INDIANEWS

വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതിയുമായി രാജസ്ഥാന്‍; ശൈശവ വിവാഹം അനുവദിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം


ജയ്‌പൂര്‍: രാജസ്ഥാന്‍ 2009ലെ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തി. ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.

പുതിയ ഭേദഗതി പ്രകാരം മാതാപിതാക്കളോ രക്ഷാകര്‍ത്തക്കളോ ശൈശവ വിവാഹങ്ങള്‍ മുപ്പത്‌ ദിവസത്തിനകം രജിസ്റ്റര്‍ ചെയ്‌തിരിക്കണം. പുതിയ ഭേദഗതിയിലൂടെ ശൈശവ വിവാഹം അനുവദിക്കുന്നുവെന്ന്‌ ബിജെപി എംഎല്‍എ അശോക്‌ ലഹോട്ടി ചൂണ്ടിക്കാട്ടി. ശബ്ദവോട്ടോടെയാണ്‌ നിയമസഭ പുതിയ ഭേദഗതി പാസാക്കിയത്‌.

എന്നാല്‍ ശൈശവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നതിലൂടെ അതിനെ നിയമസാധുത നല്‍കുകയല്ല തങ്ങള്‍ ചെയ്യുന്നത്‌എന്നാണ്‌ പാര്‍ലമെന്ററികാര്യമന്ത്രി ശാന്തി കുമാര്‍ ധരിവാളിന്റെ വിശദീകരണം. ഇത്തരത്തില്‍ ശൈശവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ രജിസ്‌ട്രേഷന്‌ ശേഷവും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാത്തരം വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്‌തിരിക്കണമെന്ന്‌ 2006ല്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീമാ -അശ്വിനികുമാര്‍ കേസിലാണ്‌ കോടതി ഇത്തരത്തില്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ബാല വിവാഹം നടന്നാല്‍ അവര്‍ക്ക്‌ പ്രായപൂര്‍ത്തിയാകുമ്പോള്‍ അത്‌ വേണമോ വേണ്ടെന്നോ തീരുമാനിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ശൈശവ വിവാഹങ്ങളില്‍ ജില്ലാ കളക്ടര്‍ക്ക്‌ നടപടികളെടുക്കാനാകുമന്നെും ധരിവാള്‍ വ്യക്തമാക്കി.

പുതിയ ഭേദഗതി കേന്ദ്രനിയമത്തിന്‌ എതിരല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നാണ്‌ സുപ്രീം കോടതി ഉത്തരവ്‌. അതുകൊണ്ടാണ്‌ ശൈശവ വിവാഹങ്ങളും തങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന്‌ മന്ത്രി പറഞ്ഞു.

മുപ്പത്‌ ദിവസമായി താമസിക്കുന്ന പരിസരത്തെ രജിസ്‌ട്രേഷന്‍ ഓഫീസറെ ദമ്പതിമാര്‍ക്ക്‌ രജിസ്‌ട്രേഷനായി സമീപിക്കാനും പുതിയ ഭേദഗതിയിലൂടെ സാധിക്കും.

ശൈശവ വിവാഹം നിരോധിച്ചിട്ടുള്ള ഒരു രാജ്യത്ത്‌ ഇത്‌ രജിസ്‌റ്റര്‍ ചെയ്യണമെന്നനിയമം എങ്ങനെയുണ്ടാകുന്നു എന്നത്‌ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന്‌ ബിജെപി നേതാവ്‌ രാം ലാല്‍ ശര്‍മ പറഞ്ഞു. വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്‌ വേണ്ടിയാണ്‌ കോണ്‍ഗ്രസ്‌ ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൈശവ വിവാഹത്തിനെതിരെ രാജ്യത്ത്‌ നിലനില്‍ക്കുന്ന നിയമത്തെ ചോദ്യം ചെയ്യുന്നതാണ്‌ പുതിയനിയമമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഗുലാബ്‌ ചന്ദ്‌ കട്ടാരിയ ചൂണ്ടിക്കാട്ടി. ഈ നിയമംപൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിയമം പാസാക്കിയ സമാജികര്‍ ബില്ലിലെ സെക്ഷന്‍ എട്ട്‌ കണ്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഈ നിയമം പാസാക്കിയിരിക്കുന്നത്‌ രാജസ്ഥാനിലാണ്‌ എന്നത്‌ തന്നെ അമ്പരപ്പിച്ചുവെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ രാജേന്ദ്ര റാത്തോഡ്‌ പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close