തോന്നണത് ഇനി വരണ കാലത്ത് ഭാവിതലമുറകൾക്ക് പഠിക്കാനും ഗവേഷണം നടത്താനും വേണ്ടി വന്നാ പഠനേതര പ്രവർത്തനത്തിനുമൊക്കെ വമ്പിച്ച സാദ്ധ്യതകൾ തുറന്നിടുന്നൊരു വിഷയമായി മാറുകയാണ് ജിഹാദ്. നാളെ ബാച്ചിലർ ഓഫ് ജിഹാദും ഉം മാസ്റ്റേഴ്സ് ഓഫ് ജിഹാദും പഠന വിഷയമായി വരില്ലെന്ന് ആർക്കറിയാം ?

എന്താണ് ജിഹാദ് എന്ന് വെറുതെ ഒന്ന് അന്വേഷിച്ച് പോയപ്പോ ഓക്‌സ്‌ഫോർഡ്, കേംബ്രിഡ്ജ്, ചേംബേഴ്‌സ് തുടങ്ങിയ നിഘണ്ടുകളിൽ കണ്ട് പിടിച്ചത് വിശുദ്ധ യുദ്ധം എന്നൊക്കെ.. പക്ഷേ ഈ അർത്ഥം ഒന്നും പോരാതെ വരികയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവ്രവാദികൾക്ക് മാത്രമായി ചാർത്തപ്പെട്ട ജിഹാദ് പട്ടം ഇന്ന് കേരളത്തിൽ സർവസാധാരണമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചേറെയായി.

ഇത്രേം കാലം ലവ് ജിഹാദായിരുന്നു ചർച്ചയെങ്കിൽ, അടുത്തിടെ കേരളം പുതിയൊരു ജിഹാദിനും സ്ഥാനം കൊടുത്തു. നാർക്കോട്ടിക് ജിഹാദ്. ഇത്തവണ ഭാഷയ്ക്കും സംസ്‌കാരത്തിനും ഈ സംഭാവന നൽകിയത് ഒരു വൈദികനായിരുന്നെന്നു മാത്രം. കേരളരാഷ്ട്രീയത്തിൽ നാർക്കോട്ടിക് ജിഹാദുണ്ടാക്കിയ ഭൂകമ്പം കെട്ടടങ്ങും മുൻപാണ് ഡൽഹി സർവകലാശാലയിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ പുതിയൊരു ജിഹാദ് കൂടി കണ്ടെത്തിയത്. മാർക്‌സ് ജിഹാദ്.

കേരളത്തിലെ സ്‌കൂളുകളിൽ കുത്തിയിരുന്നു പഠിച്ച് മുഴുവൻ മാർക്കും വാങ്ങി ഉന്നത പഠനത്തിന് ദില്ലിയിലേക്ക് ഇമ്മിണി വല്യേ പ്രതീക്ഷകളോടെ വണ്ടികയറുന്ന വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈയടക്കുകയെന്ന, വിചിത്രമായ ജിഹാദനുഷ്ഠിക്കുകയാണെന്നാണ് ഗഡീടെ കണ്ടുപിടുത്തം.

കേരളത്തിലെ കുട്ടികളുടെ പഠന നിലവാരവും പല വിദ്യാലയങ്ങളിലെയും നൂറു ശതമാനം മാർക്കുമായി ബന്ധമുണ്ടോയെന്നത് മറ്റൊരു ചർച്ച. പഠന നിലവാരത്തെ എതിർത്തോളൂ. പക്ഷെ എന്തിനും ഏതിനും മതത്തെയും വിശ്വാസങ്ങളെയും കോർത്തിണക്കി കേരളവിരുദ്ധത പടർത്തുന്ന ഈ നടപടിക്കെതിരെ പല ഇടതുപക്ഷ നേതാക്കളും ഇതിനെതിരെ രംഗത്ത് വന്നു.

വമ്പിച്ച തമ്മിലടിയും പോരുകളും തൊഴുത്തിൽകുത്തും കാലുവാരലും നടക്കുന്നതിനിടെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് ഇത്തരം നിസ്സാരമായ ചർച്ചകൾക്ക് പാഴാക്കാൻ തീരെ സമയമില്ല. ദോഷം പറയരുതല്ലോ. ഒരു പ്രസ്ഥാനം തന്നെയായ ശശി തരൂർ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട് പുതിയ ജിഹാദ് വാദത്തെ.

കോൺഗ്രസിൽ തമ്മിലടി , കാഴ്ചക്കാരായി വെറുതെ ഇരിക്കുന്ന ബിജെപി , സിപിഎമ്മിൽ ആകട്ടെ സമ്മേളന കാലവും… അടുത്ത ജിഹാദ് വിവാദത്തിനായി നമ്മുക്ക് കാത്തിരിക്കാം ..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close