Breaking NewsKERALANEWSTrending

എൻ കെ പ്രേമചന്ദ്രൻ എംപി പാർട്ടിയെ ഹൈജാക്ക്‌ ചെയ്‌തെന്ന് പ്രവർത്തകർ; ആർഎസ്‌പി കാസർകോട്‌ ജില്ലാ കമ്മിറ്റിയിൽ കൂട്ടരാജി; രണ്ട് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു

കാസർകോട്: ആർഎസ്‌പി കാസർകോട്‌ ജില്ലാ കമ്മിറ്റിയിൽ നിന്ന്‌ കൂട്ടരാജി. 21 അംഗ ജില്ലാ കമ്മിറ്റിയിൽ നിന്ന്‌ നാല്‌ സെക്രട്ടറിയറ്റ്‌ അംഗങ്ങളടക്കം 11 നേതാക്കൾ പാർടി വിട്ടതായി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാസർകോട്‌, തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റികളും പിരിച്ചുവിട്ടു. ചവറ നിയമസഭാ മണ്ഡലത്തിൽ ഷിബു ബേബിജോണിനെ പരാജയപ്പെടുത്തിയ പാർടി പ്രവർത്തകർക്കെതിരെ നടപടി എടുക്കാൻ പോലും നേതൃത്വത്തിന്‌ കെൽപില്ലെന്നും പാർട്ടി വിട്ട പ്രവർത്തകർ ആരോപിച്ചു. കഴിഞ്ഞ ആറ്‌ മാസമായി പാർട്ടി നിർജീവമാണെന്നും പ്രവർത്തകർ ആരോപിക്കുന്നു.

എൻ കെ പ്രേമചന്ദ്രൻ എംപി പാർട്ടിയെ ഹൈജാക്ക്‌ ചെയ്‌തിരിക്കുകയാണ്‌. ഷിബു ബേബിജോൺ നിഷ്‌ക്രിയമായി. ആർഎസ്‌പിയുടെ നിലനിൽപ്‌ പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്‌ പാർട്ടി വിടുന്നതെന്നും നേതാക്കൾ പറഞ്ഞു.

ആർഎസ്‌പി ജില്ല അസി. സെക്രട്ടറിയും ആർവൈഎഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റുമായ കരീം ചന്തേര, ബെന്നി നാഗമറ്റം, എ വി അശോകൻ, ഉബൈദുള്ള കടവത്ത്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഭാഷ്‌ ചീമേനി, ടി കെ മുസ്‌തഫ, സീനത്ത്‌ സതീശൻ, മുഹമ്മദലി കൊളവയൽ, ടി കെ കുഞ്ഞഹമ്മദ്‌, ഒ ടി ലത്തീഫ്‌, മോഹനൻ ചുണ്ടംകുളം എന്നിവരാണ്‌ രാജി പ്രഖ്യാപനവുമായി വാർത്തസമ്മേളനം നടത്തിയത്‌. സീനത്ത്‌ സതീശൻ ഐക്യ മഹിളാ സംഘം ജില്ലാ പ്രസിഡന്റാണ്‌. കൂടുതൽ പേർ ആർഎസ്‌പി വിടുമെന്നും ഭാവി പരിപാടികൾ പിന്നീട്‌ തീരുമാനിക്കുമെന്നും അറിയിച്ചു.

തുടർച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംപൂജ്യരാകാനായിരുന്നു ആർസ്പിയുടെ വിധി. ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങളിലാണ്‌ ആർഎസ്‌പി മത്സരിച്ചത്‌. കൊല്ലം ലോക്‌സഭാ സീറ്റിന്‌ അവകാശവാദം ഉന്നയിച്ച്‌ 2014ൽ ആണ്‌ ആർഎസ്‌പി എൽഡിഎഫ്‌ വിട്ടത്‌. തുടർന്ന്‌ കൊല്ലത്ത്‌ ഒറ്റയ്‌ക്കു മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന്‌ യുഡിഎഫ്‌ പക്ഷത്തായിരുന്ന ഷിബു ബേബിജോൺ ആർഎസ്‌പിയെ യുഡിഎഫിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു‌. ഇതിനിടെ കോവൂർ കുഞ്ഞുമോൻ രാജിവച്ച്‌ ആർഎസ്‌പി (എൽ) രൂപീകരിച്ച്‌ എൽഡിഎഫിനൊപ്പം നിന്നു. പിന്നീട്‌ ആർഎസ്‌പിയും ആർഎസ്‌പി ബിയും ലയിച്ചതോടെ പാർടി ഷിബു ബേബിജോണിന്റെയും എൻ കെ പ്രേമചന്ദ്രന്റെയും കൈപ്പിടിയിലായി. എ എ അസീസിനെ മത്സരരംഗത്തുനിന്ന്‌ മാറ്റിനിർത്തുന്നതിൽ വരെ കാര്യങ്ങളെത്തി.

ഇരവിപുരം സീറ്റ് സംസ്ഥാന സെക്രട്ടറി കൂടിയായ എ എ അസീസിൻറെ സീറ്റാണ്. എന്നാൽ ഇത്തവണ അസീസിനെ ഒഴിവാക്കി ബാബുദിവാകരനെ മത്സരിപ്പിച്ചു. ദയനീയ പരാജയമായിരുന്നു ഇക്കുറിയും ഇരവിപുരത്ത് ആർഎസ്പി സ്ഥാനാർത്ഥി ഏറ്റുവാങ്ങിയത്. ആർഎസ്‌പിക്കു നൽകിയ ആറ്റിങ്ങലും കയ്‌പമംഗലവും വിജയസാധ്യതയില്ലാത്ത സീറ്റുകളാണെന്നും മാറ്റിനൽകണമെന്നുമുള്ള ആവശ്യത്തെ തുടർന്ന്‌ പകരം നൽകിയത്‌ മട്ടന്നൂരായിരുന്നു. ഷിബു ബേബിജോൺ ചവറയിൽ തുടർച്ചയായി രണ്ടാംവട്ടവും തോറ്റത്‌ കനത്ത തിരിച്ചടിയായി.പാർട്ടി മത്സരിച്ചമണ്ഡലങ്ങളിൽ കോൺഗ്രസിൽ നിന്ന്കാര്യമായ പിന്തുണ ഉണ്ടായില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

പാളയത്തിൽ പട കാരണം ആണ് ആർ എസ് പിക്ക് എൽഡിഎഫിൽ കൊല്ലം സീറ്റ് നഷ്ടമായത്. തുടർന്ന് രാജ്യസഭയിലേക്ക് ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രനെ ഇടതുമുന്നണി അയച്ചു. തുടർന്ന് വി എസ് അച്യുതാനന്ദൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന പ്രേമചന്ദ്രന് വീണ്ടും എംഎൽഎ ആകാൻ കഴിഞ്ഞില്ല. അധികാര പദവികളിൽ ഇല്ലാതെ അഞ്ചു കൊല്ലം നിൽക്കേണ്ടി വരുന്നതിന്റെ അസാസ്ഥ്യം താങ്ങാനാകാതെയാണ് എംപി സ്ഥാനത്തിനുവേണ്ടി യുഡിഎഫിലേക്ക് ചാടിയതെന്ന് ഇപ്പോൾ ആർഎസ്പി കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. കേരളത്തിൽ ആർ എസ് പി യുടെ പ്രവർത്തനം ഇങ്ങനെയാണു പോകുന്നതെങ്കിൽ പാർട്ടിയിൽ നിൽക്കുവാൻ തങ്ങളില്ലെന്ന നിലപാടിലാണ് കൊല്ലം അടക്കമുള്ള ജില്ലയിലെ നേതാക്കളും അണികളും, എൽഡിഎഫിനൊപ്പം നിൽക്കുമ്പോൾ പാർട്ടി പ്രവർത്തകർക്ക് വിലയ അംഗീകാരമാണ് കിട്ടിയിരുന്നത്. എന്നാൽ ഇന്നും തികച്ചും വ്യത്യസ്തമാണ്. കേവലം ഒരു വ്യക്തിക്ക് മാത്രംഎംപി സ്ഥാനം മതിയോയെന്ന ചോദ്യം അണികൾ ചോദിച്ചു തുടങ്ങി.

പാർട്ടി സംഘടന നാൾക്കുനാൾ ദുർബലമാകുന്നു എന്നതാണ് താഴേ തട്ടിലുള്ള നേതാക്കളെയും അണികളെയും അസ്വസ്ഥരാക്കുന്നത്. സംസ്ഥാന നേതൃത്വത്തിൽ ഷിബു ബേബിജോൺ അല്ലാതെ പ്രവർത്തകരുടെ മനസ്സറിഞ്ഞ് ഒപ്പം നിൽക്കുന്ന മറ്റൊരു നേതാവില്ല. കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് ജയിച്ച പ്രേമചന്ദ്രന് സ്വന്തം പ്രതിച്ഛായ മാത്രമാണ് വലുത്. മറ്റ് നേതാക്കളുടെ കാര്യവും വിഭിന്നമല്ല. ഇങ്ങനെ എത്രനാൾ തുടരാനാകും എന്നതാണ് ആർഎസ്പി അണികൾ നേതൃത്വത്തോട് ഉയർത്തുന്ന ചോദ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close